ചിന്താ ജെറോമിനെതിരെ പരാതി നല്‍കിയ യൂത്ത് കോൺഗ്രസ് നേതാവിന് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി
ചിന്താ ജെറോം, റിസോർട്ടുടമ എന്നിവരിൽ നിന്നടക്കം ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി വിഷ്ണു നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്.
കൊച്ചി: ആഡംബര റിസോർട്ടിലെ താമസവുമായി ബന്ധപ്പെട്ട് ചിന്താ ജെറോമിനെതിരെ പരാതി നൽകിയ യൂത്ത് കോൺഗ്രസ് നേതാവിന് പൊലീസ് സംരക്ഷണം ഉറപ്പാക്കാൻ ഹൈക്കോടതി നിർദേശം. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വിഷ്ണു സുനിൽ പന്തളത്തിാണ് സംരക്ഷണം നൽകാൻ കോടതി നിർദേശം നൽകിയത്. കൊട്ടിയം എസ്.എച്ച്.ഒക്കാണ് കോടതി നിർദേശം നൽകിയത്. തിങ്കളാഴ്ച്ച വരെ പൊലീസ് സംരക്ഷണം ഉറപ്പാക്കാനാണ് നിർദേശം. ചിന്താ ജെറോം, റിസോർട്ടുടമ എന്നിവരിൽ നിന്നടക്കം ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി വിഷ്ണു നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. ഹർജിയിൽ സർക്കാരിനോട് കോടതി നിലപാട് തേടി.
കൊല്ലം തങ്കശ്ശേരിയിലെ ഫോർ സ്റ്റാർ ഹോട്ടലിൽ ചിന്ത കുടുംബത്തോടൊപ്പം ഒന്നേമുക്കാൽ വർഷം താമസിച്ചുവെന്നും ഇതിന്റെ വരുമാന സ്രോതസ് കാണിക്കണമെന്നുമാണ് വിഷ്ണു സുനിൽ പന്തളം പരാതിയിൽ പറഞ്ഞത്. 8500 രൂപ ശരാശരി ദിവസ വാടക വരുന്ന അപാർട്‌മെൻറാണിതെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.
എങ്കിൽ 38 ലക്ഷത്തോളം രൂപ ചിന്ത നൽകേണ്ടി വരും. ഇത്രയും പണം യുവജന കമ്മീഷൻ അധ്യക്ഷക്ക് എങ്ങനെ കിട്ടിയെന്നും ചിന്തയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നും വിജിലൻസിനും എൻഫോഴ്‌സ്‌മെൻറ് ഡയറക്ട്രേറ്റിലും നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. എന്നാൽ അമ്മയുടെ അസുഖവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കാണ് റിസോർട്ടിൽ തമസിച്ചതെന്നായിരുന്നു വിഷയത്തിൽ ചിന്തയുടെ വിശദീകരണം.
''അമ്മയും ഞാനും മാത്രമാണ് വീട്ടിലുള്ളത്. കോവിഡ് സമയത്ത് അമ്മയ്ക്ക് സ്‌ട്രോക്ക് വന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിലായിരുന്നു ആദ്യം ചികിത്സ. അറ്റാച്ച്ഡ് ബാത്ത് റൂം ആവശ്യമായ സാഹചര്യത്തിൽ വീട് പുതുക്കി പണിയാൻ തീരുമാനിച്ചു. അമ്മയ്ക്ക് ആയുർവേദ ചികിത്സയും തീരുമാനിച്ചു. ഞാൻ വിദേശത്ത് പോയപ്പോഴൊക്കെ അമ്മ താമസിച്ചിരുന്നത് കൃഷ്ണപുരം ആയുർവേദ ആശുപത്രിയിലെ ഡോക്ടറുടെ വീട്ടിലാണ്. അവർ താമസിക്കുന്ന അപ്പാർട്ട്മെന്റിന്റെ താഴത്തെ നിലയിൽ ഒഴിവുണ്ടെന്ന് അറിഞ്ഞപ്പോൾ അങ്ങോട്ടേക്ക് മാറുകയായിരുന്നു. 20000 രൂപയാണ് മാസവാടക. കോവിഡ് സാഹചര്യത്തിൽ വീടുപണി നീണ്ടുപോയി. അമ്മയുടെ അസുഖം, ഞങ്ങളുടെ താമസം പോലുളള തീർത്തും സ്വകാര്യമായ കാര്യങ്ങൾ പരസ്യമാക്കുന്നതിൽ പ്രയാസമുണ്ട്'' ചിന്താ ജെറോ പറഞ്ഞു.
Adjust Story Font
16