ഹെർണിയ ശസ്ത്രക്രിയക്കെത്തിയ യുവാവിന്‍റെ വൃഷണം നീക്കം ചെയ്ത സംഭവം; സര്‍ജനെതിരെ കേസെടുത്തു
പരാതിക്കാരനായ തോണിച്ചാൽ സ്വദേശി എൻ എസ് ഗിരീഷ് ഡോക്ടർക്കെതിരെ നേരത്തെ മുഖ്യമന്ത്രിക്കും ഡി.എം.ഒക്കും എസ് പിക്കും പരാതി നൽകിയിരുന്നു
വയനാട് മെഡിക്കല്‍ കോളേജ്
വയനാട്: വയനാട് മെഡിക്കൽ കോളജിൽ ഹെർണിയ ശസ്ത്രക്രിയക്കെത്തിയ യുവാവിന്‍റെ വൃഷണം ഡോക്ടറുടെ അശ്രദ്ധമൂലം പ്രവർത്തന രഹിതമായെന്ന പരാതിയിൽ മാനന്തവാടി പൊലീസ് കേസെടുത്തു. മാനന്തവാടി മെഡിക്കൽ കോളജിലെ സർജൻ ഡോ. ജുബേഷിനെതിരെയാണ് കേസ്. പരാതിക്കാരനായ തോണിച്ചാൽ സ്വദേശി എൻ എസ് ഗിരീഷ് ഡോക്ടർക്കെതിരെ നേരത്തെ മുഖ്യമന്ത്രിക്കും ഡി.എം.ഒക്കും എസ് പിക്കും പരാതി നൽകിയിരുന്നു.
എടവക കുടുംബാരോഗ്യ കേന്ദ്രത്തിലെ സീനിയർ ക്ലർക്കായ എൻ എസ് ഗിരിഷിൻ്റെ പരാതിയിലാണ് മാനന്തവാടി പോലീസ് കേസെടുത്തത്. കഴിഞ്ഞമാസം 13ന് ഹെർണിയ ശസ്ത്രക്രിയക്കെത്തിയ ഗിരീഷിന് ശസ്ത്രക്രിയക്കിടെ വൃഷണത്തിന് ഗുരുതര പരിക്ക് പറ്റിയെന്നാണ് പരാതി. ഇക്കാര്യം അറിഞ്ഞിട്ടും ഡോക്ടർ രോഗിയെ അറിയിച്ചില്ലെന്ന് മുഖ്യമന്ത്രിക്കും എസ്.പിക്കും നൽകിയ പരാതിയിൽ പറയുന്നു. അസഹ്യമായ വേദനയുണ്ടായിരുന്നെങ്കിലും ഏഴാം നാൾ മുറിവിലെ തുന്നൽ എടുക്കാൻ എത്തിയപ്പോൾ മാത്രമാണ് വിവരം അറിഞ്ഞതെന്നും തുടർന്ന് സ്വകാര്യ മെഡി. കോളജിൽ നടത്തിയ പരിശോധനയിൽ വൃഷണത്തിന്‍റെ പ്രവർത്തനം നിലച്ചത് കണ്ടെത്തുകയും വൃഷണം നീക്കം ചെയ്യുകയും ചെയ്തുവെന്നും ഗിരീഷ് പറയുന്നു.
മെഡി. കോളജിലെ ജനറൽ സർജൻ ഡോ. ജുബേഷ് അത്തിയോട്ടിലാണ് ശസ്ത്രക്രിയ നടത്തിയത്. അപകടം സംഭവിച്ച ഉടനെ വിവരമറിഞ്ഞിരുന്നെങ്കിൽ വിദഗ്ധ ചികിത്സ നേടാൻ ആകുമായിരുന്നുവെന്നും ശസ്ത്രക്രിയയിൽ ഗുരുതര വീഴ്ച സംഭവിച്ചിട്ടും മറച്ചുവെച്ച് തന്‍റെ ജീവൻ വരെ അപകടത്തിൽ ആക്കുകയും അവയവം നഷ്ടപ്പെടുത്തുകയും ചെയ്തതിനാലാണ് നിയമനടപടിയെന്നും ഗിരീഷ് പറയുന്നു.
Adjust Story Font
16