ഹേമ കമ്മിറ്റി റിപ്പോർട്ട്; അടുത്ത സഭാസമ്മേളനത്തിൽ നിയമനിർമാണമെന്ന് മന്ത്രി
അതിക്രമം നേരിട്ട വനിതാ സിനിമാ പ്രവർത്തകരുടെ സ്വകാര്യത മാനിച്ചാണ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാത്തതെന്നും മന്ത്രി വ്യക്തമാക്കി
സിനിമാ മേഖലയിൽ സ്ത്രീകൾക്കെതിരായ അതിക്രമം തടയാൻ നിയമനിർമാണം കൊണ്ടുവരുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. അടുത്ത നിയമസഭാ സമ്മേളനത്തിൽ ഇത് അവതരിപ്പിക്കുമെന്നും മന്ത്രി സഭയെ അറിയിച്ചു. അതിക്രമം നേരിട്ട വനിതാ സിനിമാ പ്രവർത്തകരുടെ സ്വകാര്യത മാനിച്ചാണ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
ഹേമ കമ്മീഷൻ റിപ്പോർട്ട് സർക്കാർ മൂടിവെക്കുകയാണെന്ന് ആരോപിച്ച് കെ.കെ രമയാണ് നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചത്. അതിക്രമം നേരിട്ടവരുടെ പേര് വിവരങ്ങൾ ഒഴിവാക്കി റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതിന് പകരം സാങ്കേതിക കാരണം പറഞ്ഞ് മൂടിവെക്കുകയാണെന്നും കെ.കെ രമ ആരോപിച്ചു.
വനിതാ സിനിമാ പ്രവർത്തകരുടെ സ്വകാര്യത കണക്കിലെടുത്ത് രഹസ്യ സ്വഭാവം സൂക്ഷിക്കണമെന്ന് ജസ്റ്റിസ് ഹേമ തന്നെ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി സജി ചെറിയാൻ മറുപടി നൽകി. റിപ്പോർട്ടിലെ ശിപാർശകൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ തുടരുകയാണ്. ഡബ്ല്യു.സി.സി പ്രതിനിധികളെ ഉൾപ്പടെ പങ്കെടുപ്പിച്ചുള്ള യോഗം ഉടൻ ചേരുമെന്നും മന്ത്രി പറഞ്ഞു.
Adjust Story Font
16