Quantcast

മഴക്കെടുതി രൂക്ഷം; പാലക്കാട് സ്‌കൂൾ ബസ് തോട്ടിലേക്ക് മറിഞ്ഞു, കോട്ടയത്ത് കർഷകൻ മുങ്ങിമരിച്ചു

കണ്ണൂരിലും കാസർകോടും വയനാട്ടിലും പാലക്കാടും വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ അവധി

MediaOne Logo

Web Desk

  • Published:

    18 July 2024 1:23 PM GMT

Heavy rain lashes in kerala
X

കോഴിക്കോട്: കനത്ത മഴയിൽ സംസ്ഥാനത്ത് മിക്കയിടങ്ങളിലും മഴക്കെടുതി രൂക്ഷം. കോട്ടയത്ത് താറാവു കർഷകൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു. പാലക്കാട് സ്‌കൂൾ ബസ് തോട്ടിലേക്ക് മറിഞ്ഞും അപകടമുണ്ടായി.

കോട്ടയം മാളിയേക്കടവിലാണ് താറാവുകർഷകൻ സദാനന്ദൻ (65) മുങ്ങിമരിച്ചത്. പാടശേഖരത്തിലൂടെ താറാവുകളെ കൊണ്ടുപോകുമ്പോഴായിരുന്നു അപകടം. ശാരീരികാസ്വസ്ഥകളുണ്ടായി വെള്ളക്കെട്ടിൽ വീണതാവാമെന്നാണ് സംശയം.

പാലക്കാട് ആലത്തൂരിലാണ് സ്‌കൂൾ ബസ് തോട്ടിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. ആലത്തൂർ എഎസ്എംഎം ഹയർ സെക്കൻഡി സ്‌കൂൾ ബസ് വൈകിട്ട് കുട്ടികളെയുമായി വീടുകളിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ആറാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകളിലെ കുട്ടികളായിരുന്നു ബസിൽ. ബസ് തോട്ടിലേക്ക് മറിഞ്ഞയുടൻ നാട്ടുകാരോടിയെത്തി രക്ഷാപ്രവർത്തനം തുടങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. ബസിൽ ഇരുപത്തിരണ്ട് വിദ്യാർഥികൾ ഉണ്ടായിരുന്നതായാണ് വിവരം. ഇവരുടെ പരിക്കുകൾ സാരമുള്ളതല്ല.

മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമാണ് മഴ കനത്ത നാശം വിതച്ചിരിക്കുന്നത്. മഴ അതിതീവ്രമായി തുടരുന്ന സാഹചര്യത്തിൽ കണ്ണൂരിലും കാസർകോടും വയനാട്ടിലും പാലക്കാടും വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂരിലും കാസർകോടും വയനാട്ടിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.

മഴയിൽ കണ്ണൂരും കോഴിക്കോടും പുഴകളിൽ ജലനിരപ്പുയരുകയാണ്. കനത്ത കാറ്റിൽ കോഴിക്കോട് താമരശ്ശേരി മേഖലയിൽ വ്യാപക നാശനഷ്ടമുണ്ടായി. കണ്ണൂരിൽ മണിക്കടവ്, വട്യാന്തോട് പുഴകളിലാണ് ജലനിരപ്പുയരുന്നത്. പുറയോരത്തുള്ളവർക്ക് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.

കോഴിക്കോട് പലയിടത്തും അതിശക്തമായ കാറ്റിൽ മരങ്ങളും വൈദ്യുതി ലൈനുകളും പൊട്ടിവീണു. കല്ലാച്ചിയിൽ കക്കുഴി പറമ്പത്ത് നാണുവിന്റെ വീട് മഴയിൽ ഇടിഞ്ഞു വീണു. മഴ കനക്കുന്നതിനാൽ കാപ്പാട് ബ്ലൂ ഫ്‌ലാഗ് ബീച്ചിൽ സന്ദർശകർക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.

ഇതിനിടെ, കക്കയം ഡാമിൽ ജലനിരപ്പ് 755.50 മീറ്ററിൽ എത്തിയതോടെ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. വയനാട്ടിൽ 20 ക്യാമ്പുകളിലായി 234 പേരെയാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. വ്യാപക കൃഷിനാശവുമുണ്ടായിട്ടുണ്ട്.

TAGS :

Next Story