സ്‌കൂളിൽ അവധിക്കാല ക്ലാസുകൾ നടത്താമെന്ന് ഹൈക്കോടതി; സർക്കാർ ഉത്തരവിന് സ്റ്റേ
കൃത്യമായ കാരണങ്ങൾ ഇല്ലാതെ അവധിക്കാല ക്ലാസുകൾ തടയാനാവില്ലെന്ന് ഹൈക്കോടതി
എറണാകുളം: സ്കൂളിൽ അവധിക്കാല ക്ലാസുകൾ നടത്താമെന്ന് ഹൈക്കോടതി. വെക്കേഷൻ ക്ലാസുകൾ വേണ്ടെന്ന സർക്കാർ ഉത്തരവ് സ്‌റ്റേ ചെയ്തതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ പരാമർശം. രണ്ടാഴ്ചത്തെക്കാണ് സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തത്. സി.ബി.എസ്.ഇ സ്‌കൂൾ മാനേജ്‌മെന്റുകളടക്കമുള്ളവരുടെ ഹരജികളിലാണ് ഉത്തരവ്.
കൃത്യമായ കാരണങ്ങൾ ഇല്ലാതെ അവധിക്കാല ക്ലാസുകൾ തടയാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ചൂടിനെ പ്രതിരോധിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി ക്ലാസുകൾ നടത്താം. വിദ്യാർത്ഥികളുടെ ഗുണത്തിനാണ് അവധിക്കാല ക്ലാസുകളെന്നും കോടതി നിരീക്ഷിച്ചു.
അവധിക്കാല ക്ലാസ് നിരോധിച്ചുകൊണ്ടുള്ള 2017ലെ സർക്കാർ ഉത്തരവ് കർശനമായി പാലിക്കണമെന്നും ഇക്കാര്യം വിദ്യാഭ്യാസ ഓഫിസർമാർ ഉറപ്പു വരുത്തണമെന്നും നിർദേശം ലംഘിച്ചു ക്ലാസ് നടത്തുന്ന സ്‌കൂളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ കഴിഞ്ഞ ദിവസം സർക്കുലർ ഇറക്കിയിരുന്നു. അവധിക്കാലത്ത് ഒരു തരത്തിലുമുള്ള ക്ലാസും നടത്തരുതെന്നായിരുന്നു 2017ലെ ഉത്തരവ്. ദേശീയ ബാലാവകാശ കമ്മിഷന്റെ കൂടി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു അത്.
വേനൽ ചൂട് കടുക്കുന്ന ഏപ്രിൽ, മേയ് മാസങ്ങളിൽ ക്ലാസുകൾ വയ്ക്കുന്നതു കുട്ടികളെ ബുദ്ധിമുട്ടിലാക്കുമെന്നും അന്നത്തെ സർക്കുലർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതു ലംഘിച്ച് ഇപ്പോഴും ഒട്ടേറെ സ്‌കൂളുകളിൽ അവധിക്കാല ക്ലാസുകൾ സംഘടിപ്പിക്കുന്നതായി വ്യാപക പരാതി ലഭിച്ച സാഹചര്യത്തിലാണു പഴയ ഉത്തരവ് കർശനമായി നടപ്പാക്കാൻ വീണ്ടും നിർദേശിച്ചത്.
Adjust Story Font
16