മലപ്പുറത്ത് വീടിന് തീപിടിച്ചു; പണവും ഗൃഹോപകരണങ്ങളും കത്തിനശിച്ചു
ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
മലപ്പുറം: വഴിക്കടവ് കാരക്കോട് വീടിന് തീപിടിച്ച് അപകടം. അമ്പലകുന്നത്ത് മണലായി വീട്ടിൽ പ്രേമദാസന്റെ വീടാണ് കത്തിനശിച്ചത്. അപകട സമയത്ത് വീട്ടിൽ ആരുമില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്ന് ഉച്ചയോടെയായിരുന്നു പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് മറച്ചു കെട്ടിയ ഓടു മേഞ്ഞ വീട് കത്തിനശിച്ചത്.
പ്രേമദാസനും കുടുംബവും 15 വർഷമായി താമസിച്ചുവരുന്ന വീടാണിത്. പ്രേമദാസൻ ജോലി സംബന്ധമായി മംഗലാപുരത്താണ്. ഭാര്യയും കുഞ്ഞും ആശുപത്രിയിലേക്കുപോയ സമയത്തായിരുന്നു തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ ഗൃഹോപകരണങ്ങളും വസ്ത്രങ്ങളും വിലപിടിപ്പുള്ള രേഖകളുമെല്ലാം കത്തിനശിച്ചിട്ടുണ്ട്. ഇവരുടെ വീട് നിർമാണം നടന്നുവരികയാണ്. ഇതിനായി സൂക്ഷിച്ച പണവും കത്തിനശിച്ചു.
ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് വഴിക്കടവ് പൊലീസും നാട്ടുകാരും സ്ഥലത്തെത്തി തീയണക്കാൻ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് നിലമ്പൂരിൽ നിന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
Adjust Story Font
16