വിനയായത് ഗൂഗിൾ മാപ്പ്; പുഴ റോഡിലെ വെള്ളക്കെട്ടെന്ന് തെറ്റിദ്ധരിച്ചു; ഡോക്ടർമാരുടെ അപകട മരണത്തിൽ വെളിപ്പെടുത്തൽ
പുഴയിലേക്ക് മുങ്ങിത്താഴ്ന്ന കാർ ഒന്നര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്
എറണാകുളം: പറവൂർ ഗോതുരുത്തിൽ അഞ്ചംഗ സംഘം സഞ്ചരിച്ചിരുന്ന കാർ പുഴയിലേക്ക് മറിഞ്ഞ് രണ്ട് ഡോക്ടർമാർ മരിച്ച സംഭവത്തിൽ വിനയായത് ഗൂഗിള്‍ മാപ്പ്. ഗോതുരുത്ത് പാലത്തിന് സമീപം എത്തിയ സംഘത്തിന് വഴിതെറ്റി കടവാതുരത്ത് എത്തുകയായിരുന്നു. ഈ പ്രദേശത്ത് നേരത്തെ മഴ പെയ്തതിനെ തുടർന്ന് വഴിയിൽ വെള്ളക്കെട്ട് ഉണ്ടായിരുന്നു. അതിനാൽ റോഡിലേക്ക് വെള്ളം കയറിയിരിക്കുകയാണെന്ന് തെറ്റിദ്ധരിച്ച് പുഴയിലേക്ക് വാഹനം ഓടിച്ച് പോവുകയായിരുന്നു.
പുഴയിലേക്ക് മുങ്ങിത്താഴ്ന്ന കാർ ഒന്നര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. മൂന്ന് ഡോക്ടർമാരും ഒരു നഴ്സും ഒരു മെഡിക്കൽ വിദ്യാർഥിയുമാണ് കാറിൽ ഉണ്ടായിരുന്നത്.
അതിവേഗത്തിലെത്തിയ കാർ പുഴയിലേക്ക് മറിയുകയായിരുന്നെന്ന് രക്ഷാപ്രവർത്തകിലൊരാള്‍ പറഞ്ഞു. കാറിലുണ്ടായിരുന്ന മൂന്ന് പേരെ രക്ഷപ്പെടുത്തിയെങ്കിലും മറ്റ് രണ്ട് പേരെ കണ്ടെത്താൻ ആയിരുന്നില്ല. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിന് ശേഷമാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. വെള്ളക്കെട്ടാണെന്ന് കരുതിയാണ് പുഴയിലേക്ക് കാർ ഓടിച്ചതെന്നാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടി രക്ഷാപ്രവർത്തകരോട് പറഞ്ഞത്.
'രാത്രി ഒരു കാർ അമിതവേഗത്തിലെത്തി പുഴയിലേക്ക് മറിയുകയായിരുന്നു. ഇത് കണ്ട് ഓടിയെത്തിയ ഞങ്ങള്‍ കാണുന്നത് ഒരു പെൺകുട്ടി മുങ്ങിത്താഴുന്നതാണ്. ഉടൻ, ഇവിടെ നിന്ന് കിട്ടിയ ഒരു കയർ ദേഹത്ത് കെട്ടി ഞങ്ങളുടെ സുഹൃത്ത് പുഴയിലേക്ക് ചാടി ആ പെൺകുട്ടിയെ രക്ഷിച്ചു. പിന്നീട് നടത്തിയ തെരച്ചിലിൽ രണ്ട് പേരെ കൂടി കണ്ടെത്തി. മരിച്ച രണ്ട് പേരെ ഞങ്ങള്‍ക്ക് കണ്ടെത്താൻ ആയിരുന്നില്ല. ഗൂഗിള്‍ മാപ്പ് നോക്കിയാണ് തങ്ങള്‍ വന്നതാണെന്നാണ് രക്ഷപ്പെട്ട പെൺകുട്ടി പറഞ്ഞത്. പുഴ കണ്ടപ്പോള്‍ റോഡിൽ വെള്ളം കെട്ടിനിൽക്കുകയാണെന്നാണ് അവർ കരുതിയത്. അത് പുഴയാണെന്ന് മനസിലായിരുന്നില്ല. അങ്ങനെയാണ് അപകടം സംഭവിക്കുന്നത്'- രക്ഷാപ്രവർത്തനം നടത്തിയ വ്യക്തി മീഡിയവണിനോട് പറഞ്ഞു.
കൊടുങ്ങല്ലൂർ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരായ അജ്മൽ, അദ്വൈത് എന്നിവരാണ് മരിച്ചത്. രക്ഷപ്പെട്ടവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഇന്നലെ രാത്രി 12:30യോടെയായിരുന്നു അപകടം.
Adjust Story Font
16