കോട്ടയത്ത് അമ്മയുടെയും പെൺമക്കളുടെയും ആത്മഹത്യ: ഭർത്താവ് നോബി ലൂക്കോസ് റിമാൻഡിൽ
നോബിയുടെ ഭാര്യ ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് ട്രെയിനു മുന്നിൽ ചാടി ജീവനൊടുക്കിയത്

കോട്ടയം: ഏറ്റുമാനൂരിലെ അമ്മയുടെയും പെൺമക്കളുടെയും ആത്മഹത്യയിൽ ഭർത്താവ് നോബി ലൂക്കോസ് റിമാൻഡിൽ. ഏറ്റുമാനൂർ കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്. നോബിയെ കോട്ടയം ജില്ലാ ജയിലിലേക്ക് മാറ്റും. നോബിയുടെ ഭാര്യ ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് ട്രെയിനു മുന്നിൽ ചാടി ജീവനൊടുക്കിയത്.
ഷൈനിയും നോബിയും 9 മാസമായി അകന്ന് കഴിയുകയായിരുന്നു. ഇയാൾക്കെതിരെ ഷൈനി തൊടുപുഴ പൊലീസിൽ ഗാർഹീക പീഡന പരാതിയും നൽകിയിരുന്നു. കൂടാതെ വിവാഹ മോചനക്കേസും ഇരുവരും തമ്മിൽ നിലനിൽക്കുന്നുണ്ട്. ഇക്കാര്യങ്ങൾ മൂലം മാനസിക വിഷമത്തിലായിരുന്ന യുവതിയെ പ്രതി വീണ്ടും ഭീഷണിപ്പെടുത്തിയതായാണ് പൊലീസ് കണ്ടെത്തൽ. നേഴ്സായിരുന്ന ഷൈനിക്ക് ജോലി നഷ്ടമായി വരുമാനമില്ലാതായതും പ്രതിസന്ധിയായി . നോബിയുടെ സഹോദരനായ വൈദികൻ ഇടപെട്ടാണ് സഭ സ്ഥാപനങ്ങളിൽ ജോലി തടഞ്ഞതെന്ന ആക്ഷേപം ഉയർന്നിരുന്നു. സമൂഹമാധ്യമങ്ങളിൽ ഇക്കാര്യങ്ങൾ പ്രചരിച്ചതിനു പിന്നാലെയാണ് പൊലീസ് നോബിയെ അറസ്റ്റ് ചെയ്തത്.
Adjust Story Font
16