സംസ്ഥാനത്ത് കനത്ത മഴ; ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, പ്രധാന ജില്ലകള്‍ ഒറ്റ നോട്ടത്തില്‍
തൃശൂർ പുത്തൂരിൽ മിന്നൽ ചുഴലിയില്‍ നിരവധി മരങ്ങൾ കട പുഴകി വീണു
സംസ്ഥാനത്ത് പലയിടത്തും കനത്ത മഴ തുടരുന്നു. ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പില്‍ നിന്നുള്ള അറിയിപ്പ് പ്രകാരം ഇന്ന് കേരളത്തിൽ വ്യാപകമായ മഴക്ക് സാധ്യതയുണ്ട്. മധ്യ വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്തേക്കാം. ഇന്ന് കേരളത്തിൽ എല്ലാ ജില്ലകളിലും പ്രത്യേകിച്ച് മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയേറെയാണ്. ദേശീയ പരിസ്ഥിതി പ്രവചന കേന്ദ്രങ്ങളില്‍ നിന്നുള്ള വിവര പ്രകാരം ഇന്ന് കേരളത്തിൽ വ്യാപകമായ മഴയ്ക്കും കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
ഇടുക്കി:
ശക്തമായ കാറ്റിലും മഴയിലും ഇടുക്കിയിൽ മലയോര മേഖലകളിൽ വ്യാപക നാശനഷ്ടമുണ്ടായി. മൂന്നാർ ലക്ഷ്മി എസ്റ്റേറ്റിൽ വീടിനു മുകളിൽ മണ്ണിടിഞ്ഞു വീണ് ഒരാൾ മരിച്ചു.
വയനാട്:
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ വയനാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.
കോഴിക്കോട്:
കനത്ത മഴയിൽ കോഴിക്കോട് മാവൂരിൽ വീടുകളിൽ വെള്ളം കയറി. ഇന്നലെ രാത്രിയുണ്ടായ മഴയിലെ ശക്തമായ കാറ്റിൽ കോഴിക്കോട് രാമനാട്ടുകാര പെരുമുഖം റോഡിനു സമീപം നെല്ലിക്കാവിൽ അബ്ദുൽ സലാമിന്‍റെ വീടിന്‍റെ മതില്‍ തെങ്ങും പ്ലാവും വീണു തകർന്നു. രാത്രി ഒൻപതു മണിയോടടുത്തായിരുന്നു സംഭവം. മതിലിന്‍റെ പകുതിയോളം ഭാഗം തകർന്ന് സമീപത്തെ കനാലിലേക്ക് മറിഞ്ഞ നിലയിലാണ്. മതിലിനോട് ചേർന്നുള്ള ഷെഡിന്‍റെ മേൽക്കൂരയും പകുതിയോളം നഷ്ടമായ നിലയിലാണ്. ആർക്കും ആളപായമില്ല.
തൃശൂർ:
തൃശൂർ പുത്തൂരിൽ മിന്നൽ ചുഴലിയില്‍ നിരവധി മരങ്ങൾ കട പുഴകി വീണു. നിരവധി വീടുകൾക്ക് നാശ നഷ്ടം നേരിട്ടു. അതിരപ്പിള്ളി തുമ്പൂർമൂഴിയിൽ മുളങ്കൂട്ടം റോഡിലേക്ക് മറിഞ്ഞു വീണു. അതിരപ്പിള്ളി, മലക്കപ്പാറ ഭാഗങ്ങളിലേക്ക് വാഹനങ്ങൾക്ക് പോകാനാകില്ല.
പാലക്കാട്:
അട്ടപ്പാടിയിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. ആനക്കട്ടി-മണ്ണാർക്കാട് റോഡിൽ കൽക്കണ്ടിയിൽ വൈദ്യുതി ലൈനിലേക്ക് മരം വീണു. ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടിരിക്കുകയാണ്.
അട്ടപ്പാടി നരസിമുക്ക് പരപ്പൻതറയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിൽ തെങ്ങ് വീണ് ഓട്ടോറിക്ഷ തകർന്നു. പരപ്പൻതറ സ്വദേശി പഴനിസ്വാമിയുടെ ഓട്ടോറിക്ഷയാണ് തകർന്നത്. താവളം പരപ്പൻതറയിലേക്കുള്ള ഗതാഗതവും തടസപ്പെട്ടു.
അട്ടപ്പാടി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. അട്ടപ്പാടി താലൂക്കിലെ അംഗൻവാടി ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ല കളക്ടർ അവധി പ്രഖ്യാപിച്ചത്.
Adjust Story Font
16