16കാരിയുടെ കുളിമുറിയിൽ ഒളിക്കാമറ വെച്ചു; പൊലീസ് ക്വാർട്ടേഴ്‌സിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ
ഒളിവിൽ കഴിയാൻ സഹായിച്ച സഹോദരിക്കും പൊലീസ് ഉദ്യോഗസ്ഥനായ സഹോദരി ഭർത്താവിനുമെതിരെ കേസെടുക്കുമെന്ന് പൊലീസ്
പത്തനംതിട്ട: തിരുവല്ലയിൽ കുളിമുറിയിൽ ഒളിക്കാമറ വെച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ പ്രതി പിടിയിലായി. മുത്തൂർ സ്വദേശി പ്രിനു (30) ആണ് അറസ്റ്റിലായത്. ഒളിവിലായിരുന്ന പ്രതിയെ ചങ്ങനാശ്ശേരിയിൽ നിന്നാണ് പിടികൂടിയത്. ഒളിവിൽ കഴിയാൻ സഹായിച്ച സഹോദരിക്കും പൊലീസ് ഉദ്യോഗസ്ഥനായ സഹോദരി ഭർത്താവിനുമെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
ഡിസംബർ 16ാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. 16 വയസുള്ള പെൺകുട്ടി കുളിക്കുന്നതിനിടെ വീട്ടിലെ കുളിമുറിയുടെ വെൻറിലേറ്റർ ഹോളിൽ പെൻ കാമറ വെച്ചാണ് പ്രതി ദൃശ്യം പകർത്താൻ ശ്രമിച്ചത്. പെൻകാമറ കുളിമുറിയുടെ ഉള്ളിലേക്ക് വീണതിനെ തുടർന്ന് പെൺകുട്ടിയുടെ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ കാമറയും മെമ്മറി കാർഡും പരിശോധിച്ച വീട്ടുകാർ പ്രിനുവിന്റെ ഫോട്ടോ കണ്ടെത്തി. പ്രതി ചിത്രീകരിച്ച ദൃശ്യങ്ങളും കണ്ടെത്തി. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ പ്രിനു മാസങ്ങളായി ദൃശ്യങ്ങൾ പകർത്തുകയും കംപ്യൂട്ടറിലേക്ക് മാറ്റുകയും ചെയ്തതായി കണ്ടെത്തി. എന്നാൽ ഒളിവിൽ പോയതിനാൽ പ്രിനുവിനെ പിടികൂടാനായില്ല. സഹോദരീ ഭർത്താവിന്റെ പൊലീസ് ക്വാർട്ടേഴ്‌സിൽ ഇയാൾ ഒളിവിൽ കഴിയുന്ന വിവരം ലഭിച്ചതോടെയാണ് കുടുങ്ങിയത്.
Adjust Story Font
16