Quantcast

താമരശ്ശേരിയിൽ വൻ തീപിടിത്തം; കെട്ടിടം പൂർണമായും കത്തിയമർന്നു

കത്തിയമർന്നത് മൂന്നു സ്ഥാപനങ്ങൾ, 30 ലക്ഷം രൂപയുടെ നഷ്ടം

MediaOne Logo

Web Desk

  • Updated:

    2024-03-24 02:17:03.0

Published:

24 March 2024 2:11 AM GMT

thamarasseri fire
X

കോഴിക്കോട്: ദേശീയപാതയോരത്ത് താമരശ്ശേരി പഴയ ബസ് സ്റ്റാൻഡിന് മുൻവശത്തെ കെട്ടിടത്തിൽ വൻ തീപിടിത്തം. കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന മൂന്നു സ്ഥാപനങ്ങൾ പൂർണമായും കത്തിനശിച്ചു. പടിപ്പുരക്കൽ അനിൽകുമാർ, അജിത് കുമാർ, സച്ചിദാനന്ദൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള സരോജ് ബേക്കറി, സരോജ് സ്റ്റേഷനറി, കാബ്രോ ബേക്കറി എന്നിവയാണ് കത്തിനശിച്ചത്. 30 ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.

ശനിയാഴ്ച അർധരാത്രി 12.30ഓടെയാണ് തീ പടരുന്നത് സമീപത്തെ ഓട്ടോ തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ പൊലീസിലും ഫയർഫോഴ്സിലും വിവരമറിയിച്ചു. 20 മിനിറ്റിനകം മുക്കത്ത് നിന്നും രണ്ടു യൂനിറ്റ് ഫയർഫോഴ്‌സ് എത്തി രണ്ടു മണിക്കൂർ നേരത്തെ കഠിന പ്രയത്നത്തിന് ഒടുവിലാണ് തീയണച്ചത്. താമരശ്ശേരി പൊലീസും ഓട്ടോ തൊഴിലാളികളും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. നിരവധി തവണ കോവിലകം ക്ഷേത്രക്കുളത്തിൽനിന്നും ഫയർഫോഴ്‌സ് വെള്ളം ശേഖരിച്ചു. പുലർച്ചെ മൂന്നു മണിയോടെയാണ് തീ പൂർണമായും അണച്ചത്.

കാലപ്പഴക്കമുള്ള ഇരുനില കെട്ടിടത്തിന്റെ താഴത്തെ നിലയിൽ മാത്രമേ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുള്ളൂ. മുകളിലെത്തെ നില ഒഴിഞ്ഞുകിടക്കുകയായിരുന്നു. സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരാതിരുന്നതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവായി. ഏറെനേരം ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.

മുക്കം ഫയർ സ്റ്റേഷനിലെ ഫയർ ഓഫീസർ അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ ഗ്രേഡ് സ്റ്റേഷൻ ഓഫീസർ അബ്ദുൽ ഷുക്കൂർ, ഫയർ ഓഫീസർമാരായ അബ്ദുൽ ജലീൽ, കെ. രജീഷ്, ആർ.വി. അഖിൽ, പി. അഭിലാഷ്, ഫാസിൽ അലി, പി. നിയാസ്, കെ.ടി. ജയേഷ്, കെ.സി. അബ്ദുൽ സലീം, ഹോം ഗാർഡുമാരായ ടി. രവീന്ദ്രൻ, രാധാകൃഷ്ണൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.

താമരശ്ശേരിയിൽ ഫയർസ്റ്റേഷൻ സ്ഥാപിക്കണമെന്ന് ഏറെനാളായി നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. നിലവിൽ പ്രകൃതിദുരന്തങ്ങൾ, അഗ്നിബാധ, മറ്റു അപകടങ്ങൾ എന്നിവ ഉണ്ടാകുമ്പോൾ 15 കിലോമീറ്റർ അകലെയുള്ള മുക്കം, അല്ലെങ്കിൽ നരിക്കുനി എന്നിവിടങ്ങളിൽനിന്ന് വേണം അഗ്നിരക്ഷാ സേനയെത്താൻ. ഇതിന് 20 മിനിറ്റു മുതൽ അര മണിക്കൂർ വരെ സമയമെടുക്കം. ഇത് പലപ്പോഴും രക്ഷാപ്രവർത്തനത്തിൽ കാലതാമസം വരുത്താറുണ്ട്.

താമരശ്ശേരി ചുരത്തിൽ അപകടങ്ങൾ ഉണ്ടാവുമ്പോഴും ദൂരെ ദിക്കിൽനിന്നു വേണം ഫയർഫോഴ്സ് സ്ഥലത്തെത്താൻ. തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ അധികൃതർ കണ്ണു തുറക്കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.

TAGS :

Next Story