Quantcast

ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക്; നിയന്ത്രണത്തിന് നിർദ്ദേശങ്ങളുമായി ഹൈക്കോടതി

അടുത്ത മൂന്ന് ദിവസങ്ങൾ കൂടി ശബരിമലയിൽ വലിയ തിരക്കുണ്ടായേക്കുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    10 Dec 2022 7:30 AM GMT

ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക്; നിയന്ത്രണത്തിന് നിർദ്ദേശങ്ങളുമായി ഹൈക്കോടതി
X

കൊച്ചി: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ നിർദ്ദേശങ്ങളുമായി ഹൈക്കോടതി. തിരക്ക് കൂടുതലുള്ള ദിവസങ്ങളിൽ അഷ്ടാഭിഷേകത്തിന്റെ എണ്ണം കുറയ്ക്കുന്ന കാര്യം പരിഗണിക്കണം. പമ്പ-നിലയ്ക്കൽ ചെയിൻ സർവീസിന് ആവശ്യമായ ബസ് സർവീസുകൾ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട ഹരജി ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്നലെ വൈകിട്ട് പ്രത്യേക സിറ്റിങ്ങിൽ പരിഗണിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചിരിക്കുന്നത്. തിരക്ക് കൂടുതലുള്ള ദിവസം വിർച്വൽ ക്യൂ വഴി ദേവസ്വം ബോർഡിന് അറിയാൻ സാധിക്കും. ഈ ദിവസങ്ങളിൽ അഷ്ടാഭിഷേകം ഉൾപ്പടെയുള്ള കാര്യങ്ങൾ നിയന്ത്രിക്കണമെന്നാണ് ഹൈക്കോടതി നൽകിയ പ്രധാന നിർദ്ദേശം.

ആളുകൾ എത്തുന്നതനുസരിച്ച് വിർച്വൽ ക്യൂവിലും നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്നും കോടതി സൂചിപ്പിച്ചു. അതേസമയം, അടുത്ത മൂന്ന് ദിവസങ്ങൾ കൂടി ശബരിമലയിൽ വലിയ തിരക്കുണ്ടായേക്കുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചിട്ടുണ്ട്. ഇന്നലെ 130000ത്തിലധികം പേരാണ് വിർച്വൽ ക്യൂ വഴി ശബരിമല ദർശനത്തിനായി ബുക്ക് ചെയ്തിരുന്നത്. വ്യാഴാഴ്ച ഏകദേശം 90000ത്തോളം പേരും എത്തിയിട്ടുണ്ടെന്നാണ് ദേവസ്വം ബോർഡ് നൽകുന്ന വിവരം. ഇത് കണക്കിലെടുത്ത് തിരക്ക് നിയന്ത്രിച്ചുകൊണ്ട് ഭക്തർക്ക് സുഗമമായ ദർശനത്തിന് സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് നിർദ്ദേശിച്ചു.

വിഷയം പ്രത്യേകം പരിഗണിക്കാനും നടപടിയെടുക്കാനും ശബരിമല സ്‌പെഷ്യൽ കമ്മീഷണർക്ക് നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. എത്ര ആളുകൾ ദർശനത്തിന് എത്തുന്നുണ്ട് എന്നതുൾപ്പടെയുള്ള കാര്യങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശമുണ്ട്.

TAGS :

Next Story