പ്രിയാ വർഗീസ് കേസിലെ ഹൈക്കോടതി വിധി കോളജ് പ്രിൻസിപ്പൽമാരെയും ബാധിക്കാൻ സാധ്യത
കോടതിവിധി പ്രകാരം ഡെപ്യൂട്ടേഷൻ കാലയളവ് ഒഴിവാക്കിയാൽ പല പ്രിൻസിപ്പൽമാരുടെയും അധ്യാപന പരിചയം 15 വർഷത്തിൽ താഴെയാകും
തിരുവനന്തപുരം: പ്രിയാ വർഗീസ് കേസിലെ ഹൈക്കോടതി വിധി കോളജ് പ്രിൻസിപ്പൽമാരെയും ബാധിക്കാൻ സാധ്യത. കോടതിവിധി പ്രകാരം ഡെപ്യൂട്ടേഷൻ കാലയളവ് ഒഴിവാക്കിയാൽ പല പ്രിൻസിപ്പൽമാരുടെയും അധ്യാപന പരിചയം പതിനഞ്ച് വർഷത്തിൽ താഴെയാകും. ഡെപ്യൂട്ടേഷൻ സർവീസ് അധ്യാപന പരിചയമായി കണക്കാക്കാം എന്ന സർക്കാർ ഉത്തരവും ഇതോടെ അസാധുവാകും
യു.ജി.സി. നിഷ്കർഷിച്ച അധ്യാപനപരിചയം ഇല്ലെന്ന് കാട്ടിയാണ് കണ്ണൂർ സർവകലാശാലയിലെ പ്രിയാ വർഗീസിന്റെ നിയമനം കോടതി റദ്ദാക്കിയത്. ഡെപ്യൂട്ടേഷൻ കാലയളവും അഡ്മിനിസ്ട്രേറ്റീവ് പദവികളും നിയമനത്തിനു വേണ്ട യോഗ്യതയായി പരിഗണിക്കാൻ സാധിക്കില്ലെന്ന് കോടതി വിധിയിൽ പറയുന്നു. ഈ വിധിപ്രകാരം സംസ്ഥാനത്തെ പല കോളേജ് പ്രിൻസിപ്പൽമാരുടെ നിയമനങ്ങളും തുലാസിൽ ആയേക്കും.
കോളേജ് പ്രിൻസിപ്പൽമാരായി സ്ഥാനക്കയറ്റം നൽകണമെങ്കിൽ പതിനഞ്ച് വർഷം അധ്യാപന പരിചയം വേണമെന്നാണ് യു.ജി.സി ചട്ടം. പക്ഷെ ഡെപ്യൂട്ടേഷൻ കാലയളവ് ഒഴിവാക്കിയാൽ പലർക്കും ഈ അധ്യാപന പരിചയം ഉണ്ടാകില്ല. അതുകൊണ്ടാണ് ഡെപ്യൂട്ടേഷൻ സർവീസ് കൂടി യോഗ്യതയായി കണക്കാക്കാമെന്ന് കാട്ടി സർക്കാർ ഉത്തരവ് ഇറക്കിയത്. കോടതി വിധിയുടെ പശ്ചാത്തലത്തിൽ യു.ജി.സി ചട്ടം മറികടന്നു കൊണ്ടുള്ള ഈ ഉത്തരവും അസാധുവാകും. പ്രിൻസിപ്പൽമാരില്ലാത്ത 66 കോളജുകളിലേക്കുള്ള പട്ടിക തയ്യാറാക്കിയെങ്കിലും നിയമനം നടന്നിട്ടില്ല. ഹൈക്കോടതി വിധി പ്രകാരം ഇതിലുൾപ്പെട്ടവരും അയോഗ്യരായേക്കും.
Adjust Story Font
16