കനത്ത മഴ; തിരുവനന്തപുരം ജില്ലയിൽ നാളെ അവധി
കനത്ത മഴയില്‍ തിരുവനന്തപുരത്തെ മലയോര- നഗരമേഖലകളില്‍ താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി
തിരുവനന്തപുരം: ജില്ലയിൽ പ്രൊഫഷണൽ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ(ഒക്ടോബർ 16) ജില്ലാ കളക്ടർ ജെറോമിക് ജോർജ് അവധി പ്രഖ്യാപിച്ചു. ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് അവധി നൽകിയത്.
കനത്ത മഴയില്‍ തിരുവനന്തപുരത്ത് വൻ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. മലയോര- നഗരമേഖലകളില്‍ താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. കഴക്കൂട്ടത്ത് നാല്‍പതിലധികം വീടുകള്‍ വെള്ളത്തിനടിയിലായി. വെഞ്ഞാറമ്മൂട് രണ്ട് വീടുകള്‍ തകര്‍ന്നു. വാമനപുരം ,തെറ്റിയാര്‍ നദികള്‍ കരകവിഞ്ഞൊഴുകി.
ഇന്നും ഇന്നലെയുമായി പെയ്ത മഴ തിരുവനന്തപുരത്തെ ആകമാനം വെള്ളത്തില്‍ മുക്കി. രാത്രി പുലര്‍ന്നപ്പോള്‍ പല വീടുകള്‍ക്കുള്ളിലും വെള്ളം. നഗരത്തെയും മലയോര മേഖലകളെയും മഴ ഒരു പോലെ ബാധിച്ചു. തെറ്റിയാര്‍ കരകവിഞ്ഞ് ഒഴുകിയതോടെ കഴക്കൂട്ടം മുഴുവന്‍ വെള്ളത്തിനടിയിലായി. ടെക്നോപാര്‍ക്കിലെ താഴത്തെ നിലയില്‍ വെള്ളം നിറഞ്ഞു. ആറ്റിങ്ങല്‍, മംഗലപുരം, കഠിനംകുളം, അണ്ടൂർക്കോണം എന്നിവിടങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറി.
നഗരത്തില്‍ കണ്ണമൂല, ജഗതി, വെള്ളായണി, ഗൗരീശപട്ടം എന്നീ പ്രദേശങ്ങളെയാണ് മഴ കൂടുതലായി ബാധിച്ചത്. ചാക്കയില്‍ റോഡ് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. വെള്ളം കയറിയ പ്രദേശങ്ങളില്‍ നിന്നെല്ലാം ആളുകളെ മാറ്റി. അപ്രതീക്ഷിതമായി മഴ ദുരിതം വിതച്ചപ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെയാണ് പലരും വീടുവിട്ടിറങ്ങിയത്.
വെഞ്ഞാറമ്മൂട് മണ്ണ് ഇടിഞ്ഞുവീണാണ് പുല്ലപ്പാറ സ്വദേശി ഷംനാദിന്റെ വീട് തകര്‍ന്നത്. പ്രദേശത്ത് നിര്‍മ്മാണത്തിലിരുന്ന മറ്റൊരു വീട് കൂടി മഴയില്‍ തകര്‍ന്നടിഞ്ഞു. കാട്ടാക്കടയില്‍ ഏക്കറുകള്‍ നീണ്ടുകിടക്കുന്ന കൃഷിയിടങ്ങളെ മഴ വെള്ളത്തില്‍ മുക്കി. വാമനപുരം നദി കരകവിഞ്ഞൊഴുകിയതോടെ പൊന്നാംചുണ്ട് പാലവും സൂര്യകാന്തി പാലവും വെള്ളത്തിനടിയിലായി. തെറ്റിയാർ തോട്ടിൽ നിന്നും വെള്ളം കയറിയത് മൂലം കഴക്കൂട്ടം സബ്സ്റ്റേഷൻ്റെ പ്രവർത്തനം നിർത്തിവയ്ക്കേണ്ടി വന്നു. ഇതോടെ സബ്സ്റ്റേഷൻ പരിധിയിലുള്ള വിവിധ ഇടങ്ങളിൽ വൈദ്യുതി മുടങ്ങി.
Adjust Story Font
16