Quantcast

സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും

എട്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

MediaOne Logo

Web Desk

  • Updated:

    2022-08-31 09:43:30.0

Published:

31 Aug 2022 8:59 AM GMT

സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും
X

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും. തമിഴ്‌നാടിനും സമീപ പ്രദേശങ്ങൾക്കും മുകളിൽ ചക്രവാത ചുഴി നിലനിൽക്കുന്നതാണ് മഴക്ക് കാരണം. എറണാകുളം, കോട്ടയം, ജില്ലകളുടെ മലയോര മേഖലകളിൽ ഇന്ന് രാവിലെയും ശക്തമായ മഴയുണ്ടായി. എട്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ആറ് ജില്ലകളിൽ യെല്ലോ അലർട്ടാണുള്ളത്.

ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ കെഎസ്ഇബിയുടെ പത്ത് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകൾ 10 സെന്റീ മീറ്റർ ഉയർത്തി. ഈ വർഷം മൂന്നാം തവണയാണ് മലമ്പുഴ ഡാമിന്റെ ഷട്ടർ തുറക്കുന്നത്. ഭാരതപ്പുഴ, കൽപ്പാത്തിപ്പുഴ, മുക്കൈപ്പുഴ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇടമലയാർ ഡാമിന്റെ ഷട്ടറുകൾ 25 സെന്റീമീറ്റർ കൂടി ഉയർത്തി. കാലാവസ്ഥാ പ്രവചനവും നീരൊഴുക്കും കണക്കിലെടുത്ത് റൂൾ കർവ് പ്രകാരം ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് രണ്ട് ഷട്ടറുകൾ 25 സെന്റീമീറ്റർ കൂടി ഉയർത്തിയത്. ഇതുവഴി 131.69 ക്യുമെകസ് ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത്.

ശക്തമായ മഴ തുടരാൻ സാധ്യതയുള്ളതിനാൽ മലയോരമേഖലയിൽ ജാഗ്രത തുടരണമെന്നാണ് നിർദേശം. കടൽക്ഷോഭത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നാണ് നിർദേശം. അതേസമയം, കുട്ടനാട് മേഖലയിൽ താഴ്ന്ന പ്രദേശങ്ങളിൽ നിന്നും വെള്ളമിറങ്ങി തുടങ്ങി.

തിരുവനന്തപുരം ജില്ലയിൽ ക്വാറിയിങ്, മൈനിങ്, ഖനന പ്രവർത്തനങ്ങൾ, കടലോര-കായലോര-മലയോര മേഖലയിലേക്കുള്ള അവശ്യ സർവീസുകൾ ഒഴികെയുള്ള ഗതാഗതം, ബീച്ചിലേക്കുള്ള വിനോദസഞ്ചാരം എന്നിവ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചു കൊണ്ട് ഉത്തരവിട്ടതായി ജില്ലാ കലക്ടർ ജെറോമിക് ജോർജ് അറിയിച്ചു. ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടും സെപ്തംബർ ഒന്ന്, രണ്ട് തീയതികളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി.


Heavy rain will continue for three more days in kerala

TAGS :

Next Story