യാത്രക്കിടെ വീട്ടമ്മയ്ക്ക് അപസ്മാരം; ബസ് ആശുപത്രിയിലെത്തിച്ച് ജീവനക്കാർ
ഗതാഗതക്കുരുക്ക് മറികടന്ന് ലൈറ്റ് തെളിച്ചും ഹോൺ അടിച്ചും മിനിറ്റുകൾക്കകം രോഗിയുമായി ബസ് ആശുപത്രിയിലെത്തി
കൊച്ചി: ബസ് യാത്രക്കിടയിൽ അപസ്മാരം അനുഭവപ്പെട്ട വീട്ടമ്മയെ അതിവേഗം ആശുപത്രിയിൽ എത്തിച്ച് സ്വകാര്യ ബസ് ഡ്രൈവറും കണ്ടക്ടറും. കോതമംഗലം - ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന കോക്കടൻസ് എന്ന സ്വകാര്യ ബസിൽ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം ഉണ്ടായത്. ബസ് ജീവനക്കാരുടെ സമയോചിത ഇടപെടലിനൊപ്പം യാത്രക്കാരും കൂടെ നിന്നതാണ് യാത്രക്കാരിക്ക് തുണയായത്.
കോതമംഗലം നെല്ലിമറ്റം സ്വദേശി എൽസി ഭർത്താവ് തോമസിനൊപ്പം കണ്ണമാലി പള്ളിയിലെ പെരുന്നാളിന് പങ്കെടുക്കാൻ പോവുകയായിരുന്നു. കോതമംഗലം സ്റ്റാന്റിൽ നിന്നായിരുന്നു ഇരുവരും യാത്ര ആരംഭിച്ചത്.
ബസ് ചെമ്പറക്കിയിൽ എത്തിയപ്പോഴാണ് എൽസിക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. കണ്ടക്ടർ അനൂപ് വിവരം അറിയിച്ചതിനെ തുടർന്നു ഡ്രൈവർ ബേസിൽ ബസ് നേരെ രാജഗിരി ആശുപത്രിയിലേക്ക് വിട്ടു. ഗതാഗതക്കുരുക്ക് മറികടന്ന് ലൈറ്റ് തെളിച്ചും, ഹോൺ അടിച്ചും മിനിറ്റുകൾക്കകം രോഗിയുമായി ബസ് ആശുപത്രിയിലെത്തി.
ചെമ്പറക്കി മുതൽ സ്റ്റോപ്പിൽ നിന്നും യാത്രക്കാരെ കയറ്റാതെ സമയം ലാഭിക്കാനും ബസ് ജീവനക്കാർ ശ്രദ്ധിച്ചു. ഇതിനകം ബസ് ഉടമ സുൽഫി വഴി രോഗിയെ സ്വീകരിക്കാൻ വേണ്ട തയ്യാറെടുപ്പുകൾ രാജഗിരി ആശുപത്രിയിൽ ഒരുക്കിയിരുന്നു. ബസ് രാജഗിരി ആശുപത്രിയിൽ എത്തുമ്പോൾ അത്യാഹിത വിഭാഗത്തിലെ ഡോക്ടർമാരും, നഴ്സുമാരും സജ്ജരായി.
അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച എൽസിയെ തുടർന്ന് വിദ്ഗദ പരിശോധനക്കായി തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. എൽസി സുഖം പ്രാപിച്ച് വരുന്നതായി രാജഗിരി ആശുപത്രി ന്യൂറോളജി വിഭാഗത്തിലെ ഡോ. ശ്രീറാം പ്രസാദ് പറഞ്ഞു.
ജോലിക്കിടയിൽ ഇത്തരമൊരു സംഭവം ആദ്യമായിട്ടാണെന്നും യാത്രക്കാരെല്ലാം പിന്തുണയുമായി കൂടെ ഉണ്ടായിരുന്നുവെന്നും ഡ്രൈവർ ബേസിൽ പറഞ്ഞു. സമയോചിത ഇടപെടൽ നടത്തിയ ബസ് ജീവനക്കാർക്ക് എൽസിയുടെ കുടുംബാംഗങ്ങളും യാത്രക്കാരും നന്ദി പറഞ്ഞു. എൽസിക്ക് ചികിത്സ ഉറപ്പാക്കിയ ശേഷമാണ് ബസ് ജീവനക്കാർ സർവീസ് പുനരാരംഭിച്ചത്.
Adjust Story Font
16