ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവിടും; തീരുമാനം രഞ്ജിനിയുടെ അപ്പീൽ തള്ളിയതിന് പിന്നാലെ
റിപ്പോർട്ട് ഉച്ചയ്ക്ക് 2.30ന് പുറത്തുവിടും
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവിടും. നടി രഞ്ജിനിയുടെ ഹരജി തള്ളിയ സാഹചര്യത്തിലാണ് റിപ്പോർട്ട് പുറത്തുവിടാൻ തീരുമാനമായത്. ഇന്ന് വൈകുന്നേരം അഞ്ചുമണിക്കുള്ളിൽ റിപ്പോർട്ട് പുറത്തുവിടും. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തു വിടരുതെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനി സമർപ്പിച്ച അപ്പീൽ തള്ളിയിരുന്നു. പകരം രഞ്ജിനിക്ക് സിംഗിള്‍ ബെഞ്ചിനെ സമീപിക്കാമെന്ന് വ്യക്തമാക്കിയ കോടതി ഹരജിക്കാരി കേസിലെ കക്ഷിയല്ലെന്നും ചൂണ്ടിക്കാട്ടി. ആക്ടിങ് ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷൻ ബഞ്ചാണ് അപ്പീൽ തള്ളിയത്. ഇന്നു തന്നെ സിംഗിൾ ബെഞ്ചിൽ ഹരജി നൽകാനും ആക്ടിങ് ചീഫ് ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, എസ്.മനു എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
233 പേജുകളുള്ള റിപ്പോർട്ടാണ് ഇന്ന് പുറത്തുവിടുക. റിപോർട്ട് അപേക്ഷകർക്ക് നേരിട്ട് നൽകാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി സാംസ്കാരിക വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. നാലര വർഷത്തിനു ശേഷമാണ് റിപ്പോർട്ട് വെളിച്ചം കാണുന്നത്. റിപ്പോർട്ടിൽ വ്യക്തികളെ തിരിച്ചറിയുന്ന വിവരങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്.
2019 ഡിസംബർ 31നാണ് റിപ്പോർട്ട് ഹേമാ കമ്മിറ്റി സംസ്ഥാന സർക്കാരിന് സമർപ്പിക്കുന്നത്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് മലയാള സിനിമയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ ഹേമാ കമ്മിറ്റിയെ നിയോഗിച്ചത്. സിനിമാ മേഖലയിൽ നേരിടുന്ന ചൂഷണങ്ങൾ ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ടായിരുന്നു ഇത്.
നിർമ്മാതാവ് സജി മോൻ പാറയിലാണ് റിപ്പോർട്ട് പുറത്തുവിടരുതെന്നാവശ്യപ്പെട്ട് ആദ്യം ഹൈക്കോടതിയെ സമീപിച്ചത്. റിപ്പോർട്ട് പുറത്തുവരുന്നത് സിനിമ മേഖലയിലെ വ്യക്തികളുടെ സ്വകാര്യത ലംഘിക്കപ്പെടാൻ കാരണമാകും എന്നതായിരുന്നു ഹരജിക്കാരൻറെ വാദം. വെളിപ്പെടുത്തലുകൾ നടത്തിയവരുടെ ജീവനുപോലും അപകടം ഉണ്ടാക്കുന്നതാണ് റിപ്പോർട്ട് പുറത്തുവിടാൻ ഉള്ള തീരുമാനമെന്നും ഹരജിക്കാരൻ വാദിച്ചിരുന്നു.
അപ്പീൽ നൽകിയ അഞ്ച് പേർക്ക് റിപ്പോർട്ടിൻ്റെ പകർപ്പ് കൈമാറാനായിരുന്നു തീരുമാനം. പേജ് 49, 81 മുതൽ 100 വരെയുള്ള പേജുകൾ, പാരഗ്രാഫ് 165 മുതൽ 196 വരെയുള്ള ഭാഗം, ഖണ്ഡിക 96 എന്നിവ ഒഴിവാക്കി റിപ്പോർട്ട് പുറത്തുവിടാനായിരുന്നു ആദ്യ ഉത്തരവ്. അനുബന്ധവും പുറത്ത് നൽകില്ല.റിപ്പോർട്ട് പുറത്തുവിടാത്ത ഉദ്യോഗസ്ഥ നിലപാടിനെ വിവരാവകാശ കമ്മീഷൻ വിമർശിച്ചിരുന്നു.
Adjust Story Font
16