ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ്: കെ.ഡി പ്രതാപനും ശ്രീനക്കും ഇ.ഡി നോട്ടീസ് നൽകും
ഹവാല ഇടപാടുകളിലൂടെ 100 കോടി രൂപ വിദേശത്തേക്ക് കടത്തിയെന്ന കേസിലാണ് ഇവരെ ചോദ്യം ചെയ്യുക
തൃശ്ശൂര്‍: ഹൈറിച്ച് ഓൺലൈൻ ഉടമകളായ കെ.ഡി പ്രതാപനും ശ്രീനക്കും ചോദ്യം ചെയ്യാൻ ഹാജരാകാനാവശ്യപ്പെട്ട് ഇ.ഡി നോട്ടീസ് നൽകും. ഹവാല ഇടപാടുകളിലൂടെ 100 കോടി രൂപ വിദേശത്തേക്ക് കടത്തിയെന്ന കേസിലാണ് ഇവരെ ചോദ്യം ചെയ്യുക. ഇന്നലെ ഉടമകളുടെ വീട്ടിലും ഓഫീസിലും ഇ.ഡി നടത്തിയ റെയ്ഡ് 10 മണിക്കൂർ നീണ്ടുനിന്നു. ലാഭവിഹിതവും മറ്റ് ആനുകൂല്യങ്ങളും നൽകുമെന്ന് വിശ്വസിപ്പിച്ച് നിക്ഷേപം സ്വീകരിച്ച പ്രതികൾ ഇത് വിദേശത്തേക്ക് കടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്നലെ ഉടമകളുടെ വീട്ടിൽ ഇ.ഡി റെയ്ഡ് നടത്തിയത്.
ഇ.ഡി റെയ്ഡിന് മുമ്പ് ഹൈറിച്ച് ഓൺലൈൻ ഉടമകളായ കെ.ഡി പ്രതാപനും ശ്രീനയും മുങ്ങിയിരുന്നു. 3000 പേരിൽ നിന്നും അഞ്ച് ലക്ഷം രൂപ വീതം വാങ്ങി സ്വരൂപിച്ച 150 കോടി രൂപയിൽ 100 കോടി രൂപ ഹവാല ഇടപാടുകൾ വഴി കമ്പനി ഉടമകൾ വിദേശത്തേക്ക് കടത്തിയെന്നാണ് പരാതി. യു.കെ ആസ്ഥാനമായി കമ്പനി രജിസ്റ്റർ ചെയ്ത് ബിറ്റ് കോയിൻ ഇടപാടുകൾ വഴിയും തട്ടിപ്പ് നടത്തി.
റെയ്ഡിൽ ഇ.ഡിക്ക് നിർണായക വിവരങ്ങൾ ലഭ്യമായിട്ടുണ്ടെന്നാണ് വിവരം. 15 സംസ്ഥാനങ്ങളിലായി കമ്പനിക്കുള്ള 69 അക്കൗണ്ടുകളുടെ വിവരങ്ങളും ഇഡി പരിശോധിച്ച് വരികയാണ്. ഹൈറിച്ച് ഉടമകളായ കെഡി പ്രതാപനും ശ്രീനക്കും ചോദ്യം ചെയ്യാനാവശ്യപ്പെട്ട് ഇ ഡി ഉടനെ നോട്ടീസ് നൽകും. അതേസമയം ഇ.ഡി റെയ്ഡ് സാധാരണ നടപടി മാത്രമാണെന്ന് പ്രചരിപ്പിച്ച് ഇടപാടുകാരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം ഹൈറിച്ച് മാനേജ്‌മെന്റ് തുടരുകയാണ്.
ഇതിലൂടെ കൂടുതൽ നിക്ഷേപകർ പരാതി നൽകുന്നത് തടയാനുള്ള ശ്രമമാണ് ഹൈറിച്ച് മാനേജ്‌മെന്റ് നടത്തുന്നത്. ഹൈറിച്ച് ഓൺലൈനുമായി ബന്ധപ്പെട്ട് 1,630 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് പൊലീസ് റിപ്പോർട്ട്. ഇത് കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പാണെന്നാണ് പൊലീസ് പറയുന്നത്.
Adjust Story Font
16