വീട്ടമ്മയെ കൊന്നു അടുക്കളയില്‍ കുഴിച്ചിട്ട സംഭവം; പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുക്കും
മൂന്നാഴ്ചയായി ഒളിവിലായിരുന്ന ബിനോയിയെ ഇന്നലെയാണ് പെരിഞ്ചാംകുട്ടി വനത്തിൽ നിന്നും പൊലീസ് പിടികൂടിയത്
ഇടുക്കി പണിക്കൻകുടി കൊലപാതക കേസ് പ്രതി ബിനോയിയെ കൊല നടന്ന സ്ഥലത്തെത്തിച്ച് ഇന്ന് തെളിവെടുക്കും. മൂന്നാഴ്ചയായി ഒളിവിലായിരുന്ന ബിനോയിയെ ഇന്നലെയാണ് പെരിഞ്ചാംകുട്ടി വനത്തിൽ നിന്നും പൊലീസ് പിടികൂടിയത്. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.
കൊലപാതകം നടന്ന മാണിക്കൽ ബിനോയിയുടെ പണിക്കൻ കുടിയിലെ വീട്ടിലും പരിസരങ്ങളിലുമാണ് ഇന്ന് തെളിവെടുപ്പ് നടത്തുക. ഇടുക്കി പൊലീസ് മേധാവി ആർ. കറുപ്പസ്വാമിയുടെ നേതൃത്വത്തിലാകും തെളിവെടുപ്പ്. മാസങ്ങളായി ഒപ്പം താമസിച്ചിരുന്ന സിന്ധുവിനെ സംശയത്തെ തുടർന്നാണ് കൊലപ്പെടുത്തിയത് എന്ന് പ്രതി മൊഴി നൽകിയിട്ടുണ്ട്. കൃത്യം ചെയ്തത് ബിനോയ് തന്നെയാണെന്ന് തെളിയിക്കാൻ ആവശ്യമായ വിവരങ്ങൾ വീട്ടിലെ തെളിവെടുപ്പിൽ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. കൊലപാതകം നടന്ന പണിക്കൻ കുടിയിൽ നിന്ന് അഞ്ച് കിലോമീറ്റർ മാത്രം അകലെയുള്ള പെരിഞ്ചാംകുട്ടി വനത്തിൽ നിന്നാണ് ബിനോയിയെ പൊലീസ് ഇന്നലെ പിടികൂടിയത്. എന്നാൽ കഴിഞ്ഞ മൂന്ന് ആഴ്ചക്കിടയിൽ ബിനോയ് കേരളത്തിലെ പല ജില്ലകളിലും തമിഴ് നാട്ടിലും ഒളിവിൽ താമസിച്ചതായാണ് പൊലീസിന്‍റെ നിഗമനം.
ആഗസ്ത് 12ന് കാണാതായ സിന്ധു ബാബുവിന്‍റെ മൃതദേഹം കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബിനോയുടെ വീടിന്‍റെ അടുക്കളയിൽ കുഴിച്ച് മൂടിയ നിലയിൽ കണ്ടെത്തിയത്. തെളിവ് നശിപ്പിക്കാനും പൊലീസിന്‍റെ അന്വേഷണം വഴിതെറ്റിക്കാനും ബിനോയ് ആസൂത്രിത നീക്കങ്ങൾ നടത്തിയിരുന്നതായാണ് പൊലീസിന്‍റെ വിലയിരുത്തൽ. കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Adjust Story Font
16