Quantcast

രാമക്ഷേത്ര വിഷയത്തിൽ തീരുമാനം കോൺ​ഗ്രസ് ഹൈക്കമാൻഡ് പറയുമെന്ന് ദീപാ ദാസ് മുൻഷി; 'മറ്റ് പലതും ചെയ്ത് തീർക്കാനുണ്ട്'

എക്സിക്യുട്ടീവ് സമിതി യോ​ഗത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചർച്ച ചെയ്തതെന്നും ദീപാ ദാസ് പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2023-12-30 15:35:19.0

Published:

30 Dec 2023 12:05 PM GMT

High Command will take the decision on the Ram Temple issue Says Deepa Das Munshi
X

തിരുവനന്തപുരം: രാമക്ഷേത്ര വിഷയത്തിൽ താൻ അഭിപ്രായം പറയില്ലെന്നും കോൺഗ്രസ് ഹൈക്കമാൻഡ് ഔദ്യോഗികമായി തീരുമാനം അറിയിക്കുമെന്നും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി. കെ.പി.സി.സി എക്‌സിക്യുട്ടീവ് സമിതി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ദീപാ ദാസ്.

രാമക്ഷേത്രവുമായി ബന്ധപ്പെട്ട് ഹൈക്കമാൻഡ് തീരുമാനമെടുക്കും. എ.ഐ.സി.സി ആസ്ഥാനത്ത് നടക്കുന്ന വാർത്താസമ്മേളനത്തിൽ അക്കാര്യം അറിയിക്കും. തീരുമാനം വൈകുന്നില്ലെന്നും മറ്റ് പല കാര്യങ്ങളും ചെയ്ത് തീർക്കാനുണ്ടെന്നും അവർ പറഞ്ഞു. അതൊരു ക്ഷേത്രമാണ്, വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമാണ്. ഒരു രാഷ്ട്രീയപാർട്ടിയിൽ നിന്നും മറ്റൊരു രാഷ്ട്രീയ പാർട്ടിക്ക് ലഭിച്ച ക്ഷണമാണ്.

അതിനാൽ അതുമായി ബന്ധപ്പെട്ട തീരുമാനം എ.ഐ.സി.സി അറിയിക്കും. വ്യക്തിയെന്ന നിലയ്ക്കും കോൺഗ്രസ് പ്രവർത്തകയെന്ന നിലയ്ക്കും തനിക്ക് അക്കാര്യം പറയാനാവില്ലെന്നും ദീപാ ദാസ് പറഞ്ഞു. അതേസമയം, എക്സിക്യുട്ടീവ് സമിതി യോ​ഗത്തിൽ രാമക്ഷേത്ര വിഷയം ആരും ഉയർത്തിയില്ലെന്നും ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചർച്ച ചെയ്തതെന്നും ദീപാ ദാസ് പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുക എന്നതാണ് വിജയമന്ത്രം. ആ മന്ത്രം എപ്പോഴും കോൺഗ്രസിനൊപ്പമുണ്ട്. തെലങ്കാനയിൽ പരീക്ഷിച്ച് വിജയിച്ച വിജയമന്ത്രമാണതെന്നും അവർ വ്യക്തമാക്കി. രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തെ കുറിച്ചുള്ള ചോദ്യത്തിന് എന്തുകൊണ്ടാണ് സി.പി.ഐ രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കാത്തതെന്നായിരുന്നു ദീപാ ദാസിന്റെ മറുചോദ്യം.

അതേസമയം, രാമക്ഷേത്ര പ്രതിഷ്ഠാദിനത്തെക്കുറിച്ച് അനാവശ്യ വിവാദങ്ങൾ വേണ്ടെന്ന് കെ.പി.സി.സി എക്സിക്യൂട്ടീവ് യോഗത്തിൽ ദീപാ ദാസ് മുൻഷി നേതാക്കളോട് നിർദേശിച്ചിരുന്നു. വിഷയത്തിൽ ഹൈക്കമാൻഡ് തീരുമാനം എടുക്കും. വിവാദ വിഷയങ്ങളിൽ പരസ്യ പ്രതികരണങ്ങൾ പാടില്ലെന്നും ദീപാ ദാസ് മുൻഷി യോഗത്തിൽ നിർദേശം നൽകി.

രാമക്ഷേത്ര പ്രതിഷ്ഠാ ദിന ചടങ്ങുമായി ബന്ധപ്പെട്ട് നേരത്തെ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിൽ നേതാക്കൾ പരസ്യ പ്രതികരണത്തിന് മുതിരരുതെന്ന് എഐസിസി നിർദേശിച്ചിരുന്നു. ആവശ്യമായ സന്ദർഭത്തിൽ എഐസിസി നേതൃത്വം ഇക്കാര്യത്തിൽ ഔദ്യോഗിക നിലപാടെടുക്കുമെന്നും അറിയിച്ചിരുന്നു.

എന്നാൽ ഇന്ന് നടന്ന കെ.പി.സി.സി എക്‌സിക്യുട്ടീവ് യോഗത്തിൽ ചില നേതാക്കൾ രാമക്ഷേത്ര വിഷയം ഉയർത്തിക്കാട്ടി. ഔദ്യോഗിക നിലപാട് സ്വീകരിക്കാൻ വൈകുന്ന ഓരോ നിമിഷവും കേരളത്തിലെ കോൺഗ്രസിന് പ്രതിസന്ധിയുണ്ടാകും, സിപിഎം ഇത് രാഷ്ട്രീയമായി മുതലെടുക്കുമെന്നും നേതാക്കൾ അറിയിച്ചു. അപ്പോഴാണ് ദീപാ ദാസ് മുൻഷി ഇവർക്ക് മുന്നറിയിപ്പ് നൽകിയത്.



TAGS :

Next Story