പരീക്ഷക്കിടെ എത്ര വിദ്യാര്‍ഥികള്‍ക്ക് കോവിഡ് ബാധിച്ചു? കണക്ക് ചോദിച്ചയാളെ വട്ടം കറക്കി വിദ്യാഭ്യാസ വകുപ്പ്
കണക്കില്ലാത്തതിനാൽ അവസാന ആശ്രയം തേടി അപേക്ഷ പരീക്ഷ നടന്ന മുഴുവൻ സ്കൂളുകൾക്കും മുന്നിലെത്തിച്ചു
സംസ്ഥാനത്ത് ഹയർ സെക്കന്‍ററി പരീക്ഷ നടന്ന കാലയളവിൽ കോവിഡ് ബാധിതരായ കുട്ടികളുടെ കണക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്. കണക്ക് ചോദിച്ച് പൊതുവിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിനെ സമീപിച്ച വിവരാവകാശ പ്രവർത്തകന്‍റെ അപേക്ഷ കറങ്ങിത്തിരിഞ്ഞ് സ്കൂളുകളിൽ എത്തി. അവിടെ നിന്ന് ഇതുവരെ ലഭിച്ച കണക്കു പ്രകാശം 30 വിദ്യാർഥികളും 25 അധ്യാപകരും കോവിഡ് ബാധിതരാണ്.
രണ്ടാം വര്‍ഷ ഹയർ സെക്കന്‍ററി പരീക്ഷ നടത്തിയപ്പോൾ കോവിഡ് ലക്ഷണമുളളവർക്ക് പ്രത്യേക സംവിധാനമൊരുക്കിയിരുന്നു. ഇതിലൂടെ രോഗബാധിതരുടെ കണക്ക് ശേഖരിക്കുമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നത്. ഇതനുസരിച്ച് കണക്ക് ചോദിച്ചു മന്ത്രിയുടെ ഓഫീസിലെത്തിയ അപേക്ഷ ദിവസങ്ങളോളം വിവിധ സ്ഥലങ്ങളിൽ കറങ്ങി നടന്നു. കണക്കറിയാൻ കിട്ടിയ അപേക്ഷ മന്ത്രിയുടെ ഓഫീസ് പൊതുവിദ്യാഭ്യാസ വകുപ്പിന് കൈമാറി. അവർ കൈമലർത്തിയതോടെ ഡയറക്ട്രേറ്റിന് കൊടുത്തു. രക്ഷയില്ലാതെ വന്നതോടെ കണക്ക് തേടി അപേക്ഷ മേഖലാ കേന്ദ്രങ്ങളിലേക്ക് വിട്ടു.
കണക്കില്ലാത്തതിനാൽ അവസാന ആശ്രയം തേടി അപേക്ഷ പരീക്ഷ നടന്ന മുഴുവൻ സ്കൂളുകൾക്കും മുന്നിലെത്തിച്ചു. അതോടെ കണക്കറിയാൻ തുടങ്ങി. പക്ഷേ എല്ലാ സ്കൂളുകളിൽ നിന്നും ഇപ്പോഴും കണക്കുകൾ ലഭിച്ചിട്ടില്ല. കോവിഡ് കാലത്ത് പരീക്ഷാ നടത്തിപ്പുമായി മുന്നോട്ട് പോകുമ്പോൾ, സുപ്രീംകോടതിയിൽ നിന്ന് തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് ഈ കണക്കുകൾ പുറത്ത് വരുന്നത്.
Adjust Story Font
16