Quantcast

ഡൈനിങ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഹോട്ടലുടമകള്‍ പ്രക്ഷോഭത്തിന്

എല്ലാ മേഖലകളും തുറന്നു കൊടുത്തിട്ടും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഹോട്ടലുകള്‍ മാത്രം തുറന്നു പ്രവര്‍ത്തിക്കുവാന്‍ അനുമതി നല്‍കാത്തതിനു പിന്നില്‍ മറ്റ് നിക്ഷിപ്ത താല്‍പര്യങ്ങളുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

MediaOne Logo

Web Desk

  • Published:

    20 Sep 2021 10:36 AM GMT

ഡൈനിങ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഹോട്ടലുടമകള്‍ പ്രക്ഷോഭത്തിന്
X

സംസ്ഥാനത്ത് പ്രൈമറി വിദ്യാലയങ്ങള്‍ വരെ തുറക്കാന്‍ തീരുമാനമെടുത്ത സംസ്ഥാനസര്‍ക്കാര്‍ ഹോട്ടലുകളില്‍ ഡൈനിങ് അനുവദിക്കാത്തത് കടുത്ത വിവേചനമാണെന്ന് ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍. ഹോട്ടലുകളില്‍ ഡൈനിങ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സമരത്തിന്റെ ആദ്യഘട്ടമായി സെപ്തംബര്‍ 22ന് സെക്രട്ടറിയേറ്റ് നടയില്‍ സംസ്ഥാനഭാരവാഹികളുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തുവാനും ധര്‍ണക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും യൂണിറ്റുകളിലും പ്രതിഷേധ പ്രകടനവും നടത്തും.

എല്ലാ മേഖലകളും തുറന്നു കൊടുത്തിട്ടും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഹോട്ടലുകള്‍ മാത്രം തുറന്നു പ്രവര്‍ത്തിക്കുവാന്‍ അനുമതി നല്‍കാത്തതിനു പിന്നില്‍ മറ്റ് നിക്ഷിപ്ത താല്‍പര്യങ്ങളുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സംസ്ഥാനത്തെ ചെറുകിട ഇടത്തരം ഭക്ഷണവിതരണ മേഖലയില്‍ കുത്തക ഓണ്‍ലൈന്‍ കമ്പനികള്‍ക്ക് കടന്നുകയറുവാന്‍ സഹായകരമായ നിലപാടാണ് ഇപ്പോള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കോവിഡ് രണ്ടാം തരംഗം ആരംഭിച്ചപ്പോള്‍ ഏറ്റവും ആദ്യം നിയന്ത്രണം ഏര്‍പ്പെടുത്തിയ മേഖലയാണ് ഹോട്ടല്‍ മേഖല. സംസ്ഥാനത്ത് ഇപ്പോള്‍ കോവിഡ് നിയന്ത്രണവിധേയമാണെന്നും വാക്‌സിനേഷന്‍ 90 ശതമാനത്തോളം പൂര്‍ത്തിയായതിനാല്‍ കൊച്ചുകുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകള്‍വരെ തുറക്കാന്‍ അനുമതി നല്‍കിയ വിദഗ്ധ സമിതി ഹോട്ടലുകളില്‍ ഡൈനിങ് പാടില്ലായെന്ന വാശിപിടിക്കുന്നത് ദുരുദ്ദേശപരമാണ്.

സാധാരണക്കാരായ പൊതുസമൂഹം നേരിടുന്ന ബുദ്ധിമുട്ടുകള്‍ മനസിലാക്കാത്ത ഉന്നത ഉദ്യോഗസ്ഥരുടെ ഉപദേശം സ്വീകരിക്കാതെ പ്രായോഗികതീരുമാനം എടുക്കുവാന്‍ മുഖ്യമന്ത്രിയും സര്‍ക്കാരും തയ്യാറാകണം. സ്വയംതൊഴില്‍ കണ്ടെത്തി ലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന ഹോട്ടല്‍ മേഖലയെ സംരക്ഷിക്കുവാന്‍ വേണ്ട നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് മൊയ്തീന്‍കുട്ടി ഹാജിയും, ജനറല്‍ സെക്രട്ടറി ജി. ജയപാലും ആവശ്യപ്പെട്ടു


TAGS :

Next Story