'വി.എസ്.എസ്.സി പരീക്ഷാ തട്ടിപ്പിനു പിന്നിൽ വൻ ശൃംഖല; ഉപയോഗിച്ചത് മൂന്ന് ഉപകരണങ്ങൾ'
''മൊബൈൽ ഫോണും ഇയർ ഫോണും പ്രത്യേകമായി തയാറാക്കിയ വ്യത്യസ്തമായൊരു ഉപകരണവുമാണ് തട്ടിപ്പിന് ഉപയോഗിച്ചത്. കാമറ വയ്ക്കാൻ പാകത്തിനാണു പ്രതികളുടെ ഷർട്ടിന്റെ ബട്ടനുകൾ തയ്ച്ചിരുന്നത്.''
തിരുവനന്തപുരം: വി.എസ്.എസ്.സി പരീക്ഷാ തട്ടിപ്പിനു പിന്നിൽ വൻ ശൃംഖലയെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച് നാഗരാജു. കൂടുതൽ അന്വേഷണത്തിനായി പ്രത്യേക സംഘം ഹരിയാനയിൽ പോകും. പിടിയിലായവർ സ്ഥിരമായി പരീക്ഷാത്തട്ടിപ്പ് നടത്തുന്നവരാണെന്നും കമ്മീഷണർ 'മീഡിയവണി'നോടു പറഞ്ഞു. ആസൂത്രണം നടന്നവയിൽ ഹരിയാന കൂടാതെയും സ്ഥലങ്ങൾ ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ മൂന്നു കേസുകളിലായി ആറുപേരാണ് അറസ്റ്റ് ചെയ്തത്. ഉദ്യോഗാർത്ഥികൾക്കു പുറമെ ഇവർക്കൊപ്പം വന്ന് ഹോട്ടലുകളിൽ തങ്ങുന്നവരും അറസ്റ്റിലായവരിലുണ്ട്. മൂന്ന് ഉപകരണങ്ങളാണ് തട്ടിപ്പിന് ഉപയോഗിച്ചത്. മൊബൈൽ ഫോണും ഇയർ ഫോണും തട്ടിപ്പിനു വേണ്ടി മാത്രം ഉപയോഗിക്കുന്ന വ്യത്യസ്തമായൊരു ഉപകരണവുമുണ്ട്. കാമറ വയ്ക്കാൻ പാകത്തിനാണു പ്രതികളുടെ ഷർട്ടിന്റെ ബട്ടനുകൾ തയ്ച്ചത്. ഇവർ സ്ഥിരമായി തട്ടിപ്പ് നടത്തുന്നവരാണെന്നു വ്യക്തമാക്കുന്നതാണ് ഇതെല്ലാമെന്ന് കമ്മിഷണർ പറഞ്ഞു.
469 ഉദ്യോഗാർത്ഥികൾ അപേക്ഷിച്ചതിൽ 85 പേർ മാത്രമാണ് ഇവരുടെ പരീക്ഷയ്ക്ക് എത്തിയത്. ഇക്കൂട്ടത്തിൽ നാല് ഉദ്യോഗാർത്ഥികളെയും ഇവരെ സഹായിക്കുന്നവരെയുമാണു പിടികൂടിയിട്ടുള്ളത്. ഹരിയാനയിൽനിന്നു വന്ന് പരീക്ഷ എഴുതിയവരുടെയെല്ലാം ഹാൾടിക്കറ്റ് വിവരങ്ങൾ ശേഖരിച്ചു. ഹരിയാനയിൽ തട്ടിപ്പ് നടത്തുന്ന ഒരു സംഘം തന്നെയുണ്ടാകാമെന്നും സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു.
പരീക്ഷ എഴുതാൻ പ്രതികൾക്ക് പണം ലഭിച്ചു. ആസൂത്രണം നടന്നവയിൽ ഹരിയാന കൂടാതെയും സ്ഥലങ്ങളുണ്ടാകാം. മറ്റു പരീക്ഷകളിലും തട്ടിപ്പ് നടന്നിരിക്കാം. മത്സരാർത്ഥികളെ കണ്ടെത്തി സേവനം വാഗ്ദാനം ചെയ്യുകയാണു സംഘം.
തട്ടിപ്പ് നടത്താൻ കോൾ സെന്റർ സംവിധാനം വരെ സംഘത്തിനുണ്ടെന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ നാഗരാജു കൂട്ടിച്ചേർത്തു.
Summary: Thiruvananthapuram City Police Commissioner CH Nagaraju said that there is a huge network behind the VSSC exam scam. A special team will go to Haryana for further investigation
Adjust Story Font
16