കുത്തൊഴുക്കുള്ള കല്ലടയാറ്റിലൂടെ ഒഴുകിയത് പത്ത് കി.മീ; ഇത് ജീവിതത്തിലേക്കുള്ള ശ്യാമളയുടെ അത്ഭുത മടങ്ങിവരവ്
കനത്ത മഴയില്‍ ഏഴ് മണിക്കൂറോളമാണ് ശ്യാമള വെള്ളത്തില്‍ കിടന്നത്
കൊല്ലം: ശക്തമായ മഴയിൽ കല്ലടയാറ്റിൽ വീണ് പത്തു കിലോമീറ്ററോളം ഒഴുകിപ്പോയ വീട്ടമ്മയെ രക്ഷപ്പെടുത്തി. കൊല്ലം താഴത്തുകുളക്കട സ്വദേശി ശ്യാമളയാണ് മരണത്തിന്‍റെ വക്കില്‍ നിന്ന് തിരികെ ജീവിതത്തിലേക്ക് കയറിവന്നത്. ഇന്നലെയാണ് 61 വയസുള്ള ശ്യാമള വീടിനു സമീപം കല്ലടയാറ്റിൽ കാല്‍ വഴുതി വീണത്.
കല്ലടയാറ്റിൽ സ്ത്രീയുടെ നിലവിൽ കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. ആറ്റിൻകരയിൽ എത്തിയ ദീപയും സുമയും കണ്ടത് ഒഴുകി വരുന്ന വയോധികയെ. വള്ളിപ്പടർപ്പിൽ ശരീരം കുടുങ്ങിയതോടെ ശ്യാമള നിലവിളിച്ചു. അവസാനിച്ചു എന്ന് കരുതിയ ജീവിതം തിരികെ ലഭിച്ചു. നാട്ടുകാരുടെ നേതൃത്വത്തില്‍ ശ്യാമളയെ രക്ഷപ്പെടുത്തി.
വീട്ടിൽ നിന്നും ശ്യാമളയെ കണ്ടെത്തിയ സ്ഥലം വരെ 10 കിലോമീറ്ററോളം ദൂരമുണ്ട്. ചെട്ടിയാരഴികത്ത് പാലം, ഞാങ്കാവ് പാലം,കുന്നത്തൂർ പാലം എന്നീ മൂന്നു പാലങ്ങൾ പിന്നിട്ടാണ് ശ്യാമള ഒഴുകിയെത്തിയത്. കുത്തൊഴുക്കുള്ള കല്ലടയാറ്റില്‍ കനത്ത മഴയില്‍ ഏഴ് മണിക്കൂര്‍ വെള്ളത്തില്‍ കിടന്ന് പത്ത് കിലോമീറ്ററോളം സഞ്ചരിച്ച ശ്യാമളയുടെ ജീവിതത്തിലേക്കുള്ള തിരിച്ച് വരവ് അത്ഭുതമാണ്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് ശ്യാമള.
Adjust Story Font
16