Quantcast

പെട്രോള്‍ പമ്പ് എങ്ങനെ തുടങ്ങാം? ലൈസന്‍സ് ലഭിക്കാനുള്ള മാനദണ്ഡങ്ങള്‍

പെട്രോൾ പമ്പ് തുറക്കുന്നതിനുള്ള ലൈസൻസ് ലഭിക്കുന്നതിന് ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ പുറത്തിറക്കുന്ന പരസ്യങ്ങൾ ശ്രദ്ധിക്കണം

MediaOne Logo

Web Desk

  • Published:

    17 Oct 2024 7:05 AM GMT

petrol pump
X

കോഴിക്കോട്: അഴിമതി ആരോപണത്തെത്തുടര്‍ന്ന് കണ്ണൂര്‍ എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിന്‍റെ ഞെട്ടലിലാണ് കേരളം. സംഭവം വിവാദമായതോടെ കൂടുതല്‍ വെളിപ്പെടുത്തലുകളും വന്നുകൊണ്ടിരിക്കുകയാണ്. നവീന്‍ പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കുന്നതിന് പമ്പുടമയില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നായിരുന്നു എഡിഎമ്മിന്‍റെ യാത്രയയപ്പ് യോഗത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി ദിവ്യ ആരോപിച്ചത്.

ഇതുസംബന്ധിച്ച് പമ്പുടമ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി പുറത്തു വന്നിരുന്നു. കണ്ണൂര്‍ നിടുവാലൂരില്‍ ടി.വി പ്രശാന്തന്‍ എന്നയാളില്‍ നിന്ന് പമ്പ് ഔട്ട്‌ലെറ്റിന്‍റെ എന്‍ഒസി ലഭിക്കുന്നതിന് ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്നും 98,500 രൂപ കൈപ്പറ്റുകയും ചെയ്‌തെന്നാണ് പരാതി. അതേസമയം പെട്രോള്‍ പമ്പിന് ആദ്യം നിഷേധിച്ചത് പൊലീസാണെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. പൊലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് എഡിഎം എന്‍ഒസി വൈകിപ്പിച്ചത്.

കണ്ണൂര്‍ നെടുവാലൂര്‍ ചേരാംകുന്നില്‍ സെന്‍റ്.ജോസഫ്സ് പള്ളിയുടെ 40 സെന്‍റ് പാട്ടത്തിനെടുത്താണ് പ്രശാന്തന്‍ പമ്പ് തുടങ്ങാന്‍ തീരുമാനിച്ചത്. സ്വകാര്യവ്യക്തികളെ സംബന്ധിച്ചിടത്തോളം പെട്രോള്‍ പമ്പ് തുടങ്ങാന്‍ നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ട്. ലൈസൻസ് നേടുന്നത് ഈ സംരംഭത്തിലെ നിർണായക ഘട്ടമാണ്. 100 ശതമാനം ലാഭം ഉറപ്പാക്കുന്ന വളരെ ലാഭകരമായ ബിസിനസാണ് പെട്രോള്‍ പമ്പ്.

ഇന്ത്യയില്‍ പെട്രോള്‍ പമ്പ് തുടങ്ങാനുള്ള യോഗ്യതകള്‍

1. അപേക്ഷകന്‍ ഇന്ത്യാക്കാരനായിരിക്കണം. എന്‍ആര്‍ഐ ആണെങ്കില്‍ ചുരുങ്ങിയത് 180 ദിവസമെങ്കിലും രാജ്യത്ത് താമസിച്ചിരിക്കണം.

2. 21നും 55നും ഇടയില്‍ പ്രായമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് പ്രായനിബന്ധന ഇല്ല.

3. വയസ് തെളിയിക്കുന്ന രേഖകളും പത്താംക്ലാസിലെ മാര്‍ക്ക് ഷീറ്റും അപേക്ഷകന്‍ സമര്‍പ്പിക്കണം

4. അപേക്ഷകന്‍ ഗ്രാമവാസിയോ എസ് സി/എസ്ടി/ഒബിസി കാറ്റഗറിയിലുള്ളവരോ ആണെങ്കില്‍ പത്താം ക്ലാസ് പാസായിരിക്കണം. പൊതുകാറ്റഗറിക്കാര്‍ക്ക് പ്ലസ്ടുവാണ് വിദ്യാഭ്യാസ യോഗ്യത.

