ഹിജാബ് നിരോധനം: വിധിയെ സ്വാഗതം ചെയ്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
മുസ്‌ലിം പെൺകുട്ടികൾക്ക് മുഖ്യധാരയിലേക്ക് വരാനുള്ള അവസരമാണ് വിധിയെന്ന് ഗവർണർ പറഞ്ഞു.
ഹിജാബ് നിരോധിച്ചുള്ള കർണാടക സർക്കാരിന്റെ ഉത്തരവ് ശരിവെച്ച ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുസ്‌ലിം പെൺകുട്ടികൾക്ക് മുഖ്യധാരയിലേക്ക് വരാനുള്ള അവസരമാണ് വിധിയെന്ന് ഗവർണർ പറഞ്ഞു. രാജ്യ പുരോഗതിയിൽ മറ്റ് കുട്ടികളെ പോലെ മുസ്ലിം പെൺകുട്ടികൾക്കും സംഭാവന നല്കാൻ കഴിയുമെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിനെതിരായ വിദ്യാർഥികളുടെ ഹരജി തള്ളി കർണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ചാണ് വിധി പറഞ്ഞിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെഎം ഖാസി എന്നിവരടങ്ങുന്നതാണ് ബെഞ്ച്. പിയു കോളജിൽ ഏർപ്പെടുത്തിയ ഹിജാബ് വിലക്ക് തുടരുമെന്നും കോടതി വ്യക്തമാക്കി. 11 ദിവസമാണ് ഹരജിയിൽ വാദം നടന്നിരുന്നത്. മതാചാരത്തിന്റെ ഭാഗമായി ഹിജാബ് അനുവദിക്കണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം. എന്നാൽ ഒഴിച്ചുകൂടാനാകാത്ത മതാചാരമാണെന്ന് തെളിയിക്കാനായില്ലെന്ന് കോടതി വിലയിരുത്തുകയായിരുന്നു. ഒഴിച്ചുകൂടാനാകാത്ത മതാചാരങ്ങളുടെ കൂട്ടത്തിൽ ഹിജാബ് ഉൾപ്പെടുത്താനാകില്ലെന്ന് കർണാടക സർക്കാർ വാദിച്ചിരുന്നു. സ്ഥാപനങ്ങളിൽ യൂണിഫോം അനുവദിക്കുന്നത് ഭരണഘടനാപരമാണെന്നും അതു സംബന്ധിച്ച് സർക്കാറിന് ഉത്തരവിറക്കാൻ അനുമതി ഉണ്ടെന്നും കോടതി വിലയിരുത്തി. ഹൈക്കോടതി ഉത്തരവിന്റെ പൂർണ രൂപം ലഭിച്ച ശേഷം സുപ്രിം കോടതിയെ സമീപിക്കുമെന്ന് ഹരജിക്കാർ അറിയിച്ചു.
വിധി വരുന്ന പശ്ചാത്തലത്തിൽ ബംഗളൂരുവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി പൊലീസ് കമ്മീഷണർ കമാൽ പന്ത് അറിയിച്ചിരുന്നു. ഇന്ന് മുതൽ 21 വരെയാണ് നിരോധനാജ്ഞ. ആഹ്ലാാദപ്രകടനങ്ങൾ, പ്രതിഷേധങ്ങൾ, ഒത്തുചേരലുകൾ എന്നിവയ്ക്കെല്ലാം സമ്പൂർണ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ദക്ഷിണ കന്നഡ ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി നൽകിയിട്ടുണ്ട്. പൊതുസ്ഥലങ്ങളിലെ ആഘോഷങ്ങൾക്കും നിരോധനം ബാധകമാണ്. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകൾക്കും കോളേജുകൾക്കും പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ദക്ഷിണ കന്നഡ ജില്ലയിലെ അംഗൻവാടികൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി നൽകിയതായി ജില്ലാ ഭരണകൂടം അറിയിച്ചു
Adjust Story Font
16