പ്രധാന ടൂറിസം കേന്ദ്രങ്ങളെ കോർത്തിണക്കിയുള്ള ഹെലി ടൂറിസം പദ്ധതിക്ക് തുടക്കം
സംസ്ഥാനത്ത് താമസിയാതെ ഹെലി ടൂറിസം നയം പ്രഖ്യാപിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ചടങ്ങിൽ അറിയിച്ചു.
കൊച്ചി: സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ കോർത്തിണക്കിയുള്ള ഹെലി ടൂറിസം പദ്ധതി ആരംഭിച്ചു. കൊച്ചി രാജ്യാന്തര വിമാനത്താവളം കേന്ദ്രമായുള്ള പദ്ധതി മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സുപ്രധാന ടൂറിസം കേന്ദ്രങ്ങൾക്കടുത്ത് നിലവിലുള്ള ഹെലിപാഡുകൾ കണ്ടെത്തി അവ ഈ പദ്ധതിക്കായി ഉപയോഗപ്പെടുത്തും.
മൂന്നാർ, തേക്കടി, വാഗമൺ, ആലപ്പുഴ, കുമരകം, ജഡായു പാറ, കോവളം, കോഴിക്കോട് ബീച്ച്, വയനാട്, ബേക്കൽ ഫോർട്ട് നെല്ലിയാമ്പതി എന്നിവിടങ്ങളിലേക്കാണ് നിലവിൽ വിനോദ സഞ്ചാരത്തിനായി പാക്കേജുകൾ തയ്യാറാക്കിയിട്ടുള്ളത്.
നെടുമ്പാശേരിയിൽ നിന്നും ശബരിമല, ഗുരുവായൂർ, കാടാംപുഴ, കൊടുങ്ങല്ലൂർ, പളനി, മധുര, രാമേശ്വരം എന്നിവിടങ്ങളിലേക്ക് തീർഥാടന പാക്കേജും കൂടാതെ ഒരു ദിവസത്തെയും രണ്ടു ദിവസത്തേയും ഹണിമൂൺ പാക്കേജുമുണ്ട്. ചിപ്സൻ ഏവിയേഷൻ്റെ അഞ്ച് പേർക്ക് യാത്ര ചെയ്യാവുന്ന രണ്ട് ഹെലികോപ്ടറുകളാണ് സജ്ജമാക്കിയിട്ടുള്ളത്. സംസ്ഥാനത്ത് താമസിയാതെ ഹെലി ടൂറിസം നയം പ്രഖ്യാപിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ചടങ്ങിൽ അറിയിച്ചു.
സംസ്ഥാനത്ത് എത്തുന്ന ടുറിസ്റ്റുകളിൽ പലരും ഗതാഗത കുരുക്കിനെ തുടർന്ന് കൂടുതൽ വിനോദ കേന്ദ്രങ്ങളിലേക്ക് സഞ്ചരിക്കാൻ മടിക്കുന്നുണ്ട്. ഇതിനൊരു മാറ്റം വരുത്താൻ ഹെലി ടൂറിസം പദ്ധതി സഹായകമാകും. ഹെലി ടൂറിസം സംബന്ധിച്ച വിവരം നൽകുന്ന വെബ്സൈറ്റ് താമസിയാതെ സജ്ജമാകും. ഇതിലൂടെ ബുക്കിങ് സാധ്യമാകും. സംസ്ഥാനത്തിൻ്റെ തെക്കും വടക്കുമുള്ള പ്രധാന കേന്ദ്രങ്ങളിൽ കൂടുതൽ ഹെലിപാഡുകൾ നിർമിക്കും.
Adjust Story Font
16