സെക്രട്ടേറിയറ്റിന് മുന്നിൽ വീണ്ടും പിഎസ്‍സി ഉദ്യോഗാര്‍ഥികളുടെ സമരം
ഹയർസെക്കന്‍ററി സ്കൂൾ ടീച്ചർ ഇംഗ്ലീഷ് വിഭാഗം റാങ്ക് ലിസ്റ്റിലുള്ളവരാണ് അനിശ്ചിതകാല സമരം ആരംഭിച്ചത്.
സെക്രട്ടേറിയറ്റിന് മുന്നിൽ വീണ്ടും പിഎസ്‍സി ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം. ഹയർസെക്കന്‍ററി സ്കൂൾ ടീച്ചർ ഇംഗ്ലീഷ് വിഭാഗം റാങ്ക് ലിസ്റ്റിലുള്ളവരാണ് അനിശ്ചിതകാല സമരം ആരംഭിച്ചത്. തസ്തികകള്‍ വെട്ടിക്കുറക്കാതെ നിലവിലെ ലിസ്റ്റില്‍ നിന്ന് തന്നെ നിയമനം നടത്തണമെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം.
സെക്രട്ടേറിയറ്റിന് മുന്നില്‍ നടക്കുന്ന ഉദ്യോഗാര്‍ഥികളുടെ സമരം ആറാം ദിവസത്തിലേക്ക് കടന്നു. 2019 ഒക്ടോബര്‍ 10ന് 1491 പേരുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റ് കാലാവധി തീരാൻ 10 മാസം മാത്രം ബാക്കി നില്‍ക്കേ 109 പേര്‍ക്ക് മാത്രമാണ് നിയമനം ലഭിച്ചത്. ബാക്കിയുള്ള തസ്തികകള്‍ വെട്ടിച്ചുരുക്കാന്‍ ശ്രമിക്കുന്നു എന്നാണ് ഉദ്യോഗാര്‍ഥികളുടെ ആരോപണം.
മുന്‍പ് എസ്എസ്എസ്ടി ഇംഗ്ലീഷ് ജൂനിയർ, സീനിയർ തസ്തികകളിലേക്ക് ഒരുമിച്ച് പരീക്ഷ നടത്തിയിരുന്നതിനാൽ കൂടുതൽ പേർക്ക് അവസരം ലഭിച്ചിരുന്നു. എന്നാല്‍ ഈ തസ്തിക എന്‍ട്രി കേഡറായി പരിഗണിച്ച് നിലവിലെ ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളതിനാല്‍ അവസരം നഷ്ടപ്പെടുന്നുവെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉള്‍പ്പെടെ സമീപിച്ചു. ആവശ്യങ്ങള്‍ അംഗീകരിക്കും വരെയും അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകാനാണ് ഇവരുടെ തീരുമാനം.
Adjust Story Font
16