'സത്യസന്ധരായ ഉദ്യോഗസ്ഥരും സംശയനിഴലിലായി; സർവീസിലിരുന്ന് സുരക്ഷാ പെൻഷൻ കൈപ്പറ്റിയവരുടെ പേര് പുറത്തുവിടണം'; വി.ഡി സതീശൻ
സർക്കാർ വിലപ്പെട്ട രണ്ടുവർഷം പാഴാക്കിയെന്നും വിമർശനം
സാമൂഹിക സുരക്ഷാ പെൻഷൻ കൈപ്പറ്റിയ സർക്കാർ ജീവനക്കാരുടെ പേരുകൾ പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിക്കും ധനമന്ത്രിക്കുമയച്ച കത്തിലൂടെയാണ് പ്രതിപക്ഷനേതാവ് ആവശ്യമുന്നയിച്ചത്. പേരുകൾ പുറത്തുവിട്ടില്ലെങ്കിൽ സത്യസന്ധരായ ഉദ്യോഗസ്ഥർ കൂടി സംശയനിഴലിലാകുമെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.
കത്തിന്റെ പൂർണരൂപം
സാമൂഹിക സുരക്ഷാ പെൻഷൻ കൈപ്പറ്റിയ സർക്കാർ ജീവനക്കാരുടെ പേരുകൾ പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാവ്. മുഖ്യമന്ത്രിക്കും ധനമന്ത്രിക്കുമയച്ച കത്തിലൂടെയാണ് പ്രതിപക്ഷനേതാവ് ആവശ്യമുന്നയിച്ചത്.പേരുകൾ പുറത്തുവിട്ടില്ലെങ്കിൽ സത്യസന്ധരായ ഉദ്യോഗസ്ഥർ കൂടി സംശയനിഴലിലാകുമെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.
കത്തിന്റെ പൂർണരൂപം
ഗസറ്റഡ് റാങ്കിലുള്ളതടക്കം 1458 സർക്കാർ ഉദ്യോഗസ്ഥരും ആഡംബര കാറുകളുള്ള അതിസമ്പന്നരും സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നവരുടെ പട്ടികയിൽ ഉണ്ടെന്ന കണ്ടെത്തൽ അതീവ ഗൗരവമുള്ളതാണ്. പാവപ്പെട്ട ജനങ്ങളുടെ അവകാശമായ സാമൂഹിക സുരക്ഷാ പെൻഷൻ ലിസ്റ്റിൽ അനർഹർ ഉൾപ്പെട്ടിട്ടുണ്ടെന്ന് 2023 സെപ്തംബറിൽ കംപ്‌ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ സമർപ്പിച്ച റിപ്പോർട്ടിലും കണ്ടെത്തിയിരുന്നു. പരിഹാരനടപടികൾ ഉടൻ സ്വീകരിക്കുമെന്ന് 2022 മെയ് മാസത്തിൽ സർക്കാർ സി.എ.ജിയെ അറിച്ചിരുന്നതുമാണ്. എന്നിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നത് അദ്ഭുതകരമാണ്.
സർക്കാർ ശമ്പള സോഫട്‌വെയറായ സ്പാർക്കും സാമൂഹ്യ സുരക്ഷാ പെൻഷൻ സോഫ്ട്‌വെയറായ സേവനയും ഒത്തു നോക്കിയാൽ തന്നെ തട്ടിപ്പ് കണ്ടെത്താമായിരുന്നു. എന്നിട്ടും വിലപ്പെട്ട രണ്ടു വർഷമാണ് സർക്കാർ പാഴാക്കിയത്.
സർവീസിൽ തുടരവെ സമൂഹിക സുരക്ഷാ പെൻഷൻ കൈപ്പറ്റിയവരുടെ പേരു വിവരങ്ങൾ സർക്കാർ പുറത്തുവിടണം. അല്ലാത്ത പക്ഷം സത്യസന്ധരായ ഉദ്യോഗസ്ഥർ കൂടി സംശയനിഴലിലാകും. ഇത്തരം ക്രമക്കേട് പുറത്തു വന്നത് സാമൂഹിക സുരക്ഷാ പെൻഷൻ വിതരണത്തെ ബാധിക്കരുത്. പെൻഷൻ കുടിശിക അടക്കം ഉടൻ കൊടുത്തു തീർക്കണം. ഏതാനും സർക്കാർ ജീവനക്കാർ അനർഹമായ പെൻഷൻ കൈപ്പറ്റിയതിൽ ജീവനക്കാരെ ആകെ അധിക്ഷേപിക്കുന്ന സ്ഥിതി ഉണ്ടാകാൻ പാടില്ല. അവരുടെ ന്യായമായ അവകാശങ്ങൾ ഇതിന്റെ പേരിൽ നിഷേധിക്കപ്പെടരുത്.
ക്ഷേമ പെൻഷൻ വിതരണത്തിന് ഉപയോഗിക്കുന്ന സോഫ്ട്‌വെയറിൽ ചില ഗുരുതരമായ പോരായ്മകൾ സി.എ.ജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് അടിയന്തിരമായി പരിഹരിക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു.
ഇതിനിടെ ക്ഷേമ പെൻഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട് വിശദമായ പരിശോധനക്ക് ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. സോഷ്യൽ ഓഡിറ്റിങ് സൊസൈറ്റിയാണ് പരിശോധന നടത്തുക. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സൊസൈറ്റിയുടെ സേവനം ഉപയോഗിക്കും.ഗുണഭോക്താക്കളുടെ ഓരോരുത്തരുടെയും വിവരങ്ങൾ പരിശോധിക്കും. സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ സ്പാർക്കിൽനിന്ന് ശേഖരിച്ച് പരിശോധിക്കും. വിശദമായ പരിശോധനക്ക് ശേഷം സോഷ്യൽ ഓഡിറ്റിങ്ങിന്റെ ഭാഗമായി പേരുകൾ പ്രസിദ്ധീകരിക്കുന്നതും ആലോചനയിലുണ്ട്.ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് യോഗം വിളിച്ച് പെൻഷൻ ഉപഭോക്താക്കളുടെ വിവരങ്ങൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അർഹതപ്പെട്ടവർക്ക് മാത്രമാണ് പെൻഷൻ കിട്ടുന്നത് എന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. ബിഎംഡബ്ലിയു കാർ ഉപയോഗിക്കുന്നവർ വരെ ക്ഷേമ പെൻഷൻ വാങ്ങുന്നുണ്ട് എന്നായിരുന്നു കണ്ടെത്തിയിരുന്നത്.
Adjust Story Font
16