രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിലെ പ്രതികളുടെ അഭിഭാഷകർക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി
പ്രതികൾക്ക് അഭിഭാഷകരെ കണ്ടെത്താനായി വിചാരണ തുടങ്ങുന്നത് ഒരു മാസത്തേക്ക് നീട്ടിവെക്കാനും കോടതി നിർദേശിച്ചു
കൊച്ചി: ആലപ്പുഴ രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിലെ പ്രതികളുടെ അഭിഭാഷകർക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി. പ്രതികൾക്ക് അഭിഭാഷകരെ കണ്ടെത്താനായി വിചാരണ തുടങ്ങുന്നത് ഒരു മാസത്തേക്ക് നീട്ടിവെക്കാനും കോടതി നിർദേശിച്ചു. എന്നാൽ കേസിന്‍റെ വിചാരണ കോട്ടയത്തേക്ക് മാറ്റണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി. വിചാരണ നടക്കുമ്പോൾ മാവേലിക്കര കോടതി പരിസരത്ത് ആവശ്യമായ സുരക്ഷയൊരുക്കണമെന്നും സുരക്ഷയ്ക്കായി പൊലീസിനെ വിന്യസിക്കാനുമാണ് സർക്കാരിന് നിർദേശം നൽകിയത്. രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിലെ പ്രതികളുടെ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണായക തീരുമാനം.
അഭിഭാഷകരെ ലഭിക്കുന്നില്ലെന്നും, ലഭിക്കുന്ന അഭിഭാഷകരെ ഭീഷണിപ്പെടുത്തുകയാണെന്നുമുള്ള വാദത്തെ തുടർന്നാണ് പ്രതികൾക്ക് അഭിഭാഷകരെ കണ്ടെത്താനായി വിചാരണ തുടങ്ങുന്നത് ഒരു മാസത്തേക്ക് നീട്ടിവെക്കാൻ കോടതി നിർദേശിച്ചത്.
രഞ്ജിത്ത് ശ്രീനിവാസൻ ആലപ്പുഴ ബാർ അസോസിയേഷനിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനായിരുന്നതിനാൽ ആലപ്പുഴയിൽ കേസ് നടക്കുമ്പോള്‍ പ്രതികള്‍ക്ക് വക്കാലത്തിനായി അഭിഭാഷകനെ ലഭിക്കുന്നില്ലെന്ന പരാതി ഉണ്ടായിരുന്നു. അതിന്‍റെ പശ്ചാത്തലത്തിൽ എറണാകുളത്തേക്ക് കേസിന്‍റെ മുഴുവൻ നടപടി ക്രമങ്ങളും മാറ്റണമെന്ന ആവശ്യം ആദ്യം പ്രതികളുന്നയിച്ചിരുന്നു. എന്നാൽ ഈ ആവശ്യം തള്ളിക്കൊണ്ട് മാവേലിക്കര കോടതിയിൽ നടപടിക്രമങ്ങള്‍ പൂർത്തിയാക്കാൻ സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു. ആ സമയത്ത് തന്നെ കേസിൽ ഹൈക്കോടതി തീരുമാനമെടുക്കട്ടെ എന്നൊരു നിർദേശം വച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് കോട്ടയത്തേക്ക് വിചാരണ മാറ്റണമെന്ന ആവശ്യവുമായി പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.
Adjust Story Font
16