5. നഗരപ്രദേശങ്ങളിലാണ് പമ്പ് തുറക്കാന്‍ ആലോചിക്കുന്നതെങ്കില്‍ അപേക്ഷകന്‍ ബിരുദധാരിയായിരിക്കണം.

6. അപേക്ഷകന്‍ സ്വാതന്ത്ര്യസമര സേനാനിയാണെങ്കില്‍ യോഗ്യതയില്‍ നിബന്ധനകളില്ല

ആദ്യഘട്ടത്തില്‍ അപേക്ഷകന്‍ വിജയിച്ചാല്‍ രണ്ടാം ഘട്ടം നിക്ഷേപവുമായി ബന്ധപ്പെട്ടതാണ്.

ലൈസന്‍സ് ലഭിക്കാന്‍

ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നിവരാണ് രാജ്യത്തെ പ്രമുഖ ഡീസല്‍- പെട്രോള്‍ ഡീലര്‍മാര്‍. രാജ്യത്ത് പെട്രോളിയം ഉല്‍പന്നങ്ങളുടെ വില്‍പനയും പെട്രോള്‍ പമ്പുകളുടെ വിതരണവുമൊക്കെ ഇവരാണ് നടത്തുന്നത്. പെട്രോൾ പമ്പ് തുറക്കുന്നതിനുള്ള ലൈസൻസ് ലഭിക്കുന്നതിന് ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ പുറത്തിറക്കുന്ന പരസ്യങ്ങൾ ശ്രദ്ധിക്കണം.

1000 രൂപയാണ് സാധാരണ അപേക്ഷാഫീസ്. എന്നാല്‍ ഗ്രാമങ്ങളില്‍ റീട്ടെയിലര്‍ഷിപ്പിന് 100 രൂപയാണ് അപേക്ഷാ ഫീസ്. എസ്‌സി/എസ്ടി വിഭാഗക്കാര്‍ക്ക് അപേക്ഷാഫീസില്‍ 50 ശതമാനം ഇളവുണ്ട്. ഡിമാന്‍റ് ഡ്രാഫ്റ്റായാണ് അപേക്ഷാഫീസ് അടക്കേണ്ടത്. അപേക്ഷാഫീസ് തിരിച്ചുലഭിക്കില്ല. ഒരു പ്രദേശത്തേക്ക് മാത്രമേ അപേക്ഷിക്കാന്‍ സാധിക്കൂ. സാധാരണ റീട്ടെയില്‍ ഔട്ട്‌ലെറ്റിന് അപേക്ഷകന്‍ 15 ലക്ഷം രൂപയാണ് സ്ഥിരം ഫീസായി നല്‍കേണ്ടത്. എന്നാല്‍ ഗ്രാമപ്രദേശത്ത് ഇത് അഞ്ച് ലക്ഷം രൂപയാണ്.

പമ്പ് തുടങ്ങാന്‍ കമ്പനികള്‍ ജില്ലാ കലക്ടര്‍ക്കാണ് അപേക്ഷ നല്‍കുന്നത്. അതില്‍ സര്‍വേ നമ്പര്‍, വില്ലേജ്, പ്ലാന്‍ അടക്കം ഉണ്ടാകും. ആരാണ് ഡീലര്‍ എന്നത് ലെറ്റര്‍ ഓഫ് ഇന്‍ഡന്‍ഡില്‍ രേഖപ്പെടുത്തും. കലക്ടറുടെ നിര്‍ദേശപ്രകാരം എഡിഎം ആണ് ഫയല്‍ കൈകാര്യം ചെയ്യുന്നത്. എതിര്‍പ്പില്ലാരേഖ തയ്യാറാക്കുന്നതിന് ആറ് വകുപ്പുകളില്‍നിന്ന് അദ്ദേഹം റിപ്പോര്‍ട്ട് തേടും. ജില്ലാ പൊലീസ് മേധാവി, ജില്ലാ സപ്ലൈ ഓഫീസര്‍, ആര്‍.ഡി.ഒ./സബ് കളക്ടര്‍, തദ്ദേശസ്ഥാപനം, ആഗ്‌നിരക്ഷാസേന, പൊതുമരാമത്ത് (റോഡ്സ്) വകുപ്പ് എന്നിവയിലേക്ക് അയച്ച് റിപ്പോര്‍ട്ട് ശേഖരിക്കും. പരാതിയുണ്ടെങ്കില്‍ മലിനീകരണനിയന്ത്രണ ബോര്‍ഡ് ഇടപെടും.

