'മുസ്‍ലിമാണോ? വാടക വീടില്ല': ഉത്തരേന്ത്യ കേരളത്തിലേക്ക് നടന്നുവന്നിരിക്കുന്നുവെന്ന് ഷാജികുമാര്‍
പേര് ഷാജിയെന്ന് പറഞ്ഞപ്പോള്‍ മുസ്‍ലിമാണോയെന്ന് ബ്രോക്കര്‍ ചോദിച്ചു
കൊച്ചി: വാടക വീട് തേടി കൊച്ചി കളമശ്ശേരിയിലെ ഹൗസിങ് കോളനിയിലെത്തിയപ്പോള്‍ ഉണ്ടായ ദുരനുഭവം പങ്കുവെച്ച് കഥാകൃത്തും തിരക്കഥാകൃത്തുമായ പി.വി ഷാജികുമാര്‍. പേര് ഷാജിയെന്ന് പറഞ്ഞപ്പോള്‍ മുസ്‍ലിമാണോയെന്ന് ബ്രോക്കര്‍ ചോദിച്ചു. ചോദ്യഭാവത്തിൽ അയാളെ നോക്കിയപ്പോള്‍ മുസ്‍ലിംകൾക്ക് വീട് കൊടുക്കില്ലെന്നാണ് ഓണർ പറഞ്ഞതെന്ന് ബ്രോക്കര്‍ വെളിപ്പെടുത്തിയതായി ഷാജികുമാര്‍ കുറിച്ചു.
ഇൻഫോപാർക്കിൽ കമ്പ്യൂട്ടർ എഞ്ചിനിയറാണ് വീട്ടുടമസ്ഥന്‍. മുമ്പും രണ്ട് വട്ടം വീട് നോക്കാൻ പോയപ്പോൾ ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. തനിക്ക് വീട് വേണ്ടെന്നു പറഞ്ഞ് അവിടെ നിന്ന് ഇറങ്ങിയെന്നും ഷാജികുമാര്‍ പറഞ്ഞു. ഉത്തരേന്ത്യ കേരളത്തിലേക്ക് നടന്നുവന്നിരിക്കുന്നുവെന്ന് വീടിന്‍റെ ചുമരിലെ പാവം യേശു തന്നോട് പറയുന്നുവെന്ന് എഴുതിയാണ് ഷാജികുമാര്‍ കുറിപ്പ് അവസാനിപ്പിച്ചത്. കൊച്ചിയില്‍ ഇതു പുതിയ കാര്യമല്ലെന്ന് സാഹിത്യകാരന്‍ അജയ് പി മങ്ങാട് ഉള്‍പ്പെടെയുള്ളവര്‍ കമന്‍റ് ചെയ്തു.
കുറിപ്പിന്‍റെ പൂര്‍ണരൂപം
ഇന്നലെ വൈകുന്നേരം വാടകവീട് നോക്കാൻ സുഹൃത്തിനൊപ്പം കളമശ്ശേരിയിലെ ഒരു ഹൗസിങ് കോളനിയിൽ പോയി.
ബ്രോക്കർ കൂടെയുണ്ട്. കുറേ വീടുകളുടെ കൂട്ടത്തിൽ നിൽക്കുന്ന ഒറ്റനിലവീട്. വീടിന് മുന്നിൽ പതിവുപോലെ ഉപദേശവാചകങ്ങളുമായി യേശുക്രിസ്തു ശോകഭാവത്തിൽ പടമായിട്ടുണ്ട്. മുറികൾ നോക്കുമ്പോൾ ബ്രോക്കർ ചോദിക്കുന്നു.
“പേരേന്താ..?”
“ഷാജി”
അയാളുടെ മുഖം ചുളിയുന്നു.
“മുസ്ലീമാണോ..?”
ഞാൻ ചോദ്യഭാവത്തിൽ അയാളെ നോക്കുന്നു.
“ഒന്നും വിചാരിക്കരുത് , മുസ്ലീങ്ങൾക്ക് വീട് കൊടുക്കില്ലെന്നാണ് ഓണർ പറഞ്ഞിരിക്കുന്നത്..”
“ഓ... ഓണർ എന്ത് ചെയ്യുന്നു..”
“ഇൻഫോപാർക്കിൽ.. കമ്പ്യൂട്ടർ എഞ്ചിനിയറാ..”
“ബെസ്റ്റ്..”
ഞാൻ സ്വയം പറഞ്ഞു.
ഇപ്പോഴും അയാൾ എന്റെ മതമറിയാൻ കാത്തുനിൽക്കുകയാണ്.
ഷാജിയെന്നത് സർവ്വമതസമ്മതമുള്ള പേരാണല്ലോ..
മുമ്പും രണ്ട് വട്ടം വീട് നോക്കാൻ പോയപ്പോൾ ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്, ഒറ്റപ്പെട്ട സംഭവമാണെന്ന് വിചാരിച്ച് മനസിൽ നിന്ന് കളഞ്ഞതാണ്...
“എനിക്ക് വീട് വേണ്ട ചേട്ടാ...”
ഞാൻ ഇറങ്ങുന്നു.
ചുമരിലെ പാവം യേശു എന്നോട് പറയുന്നു.
"ഉത്തരേന്ത്യ കേരളത്തിലേക്ക് നടന്നുവന്നിരിക്കുന്നു..."
Adjust Story Font
16