Quantcast

ഹോട്ടലുടമയുടെ കൊലപാതകം: ഷിബിലിയേയും സുഹൃത്ത് ഫർഹാനയേയും ഇന്ന് കേരളത്തിലെത്തിക്കും

കൊലപാതകത്തിന് ശേഷം ചെന്നൈയിലേക്ക് രക്ഷപ്പെട്ട ഇരുവരേയും റെയിൽവേ പൊലീസിന്റെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്

MediaOne Logo

Web Desk

  • Published:

    26 May 2023 5:46 AM GMT

Hotel owners murder: Shibili and his friend Farhana will be brought to Kerala today
X

പാലക്കാട്: ഹോട്ടലുടമ സിദ്ദീഖിന്റെ കൊലപാതകത്തിൽ അറസ്റ്റിലായ 22 കാരനായ പാലക്കാട് സ്വദേശി ഷിബിലിയേയും സുഹൃത്ത് ഫർഹാനയേയും ഇന്ന് രാത്രിയോടെ കേരളത്തിലെത്തിക്കും. നേരത്തേ സിദ്ദീഖിന്റെ ഒളവണ്ണയിലെ ചിക്ക് ബേക്ക് എന്ന ഹോട്ടലിലെ ജീവനക്കാരനായിരുന്നു ഷിബിലി. കൊലപാതകത്തിന് ശേഷം ചെന്നൈയിലേക്ക് രക്ഷപ്പെട്ട ഇരുവരേയും റെയിൽവേ പൊലീസിന്റെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്. അതേസമയം അട്ടപ്പാടി ചുരം വളവിൽ നിന്നും കണ്ടെത്തിയ ട്രോളി ബാഗുകളിലുള്ളത് മൃതദേഹാവശിഷ്ടങ്ങൾ തന്നെയെന്ന് സ്ഥിരീകരിച്ചു.

ഹോട്ടലുടമ സിദ്ദീഖിന്റെ മൃതദേഹം തന്നെയാണെന്ന് മകൻ തിരിച്ചറിഞ്ഞു. ഇപ്പോൾ ഇൻക്വസ്റ്റ് നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ഇതിന് ശേഷം മൃതദേഹാവശിഷ്ടങ്ങൾ പോസ്റ്റുമോർട്ടം നടപടിക്രമങ്ങൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും. കഴിഞ്ഞ ദിവസമാണ് മലപ്പുറം തിരൂർ സ്വദേശിയായ ഹോട്ടലുടമയെ കാണാനില്ലെന്ന പരാതിയുമായി കുടുംബം പൊലീസിനെ സമീപിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊലപാതക വിവരം പുറത്തായത്.

തിരൂർ സ്വദേശിയായ സിദ്ദീഖ്(58)നെയാണ് കൊലപ്പെടുത്തിയത്. കോഴിക്കോട് ചിക്ക് ബേക്ക് എന്ന ഹോട്ടൽ നടത്തുകയായിരുന്നു സിദ്ദീഖ്. നഗരത്തിൽ താമസിച്ച് കച്ചവടം നടത്തുന്നയാളാണ് ഇയാൾ. സിദ്ദീഖിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ലഭ്യമല്ലാതായതോടെ മകൻ തിരൂർ പൊലീസിൽ മിസിങ് കേസ് നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ എ.ടി.എം കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ചതായി കണ്ടെത്തി. പിന്നീട് ഇയാളുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിലെ ജീവനക്കാരനെ കാണാതായതും ദുരൂഹത വർധിപ്പിച്ചു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകത്തിൻറെ ചുരുളഴിയുന്നത്.

കോഴിക്കോടുള്ള ഒരു ഹോട്ടലിൽ വെച്ച് സിദ്ദീഖിൻറെ ഹോട്ടലിലെ ജീവനക്കാരനായ ഷിബിലിയും(22) പെൺസുഹൃത്ത് ഫർഹാനയും(18) സിദ്ദീഖിനെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. മൂന്ന് പേർ ഹോട്ടലിലെത്തിയെങ്കിലും തിരികെ പോവുമ്പോൾ രണ്ട് പേർ മാത്രമേയുണ്ടായിരുന്നൂവെന്നാണ് ഹോട്ടൽ ജീവനക്കാർ നൽകുന്ന മൊഴി. കൊലപെടുത്തിയതിന് ശേഷം സിദ്ദീഖിൻറെ മൃതദേഹം ട്രോളി ബാഗിലാക്കി അട്ടപ്പാടി ചുരത്തിൽ തള്ളിയെന്നാണ് പ്രതികൾ നൽകുന്ന മൊഴി. വേഗതയേറിയ അന്വേഷണത്തിൽ ചെന്നൈയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. പുലർച്ചെയോടെ പ്രതികളെ കേരളത്തിലെത്തിക്കും. മൃതദേഹത്തിനായി നാളെ തിരച്ചിൽ നടത്തും.

TAGS :

Next Story