മൂന്നു മാസത്തിനുള്ളില്‍ എല്ലാ വകുപ്പുകളും റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിയമം. തുടര്‍ന്ന് കലക്ടറോ എഡിഎമ്മോ നേരിട്ട് സ്ഥലപരിശോധന നടത്തും. തടസങ്ങളില്ലെങ്കില്‍ എന്‍ഒസി നല്‍കും. നിരസിക്കുകയാണെങ്കില്‍ എന്തുകൊണ്ടാണെന്ന് തെളിവെടുപ്പുവെച്ച് അറിയിക്കും. എന്‍.ഒ.സി. അടക്കം പരിശോധിച്ച് ചെന്നൈയിലെ കണ്‍ട്രോളര്‍ ഓഫ് എക്സ്പ്ലോസീവാണ് പ്രവര്‍ത്തനാനുമതി നല്‍കുക.

പെട്രോൾ പമ്പിനുള്ള സർട്ടിഫിക്കറ്റുകളും അനുമതികളും

  • പെട്രോൾ പമ്പ് ബിസിനസ് പ്ലാൻ സുഗമമായി നടപ്പിലാക്കാൻ ചില സർട്ടിഫിക്കറ്റുകളും അനുമതികളും നേടേണ്ടത്
  • ലൊക്കേഷൻ്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്: പെട്രോൾ പമ്പിൻ്റെ ലൊക്കേഷൻ്റെ നിയമപരമായ അംഗീകാരം ഇത് ഉറപ്പാക്കുന്നു.
  • നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി): ലൈസൻസിംഗ് അതോറിറ്റിയിൽ നിന്ന് ക്ലിയറൻസ് നേടേണ്ടത് അത്യാവശ്യമാണ്.
  • ആവശ്യമായ അനുമതികൾ : സുരക്ഷിതവും അനുസരണമുള്ളതുമായ പ്രവർത്തനങ്ങൾക്ക് പ്രദേശത്തെ മുനിസിപ്പൽ കോർപ്പറേഷനിൽ നിന്നും ഫയർ സേഫ്റ്റി ഓഫീസിൽ നിന്നും അനുമതികൾ നേടേണ്ടത് അത്യാവശ്യമാണ്.
  • ബന്ധപ്പെട്ട അധികാരികളിൽ നിന്നുള്ള സർട്ടിഫിക്കേഷനും എൻഒസിയും: റെഗുലേറ്ററി മാനദണ്ഡങ്ങൾ പാലിക്കുന്നത് ഇവ ഉറപ്പാക്കുന്നു.

ചെലവുണ്ട് ഒരു കോടിയിലധികം രൂപ

പെട്രോള്‍ പമ്പ് തുടങ്ങാന്‍ മിനിമം ഫണ്ട് ആവശ്യമാണ്. പെട്രോള്‍ പമ്പ് തുറക്കാന്‍ 60 ലക്ഷം മുതല്‍ ഒരു കോടി രൂപാവരെ മുതല്‍മുടക്ക് വേണ്ടിവരും. ഒരു സാധാരണ ചെറിയ പമ്പ് തുറക്കാന്‍ 25 ലക്ഷം വേണം. ഗ്രാമപ്രദേശങ്ങളില്‍ ആണെങ്കില്‍ 12 ലക്ഷം രൂപയും.

നിങ്ങൾക്ക് സ്വന്തമായി ഒരു ഭൂമിയുണ്ടെങ്കിൽ നല്ലത് . ഇല്ലെങ്കിൽ, ദീർഘകാല പാട്ടത്തിന് ഭൂമി എടുത്ത് ഉടമ ഒപ്പിട്ട നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കാം. പെട്രോള്‍ പമ്പ് ഡീലര്‍മാര്‍ സ്ഥലം തെരഞ്ഞെടുക്കുന്നതാണ് പ്രധാനപ്പെട്ട നടപടി. തുറക്കാന്‍ താല്‍പ്പര്യപ്പെടുന്ന ഏരിയയില്‍ ഭൂമി സ്വന്തമായോ പാട്ടത്തിനോ എടുക്കുക. ഭൂമിയുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കുക. പെട്രോള്‍ പമ്പ് തുറക്കും മുമ്പ് ഓയില്‍ കമ്പനികള്‍ സ്ഥലം പരിശോധിക്കും. പ്രസ്തുത സ്ഥലം അനുയോജ്യമാണോ അല്ലയോ എന്ന് കമ്പനികളാണ് തീരുമാനിക്കുക.

