കനത്ത മഴ: കോഴിക്കോട് ഒക്ടോബര്‍ ആറ് വരെ യെല്ലോ അലര്‍ട്ട്, കണ്‍ട്രോള്‍ റൂം തുറന്നു
താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. പലയിടങ്ങളിലും മണ്ണിടിച്ചിലുണ്ടായി.
കോഴിക്കോട് കാസർകോട് ജില്ലകളിൽ കനത്ത മഴ. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. പലയിടങ്ങളിലും മണ്ണിടിച്ചിലുണ്ടായി. കാസർകോട് മരുതോം മലയോര ഹൈവേയ്ക്ക് സമീപം വനത്തിൽ നേരിയ ഉരുൾപൊട്ടലുണ്ടായി.
ഇന്നലെ വൈകീട്ട് തുടങ്ങിയ മഴ രാത്രിയിലും തുടര്‍ന്നതോടെയാണ് പലയിടങ്ങളിലും വെള്ളം കയറിയത്. കൊളക്കാടൻ മലയിലാണ് മണ്ണിടിച്ചിലുണ്ടായത്. കാരശ്ശേരി ഊരാളിക്കുന്നുമലയിലും തോട്ടയ്ക്കാട് മലയിലും മലവെള്ളപ്പാച്ചിലുണ്ടായി. കടകളില്‍ വെള്ളം കയറിയതോടെ പലരും കടകളില്‍ നിന്ന് സാധനങ്ങള്‍ മാറ്റി.
ഒക്ടോബർ 6 വരെ കോഴിക്കോട് ജില്ലയിൽ യെല്ലോ അലർട്ട്
കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ ഒക്ടോബർ 2, 3, 4, 5, 6 തിയ്യതികളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തീര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ ഡോ. എൻ.തേജ് ലോഹിത് റെഡ്‌ഡി അറിയിച്ചു.
തീരപ്രദേശങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ ആവശ്യമായ ഘട്ടത്തിൽ ബന്ധുവീടുകളിലേക്കോ മറ്റു ഉയർന്ന പ്രദേശങ്ങളിലേക്കോ മാറി താമസിക്കാൻ തയാറാകണം. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം പൊങ്ങാൻ സാധ്യതയുള്ളതിനാൽ ഇവിടങ്ങളിൽ താമസിക്കുന്നവരും നേരത്തെ ഉരുൾപൊട്ടൽ ഉണ്ടായതും സാധ്യത ഉള്ളതുമായ പ്രദേശങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണം.
അടച്ചുറപ്പില്ലാത്തതും മേൽക്കൂര ശക്തമല്ലാത്തതുമായ വീടുകളിൽ താമസിക്കുന്നവരും മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ മാറി താമസിക്കാൻ തയാറാകണം. ആവശ്യമുള്ളവരെ മാറ്റി താമസിപ്പിക്കാൻ ജില്ലാഭരണകൂടവും നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സ്വകാര്യ, പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ, പോസ്റ്റുകൾ, ബോർഡുകൾ, തുടങ്ങിയവ സുരക്ഷിതമാക്കണം. ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറേണ്ട ഘട്ടമുണ്ടായാൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും കലക്ടർ അറിയിച്ചു.
കൺട്രോൾ റൂമുകൾ തുറന്നു
ജില്ലയിൽ താലൂക്കുകളിൽ കൺട്രോൾ റൂമുകൾ തുറന്നു. വിവരങ്ങൾക്ക് കോഴിക്കോട് -0495 2372966, കൊയിലാണ്ടി- 0496 2620235, വടകര- 0496 2522361, താമരശ്ശേരി- 0496 2223088, ജില്ലാ ദുരന്ത നിവാരണ കൺട്രോൾ റൂം- 0495 2371002. ടോൾഫ്രീ നമ്പർ - 1077.
Adjust Story Font
16