തട്ടം പരാമർശം: ഗോവിന്ദൻ മാസ്റ്ററുടെ വിശദീകരണം എന്റെ നിലപാട് - കെ. അനിൽകുമാർ
ഗോവിന്ദൻ മാസ്റ്ററുടെ വിശദീകരണം കമ്യൂണിസ്റ്റുകാരനെന്ന നിലയിൽ താൻ ഏറ്റെടുക്കുന്നുവെന്നും അനിൽകുമാർ പറഞ്ഞു.
അഡ്വ. കെ. അനില്‍കുമാര്‍
തിരുവനന്തപുരം: തട്ടം വിവാദത്തിൽ പാർട്ടി ചൂണ്ടിക്കാട്ടിയത് ഒരു കമ്യൂണിസ്റ്റുകാരനെന്ന നിലയിൽ താൻ ഏറ്റെടുക്കുന്നുവെന്നും പാർട്ടി നിലപാടാണ് തന്റെയും നിലപാടെന്നും സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ. അനിൽകുമാർ. കേവല യുക്തിവാദത്തിനെതിരെയും ഫാഷിസ്റ്റ് - തീവ്രവാദ രാഷ്ട്രീയങ്ങൾക്കെതിരെയും എല്ലാവരേയും അണിനിരത്തേണ്ട സമരത്തിൽ ഒരുമിക്കാൻ പാർട്ടി നൽകിയ വിശദീകരണം വളരെ സഹായിക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
തട്ടം തലയിലിടാൻ വന്നാൽ വേണ്ട എന്ന് പറയാൻ മലപ്പുറത്തെ പെൺകുട്ടികൾ പഠിച്ചത് കമ്യൂണിസ്റ്റ് പാർട്ടിയുടെ വരവോടെയാണെന്ന് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന നാസ്തിക സമ്മേളനത്തിൽ അനിൽകുമാർ പ്രസംഗിച്ചിരുന്നു. ഇത് വൻ വിവാദമായതോടെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വിശദീകരണവുമായി രംഗത്തെത്തി.
അനിൽകുമാർ പറഞ്ഞത് പാർട്ടി നിലപാടല്ലെന്നായിരുന്നു എം.വി ഗോവിന്ദന്റെ വിശദീകരണം. വസ്ത്രധാരണം വ്യക്തിസ്വാതന്ത്ര്യവും ജനാധിപത്യാവകാശവുമാണ്. അതിൽ കടന്നുകയറുന്ന നിലപാട് ആരും സ്വീകരിക്കരുതെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു.
Adjust Story Font
16