‘സംസ്ഥാന കോൺഗ്രസിൽ ഇനി അനൈക്യം ഉണ്ടാകില്ല’; ഘടകകക്ഷികൾക്ക് ഉറപ്പുനൽകി ഹൈക്കമാൻഡ്
നിയമസഭാ സീറ്റ് വിഭജനം നേരത്തെയാക്കണമെന്ന് ഘടകകക്ഷികളുടെ ആവശ്യം

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ ഇനി അനൈക്യം ഉണ്ടാകില്ലെന്ന് യുഡിഎഫ് ഘടകകക്ഷികൾക്ക് ഉറപ്പുനൽകി ഹൈക്കമാൻഡ്. കേരളത്തിൻറെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ഘടകകക്ഷികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. സീറ്റ് വിഭജനം നേരത്തെ പൂർത്തീകരിക്കണമെന്ന് ഘടകകക്ഷികൾ ആവശ്യപ്പെട്ടു.
ഘടകക്ഷികളുമായുള്ള കൂട്ടിക്കാഴ്ച അസാധാരണമെല്ലെന്നാണ് കോൺഗ്രസ് ഹൈക്കമാൻഡിൻ്റെ വാദം. എന്നാൽ, കോൺഗ്രസ് നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ച് ഐക്യം ഉറപ്പിച്ചതിന് പിന്നാലെയാണ് ഘടകകക്ഷികളെ വെവ്വേറെ കേൾക്കാൻ ഹൈക്കമാൻഡ് പ്രതിനിധിയെ അയച്ചത്. ഘടകകക്ഷികളെ കണ്ട ദീപ ദാസ് മുൻഷി കേരളത്തിലെ കോൺഗ്രസിൽ ഇനിയൊരു പ്രശ്നവും ഉണ്ടാവില്ലെന്ന ഉറപ്പാണ് നൽകിയത്.
ഇക്കാര്യത്തിൽ ഉറപ്പു ലഭിച്ചുവെന്ന് കൂടിക്കാഴ്ചക്ക് ശേഷം മാണി സി. കാപ്പൻ തുറന്നുപറഞ്ഞു. മുന്നണി വിപുലീകരണം ചർച്ചയായെങ്കിലും പാലായുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം അറിയിച്ചു . നിയമസഭ പിടിക്കാൻ കേരള കോൺഗ്രസ് എമ്മിന്റെ ആവശ്യമില്ലെന്നായായിരുന്നു പി.ജെ ജോസഫിൻ്റെ നിലപാട്. സീറ്റ് വിഭജനം നേരത്തെ ആക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിഎംപി നേതാവ് സി.പി ജോണും സീറ്റ് വിഭജനം നേരത്തെയാക്കണമെന്ന് ആവശ്യപ്പെട്ടു. അനൂപ് ജേക്കബും ദീപാദാസ് മുൻഷിയെ കണ്ടു. വരുംദിവസങ്ങളിലും ഘടകകക്ഷി നേതാക്കളുമായുള്ള കൂടിക്കാഴ്ച തുടരും.
Adjust Story Font
16