Quantcast

'സഹായിക്കേണ്ടത് നേരിട്ടല്ല, ജില്ലാ ഭരണകൂടവുമായി സഹകരിച്ചാവണം'; വൈറ്റ്ഗാർഡിന്റെ സൗജന്യ ഊട്ടുപുര പൂട്ടിയതിൽ മന്ത്രി

'എത്രയാണ് ആവശ്യം, ഞങ്ങൾ അതിനെന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ച് ഒരു ധാരണയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കണം'- മന്ത്രി പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    4 Aug 2024 8:38 AM GMT

Help should not be provided directly Says Minister over Free food service closed
X

കോഴിക്കോട്: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തകർക്ക് ഉൾപ്പെടെ സൗജന്യ ഭക്ഷണം വിളമ്പാനായി മേപ്പാടിയിൽ മുസ്‌ലിം യൂത്ത് ലീ​ഗ് വൈറ്റ്​ഗാർഡ് നടത്തിവന്ന ഊട്ടുപുര സർക്കാർ പൂട്ടിച്ചതിൽ വിശദീകരണവുമായി മന്ത്രി എ.കെ ശശീന്ദ്രൻ. സഹായിക്കാൻ വരുന്നവർ അത് നേരിട്ടല്ല ചെയ്യേണ്ടതെന്നും ജില്ലാ ഭരണകൂടവുമായി സഹകരിച്ചാണ് പ്രവർത്തിക്കേണ്ടതെന്നും മന്ത്രി മീഡിയവൺ 'പ്രിയ നാടിനൊപ്പം' പ്രത്യേക പരിപാടിയിൽ പറഞ്ഞു.

'ആർക്കും വരാം. ആർക്കും സഹായിക്കാം. പക്ഷേ അവർ നേരിട്ടല്ല സഹായിക്കേണ്ടത്. ഇവിടെ ഭക്ഷണം വിതരണം ചെയ്യുന്നൊരു സംവിധാനമുണ്ട്. ആ സംവിധാനത്തെയാണ് സഹായിക്കേണ്ടത്. പത്താൾ പോയി നേരിട്ട് ഇത്തരം പ്രദേശങ്ങളിൽ ഭക്ഷണം വിതരണം ചെയ്യുകയല്ല വേണ്ടത്. എത്രയാണ് ആവശ്യം, അതിന് ഞങ്ങൾ എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ച് ഒരു ധാരണയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കണം'- മന്ത്രി പറഞ്ഞു.

'ഇതെല്ലാം നല്ല മനസാണ്. അവർ ഉത്സാഹപൂർവമാണ് പ്രവർത്തിക്കുന്നത്. ത്യാഗസന്നദ്ധരായിട്ടാണ് പ്രവർത്തിക്കുന്നത്. പക്ഷേ ഇവിടുത്തെ രക്ഷാപ്രവർത്തനത്തിന് മുൻഗണന നൽകുമ്പോൾ അതിന് തടസമുണ്ടാക്കുന്ന ഒന്നുമുണ്ടാവാത്ത വിധത്തിൽ ജില്ലാ ഭരണകൂടത്തിന്റെ ഹെൽപ് ഡെസ്‌കുമായി ചർച്ച ചെയ്തും സഹകരിച്ചുമാണ് പ്രവർത്തിക്കേണ്ടത്'.

'ഇവിടെയെത്തിയ എല്ലാവരോടും ഇക്കാര്യമാണ് പറയുന്നത്- സഹകരിക്കുകയാണ് വേണ്ടത്. ഇവിടെ 5000 പേർക്കുള്ള ഭക്ഷണം ഉണ്ടാക്കുന്നുണ്ട്. അപ്പോൾ അതുംകൂടിയാവുമ്പോൾ ഭക്ഷണം വേസ്റ്റായിപ്പോവുകയാണ്. ഭക്ഷണം കൊണ്ടുവന്ന ശേഷം അക്കാര്യം അറിയിക്കുന്നതിന് പകരം, ഇവിടെ ഉണ്ടാക്കുന്നതിൽ ഞങ്ങളുടെ പങ്കായി എത്ര വേണം എന്ന് ചോദിക്കുകയാണ് വേണ്ടത്. അതിന് സർക്കാരിന്റെ ഭാഗത്തുനിന്നും മുൻകൈയെടുക്കണം എന്ന നിർദേശം പരിശോധിക്കാം'- മന്ത്രി കൂട്ടിച്ചേർത്തു.

മേപ്പാടിയിൽ, നാദാപുരം നരിപ്പറ്റ വൈറ്റ്ഗാർഡ് ജൂലൈ 31ന് ആരംഭിച്ച് നാലു ദിവസമായി നടത്തിവന്ന ഊട്ടുപുരയാണ് പൂട്ടിച്ചത്. ഡി.ഐ.ജി തോംസൺ ജോസിന്റെ നിർദേശപ്രകാരമാണ് ഊട്ടുപുരയുടെ സേവനം അവസാനിപ്പിക്കേണ്ടിവന്നതെന്ന് വൈറ്റ്​ഗാർഡ് അറിയിച്ചു. സർക്കാർ തീരുമാനമാണെന്നാണ് ഡി.ഐ.ജി അറിയിച്ചതെന്നും സംഘാടകർ പറഞ്ഞു.

