മമ്മൂട്ടിയുടെ 40 ഏക്കർ സ്ഥലം പിടിച്ചെടുക്കുന്നത് തടഞ്ഞ് ഹൈക്കോടതി
1997ൽ കപാലി പിള്ള എന്നയാളിൽ നിന്നു വാങ്ങിയ ഭൂമി 1882 ലെ തമിഴ്‌നാട് വനനിയമത്തിനു കീഴിലുള്ള ചതുപ്പു നിലമാണെന്നും സംരക്ഷിത വനമായി നിലനിർത്തണമെന്നും സിഎൽഎ ഉത്തരവിട്ടതിനെതിരെയാണു മമ്മൂട്ടി കോടതിയെ സമീപിച്ചത്
നടൻ മമ്മൂട്ടിയുടെയും കുടുംബാംഗങ്ങളുടെയും ഉടമസ്ഥതയിൽ ചെങ്കൽപ്പെട്ട് കറുകഴിപ്പള്ളം ഗ്രാമത്തിലുള്ള 40 ഏക്കർ പിടിച്ചെടുക്കാനുള്ള നീക്കം തടഞ്ഞ് മദ്രാസ് ഹൈക്കോടതി. ചെങ്കൽപ്പെട്ട് കറുകഴിപ്പള്ളം ഗ്രാമത്തിലുള്ള സ്ഥലം സംരക്ഷിത വനമാണെന്നു പറഞ്ഞ് തിരിച്ചുപിടിക്കാനുള്ള കമ്മിഷണർ ഓഫ് ലാൻഡ് അഡ്മിനിസ്ട്രേഷന്റെ (സി.എൽ.എ) ശ്രമമാണ് താൽക്കാലികമായി തടഞ്ഞത്. ഇനി ഒരു ഉത്തരവുണ്ടാകുന്നതു വരെ ഹർജിക്കാർക്കെതിരെ നടപടി പാടില്ലെന്നും കോടതി നിർദേശിച്ചു.
ഈ വർഷം മാർച്ചിലാണ് മമ്മൂട്ടിയുടേയും മകൻ ദുൽഖർ സൽമാന്റേയും കുടുംബത്തിന്റേയും പേരിലുള്ള ഭൂമി പിടിച്ചെടുക്കാൻ സിഎൽഎ ഉത്തരവിടുന്നത്. തമിഴ്‌നാട് വനനിയമത്തിനു കീഴിലുള്ള ചതുപ്പു നിലമാണെന്നും സംരക്ഷിത വനമായി നിലനിർത്തണമെന്നും പറഞ്ഞായിരുന്നു നടപടി. ഇതിനെതിരെയും താരകുടുംബ ജോയിന്റ് റിട്ട് ഫയൽ ചെയ്തത്. എന്നാൽ ഭൂമിയുടെ വിനിമയത്തിൽ സർക്കാർ ഉദ്യോഗസ്ഥരുടെ നടപടിയിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നും വകുപ്പു തല നടപടികളുമായി മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കി.
1997ൽ കപാലി പിള്ള എന്നയാളിൽ നിന്നു വാങ്ങിയ ഭൂമി 1882 ലെ തമിഴ്‌നാട് വനനിയമത്തിനു കീഴിലുള്ള ചതുപ്പു നിലമാണെന്നും സംരക്ഷിത വനമായി നിലനിർത്തണമെന്നും സിഎൽഎ ഉത്തരവിട്ടതിനെതിരെയാണു മമ്മൂട്ടി കോടതിയെ സമീപിച്ചത്. 1929ൽ 247 ഏക്കർ കൃഷിഭൂമിയുടെ ഭാഗമായിരുന്ന സ്ഥലം പിന്നീട് വിവിധ കൈമാറ്റങ്ങളിലൂടെയാണു മമ്മൂട്ടിയിൽ എത്തിയത്. എന്നാൽ, പിന്നീട് കപാലി പിള്ളയുടെ മക്കൾ ഭൂമിയിടപാട് റദ്ദു ചെയ്തു. പിന്നാലെ പട്ടയം സിഎൽഎയും റദ്ദാക്കി. ഇതിനെതിരെ മമ്മൂട്ടി 2007ൽ ഹൈക്കോടതിയുടെ അനുകൂല ഉത്തരവു നേടി. എന്നാൽ, അന്നത്തെ ഉത്തരവ് സ്വമേധയാ പുനഃപരിശോധിച്ച് ഭൂമി പിടിച്ചെടുക്കാൻ 4 മാസം മുൻപു സി.എൽ.എ നീക്കം തുടങ്ങിയതോടെയാണു കേസ് വീണ്ടും ഹൈക്കോടതിയിലെത്തിയത്.
Adjust Story Font
16