സാമ്പത്തിക ശേഷി തെളിയിക്കാന്‍ ബോണ്ടുകള്‍, മ്യൂച്വല്‍ഫണ്ടുകള്‍, രജിസ്‌ട്രേഡ് ബാങ്കുകളിലുള്ള നിക്ഷേപങ്ങളോ പോസ്റ്റല്‍ സ്‌കീമുകളോ, നാഷണല്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്, ലിസ്റ്റഡ് കമ്പനികളിലുള്ള ഡീമാറ്റ് അക്കൗണ്ട്, 60% മൂല്യമുള്ള മ്യൂച്ചല്‍ഫണ്ടുകള്‍, ഓഹരികള്‍, ബോണ്ടുകളും മാത്രമേ യോഗ്യതയായി പരിഗണിക്കുകയുള്ളൂ.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പെട്രോള്‍ പമ്പ് തുടങ്ങാനാകുമോ?

എഡിഎമ്മിനെതിരായ കൈക്കൂലി ആരോപണത്തില്‍ പരാതിക്കാരനായ ടി.വി പ്രശാന്തന്‍ പരിയാരം മെഡിക്കല്‍ കോളജിലെ ഇലക്ട്രീഷ്യനാണ്. ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ എങ്ങനെ പമ്പിന് അപേക്ഷ നല്‍കിയെന്ന ചോദ്യവും ഉയരുന്നുണ്ട്. ഒരു സർക്കാർ ജീവനക്കാരന് ഒരു സ്വകാര്യ ബിസിനസ് നടത്താൻ അനുവാദമില്ല, ഒരു പാർട്ട് ടൈം അല്ലെങ്കിൽ ഫുൾ ടൈം ജോലിക്കാരനായി മറ്റെവിടെയെങ്കിലും ജോലി ചെയ്യാനും അനുവാദമില്ല.സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരുന്നതിനിടെ ഒരു കച്ചവട സ്ഥാപനം നടത്തുന്നതിന് നിയമപരമായി അനുവാദമില്ലാത്തത് കൊണ്ടുതന്നെ പ്രശാന്തനെ സര്‍വീസില്‍ തുടരാന്‍ അനുവദിക്കരുതെന്ന് എന്‍ജിഒ അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം പെട്രോള്‍ പമ്പുകള്‍ക്ക് എന്‍ഒസി നല്‍കുന്നതില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് ആരോപിച്ചു. വിഷയത്തില്‍ വിജിലൻസ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സംഘടന മുഖ്യമന്ത്രിക്ക് പരാതി നല്‍കി.കഴിഞ്ഞ ഏഴ് വർഷത്തിനിടെ കേരളത്തിൽ പെട്രോൾ പമ്പുകൾക്ക് നൽകിയ നിരാക്ഷേപ പത്രം (എൻഒസി) സംബന്ധിച്ച് വിജിലൻസ് അന്വേഷണം വേണമെന്നാണ് സംഘടന ആവശ്യപ്പെടുന്നത്. എൻഒസി അനുവദിക്കുന്നതിനുള്ള അധികാരം അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റുമാർക്ക് കൊടുത്തതോടെയാണ് അഴിമതി വർധിച്ചത്.

പെട്രോൾ പമ്പ് തുറക്കുന്നതിനുള്ള ലൈസൻസ് ലഭിക്കുന്നതിന് ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ പുറത്തിറക്കുന്ന പരസ്യങ്ങൾ ശ്രദ്ധിക്കണംനിബന്ധനകൾ കാറ്റിൽ പറത്തിയാണ് അനുമതി നൽകുന്നത്. 2016 മുതല്‍ ഇതുവരെ എഴുന്നൂറിലേറെ പമ്പുകൾക്ക് എൻഒസി നൽകിയിട്ടുണ്ട്. എൻഒസി ലഭിച്ചിട്ട് നിർമാണം തുടങ്ങാത്തതും എൻഒസി ലഭിക്കാത്തതുമായ നാനൂറിലേറെ കേസുകളുണ്ട്. വലിയ അഴിമതി നടക്കുന്നുണ്ടെന്നും അന്വേഷണം വേണമെന്നുമാണ് കത്തിലെ ആവശ്യം.

TAGS :

Next Story