ദുരന്തമുഖത്ത് രക്ഷാപ്രവർത്തനം നടത്തുന്ന സന്നദ്ധപ്രവർത്തകർ, സൈനികർ, പൊലീസുകാർ, വളണ്ടിയർമാർ, ആരോഗ്യപ്രവർത്തകർ, മൃതദേഹം തിരയുന്ന ബന്ധുക്കൾ, മാധ്യമപ്രവർത്തകർ തുടങ്ങിയ എല്ലാവർക്കും നാലു ദിവസം ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്തിരുന്ന ഊട്ടുപുരയാണ് സർക്കാർ നിർദേശത്തെ തുടർന്ന് പൂട്ടേണ്ടിവന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സംഘാടകർ ഊട്ടുപുരയ്ക്ക് മുന്നിൽ ഫ്ലക്സ് കെട്ടി.

'പ്രിയ വയനാട് നിവാസികളെ, കഴിഞ്ഞ നാല് നാൾ നിങ്ങളുടെ ദുഃഖത്തിൽ പങ്കുചേരാനും നിങ്ങൾക്കുവേണ്ടി കഠിനാധ്വാനം ചെയ്യുന്ന നാനാവിഭാഗം സന്നദ്ധപ്രവർത്തകർക്ക് ആഹാരം നൽകാനും കഴിഞ്ഞതിൽ ഞങ്ങൾ സന്തുഷ്ടരാണ്. രക്ഷാദൗത്യം കഴിയുന്നതുവരെ സേവനം തുടരാനായിരുന്നു ഞങ്ങളുടെ നിയ്യത്ത്. ദൗർഭാഗ്യവശാൽ ഈ സേവനം അവസാനിപ്പിക്കാനും ഇനി ഞങ്ങളുടെ ഭക്ഷണവിതരണത്തിന്റെ ആവശ്യമില്ല എന്നും ബഹുമാനപ്പെട്ട ഡി.ഐ.ജി തോംസൺ ജോസ് അറിയിച്ചതുപ്രകാരം ഞങ്ങൾ ഈ സേവനം അവസാനിപ്പിക്കുകയാണ്'- വൈറ്റ്ഗാർഡ് പറയുന്നു.

അതേസമയം, ഭക്ഷണം ഉണ്ടാക്കി വിതരണം ചെയ്യാൻ സർക്കാർ നേരിട്ട് സൗകര്യമുണ്ടാക്കിയിട്ടുണ്ടെന്നും ഫുഡ് സേഫ്റ്റി ഓഫീസർ കൃത്യമായ പരിശോധന നടത്തിയാണ് അവിടെ ഭക്ഷണം കൊടുക്കുന്നതെന്നുമായിരുന്നു മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞത്. 'പട്ടാളക്കാർ ഉൾപ്പെടെയാണ് രക്ഷാപ്രവർത്തനത്തിലുള്ളത്. എന്തെങ്കിലും പ്രയാസം വന്നാൽ അത് ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് അവിടുത്തെ പോളിടെക്‌നിക്കിൽ സർക്കാർ ഭക്ഷണമുണ്ടാക്കി വിതരണം ചെയ്യാൻ തീരുമാനിച്ചത്'- മന്ത്രി വ്യക്തമാക്കി.

ഫുഡ് സേഫ്റ്റി ഓഫീസർ കൃത്യമായ പരിശോധന നടത്തിയാണ് അവിടെ ഭക്ഷണം കൊടുക്കുന്നത്. ഹോട്ടൽ അസോസിയേഷന്റെ സഹായത്താലാണ് ഇത് എല്ലായിടത്തും വിതരണം ചെയ്യുന്നത്. ഇതൊരു സംവിധാനമാണ്. എന്നാൽ പലരും ഭക്ഷണം ഉണ്ടാക്കിനൽകുന്നുണ്ട്. അങ്ങനെയുണ്ടാക്കേണ്ടിവരേണ്ടെന്ന് രണ്ട് ദിവസം മുമ്പ് കലക്ടർ പറഞ്ഞിരുന്നതായും മന്ത്രി വിശദമാക്കിയിരുന്നു.

സർക്കാർ നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി യൂത്ത് ലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് രം​ഗത്തെത്തിയിരുന്നു. ഊട്ടുപുരയുണ്ടായിരുന്നതിനാൽ ദുരന്തബാധിത പ്രദേശത്തും പരിസരത്തുമുള്ള ഒരാൾ പോലും ഭക്ഷണം കിട്ടാതെ പ്രയാസപ്പെട്ടിരുന്നില്ല. ഒട്ടേറെ പേർക്ക് സൗജന്യമായി നൽകിയ ഭക്ഷണ വിതരണം നിർത്തിച്ചത് പച്ചമലയാളത്തിൽ പറഞ്ഞാൽ ശുദ്ധ തെമ്മാടിത്തമാണ്. നാല് ദിവസം വിശ്രമമില്ലാതെ സേവനം ചെയ്തവരെ ആക്ഷേപിച്ചത് പൊറുക്കാനാവാത്ത തെറ്റാണ്. ഇതിന് സർക്കാർ മറുപടി പറഞ്ഞേ തീരൂ- പി.കെ ഫിറോസ് വ്യക്തമാക്കി.



TAGS :

Next Story