'മറ്റൊരു അപകടമുണ്ടാകാൻ കാത്തിരിക്കുകയാണോ?'; ട്രാൻസ്‌പോർട്ട് കമ്മീഷണറോട് ഹൈക്കോടതി
റോഡ് സുരക്ഷക്കായുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായി കമ്മീഷണർ എസ് ശ്രീജിത്ത് കോടതിയെ അറിയിച്ചു
കൊച്ചി: വടക്കഞ്ചേരി അപകടത്തിൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ ഹൈക്കോടതിയിൽ ഹാജരായി വിശദീകരണം നൽകി. അപകടത്തിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതി വിളിപ്പിച്ചതിനെ തുടർന്നാണ് കമ്മീഷണർ എത്തിയത്. റോഡ് സുരക്ഷക്കായുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായി കമ്മീഷണർ എസ് ശ്രീജിത്ത് കോടതിയെ അറിയിച്ചു.
ഒരു അപകടമുണ്ടായി കഴിഞ്ഞാൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള തുടർനടപടികൾക്ക് എന്തുകൊണ്ടാണ് കാലതാമസം നേരിടുന്നതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. തുടർ നടപടികൾ സ്വീകരിക്കാൻ മറ്റൊരു അപകടമുണ്ടാകാൻ കാത്തിരിക്കുകയാണോ എന്നും കോടതി കുറ്റപ്പെടുത്തി. ഇനിയൊരു അപകടമുണ്ടാകുന്നത് തടയണമെന്നും കോടതി കർശന നിർദ്ദേശം നൽകി.
ബസുകൾ നിരവധി അപകടങ്ങൾ ഉണ്ടാക്കുന്നു എന്ന പരാതികൾ കോടതിയിൽ അഭിഭാഷകരടക്കം ധരിപ്പിച്ചിട്ടുണ്ട്. സ്വകാര്യ ബസുകൾക്കും കെഎസ്ആർടിസി ബസുകൾക്കുമെതിരെയും വ്യാപക പരാതികളാണുയരുന്നത്. ഇതിനെതിരെ ട്രാൻസ്‌പോർട്ട് കമ്മീഷണർ കർശന നടപടി സ്വീകരിക്കേണ്ടതുണ്ട്. അല്ലെങ്കിൽ ഇനിയും ഇത്തരത്തിലുള്ള അപകടങ്ങൾ ക്ഷണിച്ചുവരുത്തുമെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇത്തരത്തിൽ അപകടങ്ങൾ വരുത്തുന്ന ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കണമെന്ന് കോടതി ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് നിർദ്ദേശം നൽകി. വിഷയം ഗൗരവമായി എടുക്കുന്നുവെന്നും കർശന നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും റോഡ് സുരക്ഷാ കമ്മീഷന്റെ ചാർജ് കൂടിയുള്ള ട്രാൻസ്‌പോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത് കോടതിയെ അറിയിച്ചു. വടക്കഞ്ചേരി അപകടത്തിന്റെ ധാർമികമായ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും കമ്മീഷണർ കോടതിയിൽ പറഞ്ഞു. കേസിൽ വാദം തുടരുകയാണ്.
Adjust Story Font
16