Quantcast

പ്രസവത്തെത്തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവം: ഭർത്താവ്‌ അറസ്റ്റിൽ

ഭർത്താവ്‌ നയാസിന്റെ നിർബന്ധപ്രകാരമാണ് ഷെമീറ പ്രസവശുശ്രൂഷയ്ക്ക് ആശുപത്രിയിൽ പോകാതിരുന്നതെന്നാണ് അയൽവാസികളും ആശാ വർക്കർമാരും മൊഴി നൽകിയിരുന്നത്

MediaOne Logo

Web Desk

  • Updated:

    2024-02-21 12:58:01.0

Published:

21 Feb 2024 12:04 PM GMT

Husband arrested in Thiruvananthapuram case of death of mother and child after giving birth | Nayas | shemeera
X

തിരുവനന്തപുരം: നേമം കാരയ്ക്കാമണ്ഡപത്ത് പ്രസവത്തെത്തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഭർത്താവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മരിച്ച ഷെമീറ ബീവിയുടെ ഭർത്താവ് നയാസിനെയാണ് അറസ്റ്റ് ചെയ്തത്. നേമം പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മനഃപൂർവമല്ലാത്ത നരഹത്യ, സ്ത്രീയുടെ സമ്മതമില്ലാതെ ഗർഭം അലസിപ്പിക്കൽ, ഗർഭം അലസിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ചെയ്ത പ്രവൃത്തി മൂലമുള്ള മരണം എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയത്. പ്രതിക്കെതിരെ 304, 313, 314 വകുപ്പുകളാണ് ചുമത്തിയത്. അതേസമയം, ഷെമീറ ബീവിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി. മൃതദേഹം പാലക്കാട്ടെ വീട്ടിലേക്ക് കൊണ്ടുപോയി.

സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുക്കുകയും നയാസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. നയാസിന്റെ നിർബന്ധപ്രകാരമാണ് ഷെമീറ പ്രസവശുശ്രൂഷയ്ക്ക് ആശുപത്രിയിൽ പോകാതിരുന്നതെന്നാണ് അയൽവാസികളും ആശാ വർക്കർമാരും പൊലീസിൽ മൊഴി നൽകിയിരുന്നത്.

വീട്ടിൽ നടന്ന പ്രസവത്തിനിടെ ചികിത്സ ലഭിക്കാത്തതിനെത്തുടർന്നാണ് കാരയ്ക്കാമണ്ഡപം വെള്ളായണിയിൽ വാടകക്ക് താമസിക്കുന്ന ഷെമീറ ബീവിയും നവജാത ശിശുവും മരിച്ചത്. ഇന്നലെ ഉച്ചക്കാണ് ഷെമീറയ്ക്ക് പ്രസവ വേദനയുണ്ടായയത്. അമിത രക്തസ്രാവമുണ്ടായ ഷെമീറ ബോധരഹിതയായി. ഉടൻ തന്നെ പ്രദേശവാസികൾ കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മാതാവും കുഞ്ഞും മരിച്ചിരുന്നു. അക്യുപങ്ചർ ചികിത്സയാണ് ഷെമീറയ്ക്ക് നൽകിയിരുന്നതെന്നാണ് പ്രാഥമിക വിവരമെന്ന് പൊലീസ് അറിയിച്ചു. അക്യുപങ്ചർ ചികിത്സ അറിയാവുന്ന നയാസിന്റെ ആദ്യ ഭാര്യയിലെ മകളെയും ഷെമീറയ്ക്ക് അക്യുപങ്ചർ ചികിത്സ നൽകിയ ബീമാപള്ളിയിൽ ക്ലിനിക് നടത്തുന്ന വെഞ്ഞാറന്മൂട് സ്വദേശി ഷിഹാബിനെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

വീട്ടിൽ പ്രസവിക്കാൻ നയാസ് നിർബന്ധിച്ചെന്നാണ് പൊലീസിന് ലഭിച്ച മൊഴി. ഷെമീറയെ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നയാസ് തങ്ങളോട് മോശമായി പെരുമാറിയെന്ന് ആശാവർക്കമാരും പൊലീസിനോട് പറഞ്ഞു. റെസിഡൻസ് അസോസിയേഷൻ പ്രസിഡൻറ് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഷെമീറ പാലക്കാട് സ്വദേശിനിയാണ്, നയാസ് തിരുവനന്തപുരം പൂന്തുറ സ്വദേശിയും. നയാസിന്റെ രണ്ടാം വിവാഹമാണിത്.

TAGS :

Next Story