'വിദ്യാർഥികളുടെ പ്രായത്തിന് അനുസരിച്ചുള്ള പാഠ്യപദ്ധതി തയ്യാറാക്കണം': ഹൈക്കോടതി
'ലൈംഗിക ദുരുപയോഗം തടയാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം'
കൊച്ചി: വിദ്യാർഥികളുടെ പ്രായത്തിന് അനുസരിച്ച് പാഠ്യപദ്ധതി തയ്യാറാക്കണമെന്ന് ഹൈക്കോടതി. ലൈംഗിക ദുരുപയോഗം തടയാനുള്ള മാർഗനിർദേശങ്ങൾ ഉൾപ്പെടുത്തി രണ്ട് മാസത്തിനകം പാഠ്യപദ്ധതി തയ്യാറാക്കാനാണ് നിർദേശം.
പോക്സോ നിയമ വ്യവസ്ഥകളും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 376 ലെ വ്യവസ്ഥകളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് നിർദേശമുണ്ട്. ജസ്റ്റിസ് ബച്ചുകുര്യന്‍ തോമസിന്റേതാണ് ഉത്തരവ്.
വിദ്യാഭ്യാസ വകുപ്പിനും സിബിഎസ്ഇക്കുമാണ് കോടതി ഇതു സംബന്ധിച്ച നിർദേശം നൽകിയത്. ഒരു പോക്‌സോ കേസ് പ്രതിയുടെ ജാമ്യഹർജി പരിഗണിക്കുന്ന വേളയിലാണ് കോടതി നിർദേശം മുന്നോട്ടു വച്ചത്. രണ്ട് മാസങ്ങൾക്ക് മുമ്പ് കോടതി ഇതിൽ സിബിഎസ്ഇയെയും സർക്കാരിനെയും കക്ഷി ചേർത്തിരുന്നു. ഇന്നാണ് കോടതി ഇത് നിർദേശമായി നൽകിയത്.
പോക്‌സോ കേസിലെ പ്രതികളിൽ കുട്ടികളുമുൾപ്പെട്ടിട്ടുള്ളതിനാൽ നിയമത്തെക്കുറിച്ച് അവബോധമുണ്ടാക്കാനാണ് നിയമവ്യവസ്ഥകൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ നിർദേശം.
Adjust Story Font
16