Quantcast

പാലക്കാട് നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി കുതിരയോട്ടം; 52 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു  

നാളെ നടക്കാനിരുന്ന തത്തമംഗലം അങ്ങാടി വേലയോടനുബന്ധിച്ചുള്ള പരിശീലനമാണ് ഇന്ന് നടന്നത്.

MediaOne Logo

Web Desk

  • Published:

    24 April 2021 6:27 AM GMT

പാലക്കാട് നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി കുതിരയോട്ടം; 52 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു  
X

കോവിഡ് വ്യാപനം അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ പാടെ ലംഘിച്ചുകൊണ്ട് പാലക്കാട് തത്തമംഗലത്ത് കുതിരയോട്ട മത്സരം. ക്ഷേത്രോത്സവത്തിന്‍റെ ഭാഗമായി നാളെ നടക്കാനിരുന്ന അങ്ങാടി വേലയോടനുബന്ധിച്ചുള്ള പരിശീലനമാണ് ഇന്ന് നടന്നത്.

റോഡിന്‍റെ ഇരുവശങ്ങളിലും കുതിരയോട്ടം വീക്ഷിക്കാന്‍ നൂറുകണക്കിനാളുകള്‍ തടിച്ചു കൂടിയിരുന്നു. ഒടുവില്‍ ചിറ്റൂര്‍ പൊലീസ് ഇടപെട്ട് മത്സരം നിർത്തിവെച്ചു. ആളുകള്‍ പിരിഞ്ഞു പോകണമെന്ന കര്‍ശന നിര്‍ദേശവും പൊലീസ് നല്‍കി. സംഭവത്തില്‍ 52 പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

കലക്ടര്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തില്‍ എല്ലാ ഉത്സവങ്ങളും ചടങ്ങുകള്‍ മാത്രമായി ചുരുക്കണമെന്ന് തീരുമാനമെടുത്തിരുന്നു. ഇതുപ്രകാരം അങ്ങാടി വേലയോടനുബന്ധിച്ചുള്ള കുതിരയോട്ട മത്സരമുള്‍പ്പെടെ മാറ്റിവെക്കുമെന്നായിരുന്നു അധികൃതര്‍ അറിയിച്ചിരുന്നത്. അതുകൊണ്ടു തന്നെ പൊലീസില്‍ നിന്ന് മുന്‍കൂര്‍ അനുമതി ഇല്ലാതെയാണ് ഇന്ന് കുതിരയോട്ട മത്സരത്തിന്‍റെ പരിശീലനം നടന്നതെന്നാണ് വിവരം.

രണ്ടു വര്‍ഷം കൂടുമ്പോഴാണ് തത്തമംഗലം അങ്ങാടിവേല നടക്കാറുള്ളത്. ആന്ധ്രാപ്രദേശ്, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് 200 ഓളം കുതിരകള്‍ അങ്ങാടിവേലയോടനുബന്ധിച്ച് നടക്കുന്ന കുതിരയോട്ടത്തില്‍ പങ്കെടുക്കാറുണ്ട്. ആയിരക്കണക്കിനാളുകള്‍ മത്സരം വീക്ഷിക്കാനുമെത്താറുണ്ട്.

TAGS :

Next Story