എന്തുകൊണ്ട് ഇന്നലെ പുറത്തിറങ്ങിയില്ല? നേരിട്ട് ഖേദം പ്രകടിപ്പിക്കണം; ബോബിക്കെതിരെ വീണ്ടും ഹൈക്കോടതി
എല്ലാം വില കൊടുത്തു വാങ്ങാം എന്നാണ് അദ്ദേഹം വിചാരിക്കുന്നത്
കൊച്ചി: ജാമ്യം നൽകിയിട്ടും പുറത്തിറങ്ങാൻ വൈകിയ ബോബി ചെമ്മണൂരിന് ഹൈക്കോടതിയുടെ കടുത്ത ശകാരം. ബോബിയുടേത് നാടകമെന്നും തടവുകാര്‍ക്കൊപ്പം ജയിലില്‍ ആസ്വദിക്കട്ടെയെന്നും കോടതിയുടെ വിമർശനം. ബോബി മാപ്പപേക്ഷിച്ചെങ്കിലും കോടതി ചെവി കൊടുത്തില്ല. ഒന്നേ മുക്കാലിന് നേരിട്ടെത്തി ഖേദം പ്രകടിപ്പിക്കാൻ കോടതി നിർദേശം നല്‍കി. ജുഡീഷ്യറിയോടാണ് അദ്ദേഹം കളിക്കുന്നതെന്നും കോടതി പറഞ്ഞു. അതിനിടെ ഉച്ചക്ക് 12 മണിക്ക് തൃശൂരിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനം ബോബി നാല് മണിയിലേക്ക് മാറ്റി.
എല്ലാം വില കൊടുത്തു വാങ്ങാം എന്നാണ് അദ്ദേഹം വിചാരിക്കുന്നത്. അത് ഒരുതരത്തിലും വെച്ചുപൊറുപ്പിക്കില്ലെന്നും കോടതി പറഞ്ഞു. പുറത്തിറങ്ങിയിട്ട് അദ്ദേഹം എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നത് ഉറപ്പാക്കാന്‍ കോടതി പ്രോസിക്യൂട്ടർക്ക് നിർദേശം നല്‍കി. അതുകൂടി കേട്ട ശേഷം തീരുമാനിക്കാമെന്നും വ്യക്തമാക്കി.
അതേസമയം ജാമ്യ ബോണ്ടിൽ ഒപ്പിടില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് ബോബി ചെമ്മണൂർ മീഡിയവണിനോട് പറഞ്ഞു. ഇന്ന് രാവിലെയാണ് ബോണ്ടിൽ ഒപ്പിടാൻ തന്നെ സമീപിച്ചത്. കോടതിയെ ധിക്കരിച്ചിട്ടില്ല . എന്തോ തെറ്റിദ്ധാരണയാണ് കോടതിയുടെ വിമർശനത്തിലേക്ക് നയിച്ചത്. താൻ നീതി ന്യായ വ്യവസ്ഥയിൽ വിശ്വസിക്കുകയും കോടതിയെ ബഹുമാനിക്കുകയും ചെയ്യുന്നുവെന്നും ബോബി പറഞ്ഞു.
Adjust Story Font
16