എഫ്.ഐ.ആർ റദ്ദാക്കണമെന്ന ദിലീപിന്‍റെ ഹരജി: ഹൈക്കോടതി സര്‍ക്കാരിന്‍റെ വിശദീകരണം തേടി
തനിക്കെതിരായ പീഡന പരാതിയില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി
വധഗൂഢാലോചന കേസിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്ന ദിലീപിന്‍റെ ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്‍റെ വിശദീകരണം തേടി. കേസ് രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി. കേസിന്‍റെ പേരില്‍ തന്നെ പൊലീസ് പീഡിപ്പിക്കുകയാണെന്നും വേഗത്തില്‍ ഹരജി തീര്‍പ്പാക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു. എന്നാല്‍ പൊലീസ് പീഡനമെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അറിയിച്ചു.
തനിക്കെതിരായ പീഡന പരാതിയില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കേസിന് പിന്നില്‍ ദിലീപാണെന്നാണ് ബാലചന്ദ്ര കുമാറിന്‍റെ ആരോപണം.
അതിനിടെ നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെ ചോദ്യംചെയ്തു. തിങ്കളാഴ്ച ദിലീപിന്റെ സഹോദരന്‍ അനൂപിനെയും സഹോദരീ ഭര്‍ത്താവ് സുരാജിനെയും വീണ്ടും ചോദ്യംചെയ്യും.
ദിലീപിനെതിരെയുള്ള പുതിയ കേസുമായി ബന്ധപ്പെട്ട് മൂന്ന് ദിവസം മുന്‍പാണ് നാദിര്‍ഷയെ ക്രൈംബ്രാഞ്ച് സംഘം ചോദ്യംചെയ്തത്. ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ഗൂഢാലോചനയുടെ വിവരം ദിലീപ് നാദിര്‍ഷയോട് പറഞ്ഞിരുന്നോ എന്ന കാര്യമാണ് പ്രധാനമായും ക്രൈംബ്രാഞ്ച് ചോദിച്ചറിഞ്ഞത്. മൂന്ന് മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലില്‍ ഇരുവരും ഒരുമിച്ചുള്ള ഇടപാടുകളെക്കുറിച്ചും അന്വേഷണ സംഘം ചോദിച്ചറിഞ്ഞു. ദിലീപിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചറിയാന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ ഇന്നലെ ചോദ്യംചെയ്തിരുന്നു.
Adjust Story Font
16