കടമുറി പൊളിച്ചപ്പോൾ അസ്ഥികൂടം കണ്ടെത്തിയ സംഭവം; മരിച്ചത് കൊയിലാണ്ടി സ്വദേശിയെന്ന് സൂചന
മൃതദേഹ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഒരു വാച്ചും ലഭിച്ചിരുന്നു
കോഴിക്കോട്: വടകര കുഞ്ഞിപ്പള്ളിയിൽ കണ്ടെത്തിയ മൃതദേഹ അവശിഷ്ടങ്ങൾ രണ്ട് മാസം മുമ്പ് കാണാതായ കൊയിലാണ്ടി സ്വദേശിയുടേതെന്ന് സൂചന. മൃതദേഹാവാശിഷ്ടങ്ങൾക്ക് സമീപത്ത് നിന്ന് ലഭിച്ച മൊബൈൽ ഫോണിലെ സിം നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊയിലാണ്ടി സ്വദേശിയുടേത് എന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. ഫോൺ രണ്ട് മാസമായി സ്വിച്ച് ഓഫ് ആണ്. മൃതദേഹ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഒരു വാച്ചും ലഭിച്ചിരുന്നു.
ദേശീയ പാത നിർമ്മാണത്തിനായ് കെട്ടിടം പൊളിച്ചു മാറ്റുന്നതിനിടയിലാണ് തൊഴിലാളികൾ മൃതദേഹാവാശിഷ്ടങ്ങൾ കണ്ടത്. ഒരു വർഷത്തിലധികമായി അടഞ്ഞു കിടക്കുന്ന കടമുറിയിലാണ് മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടത്. പേപ്പർ പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങൾക്കിടയിലാണ് ആദ്യം തലയോട്ടി കണ്ടത്. തുടർന്നുള്ള പരിശോധനയിലാണ് മറ്റ് ശരീരവാശിഷ്ടങ്ങൾ കണ്ടത്.
ആറ് മാസത്തിലേറെ പഴക്കമുള്ള ശരീരാവശിഷ്ടമാണെന്നാണ് പ്രാഥമിക നിഗമനം. ദേശീയ പാത നിർമ്മാണത്തിനായ് ഒരു വർഷം മുമ്പ് ഏറ്റെടുത്ത കെട്ടിടമാണിത്. മുൻവശത്തെ ഷട്ടർ അടച്ചതാണെങ്കിലും മുറിയിലേക്ക് കടക്കാൻ മറ്റ് വഴികളുണ്ട്. ചോമ്പാല പൊലീസ് , ഡോഗ് സ്കോഡും ഫോറൻസിക്ക് സംഘവും സ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു.
Adjust Story Font
16