ലീഗിലെ അസംതൃപ്തരുടെ കൂട്ടായ്മയായ ഹൈദരലി തങ്ങൾ ഫൗണ്ടേഷൻ ചെയർമാനായി മുഈനലി തങ്ങൾ
ഹൈദരലി ശിഹാബ് തങ്ങളുടെ മകനായ മുഈനലി യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റാണ്. ലീഗ് മുൻ സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസയാണ് ഫൗണ്ടേഷൻ കൺവീനർ.
കോഴിക്കോട്: മുസ്‌ലിം ലീഗിലെ അസംതൃപ്തർ രൂപീകരിച്ച ഹൈദരലി തങ്ങൾ ഫൗണ്ടേഷൻ ചെയർമാനായി പാണക്കാട് സയ്യിദ് മുഈനലി തങ്ങളെ തിരഞ്ഞെടുത്തു. ഹൈദരലി ശിഹാബ് തങ്ങളുടെ മകനായ മുഈനലി യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റാണ്. ലീഗ് മുൻ സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസയാണ് ഫൗണ്ടേഷൻ കൺവീനർ. മികച്ച സാമൂഹിക പ്രവർത്തകക്കുള്ള ഫൗണ്ടേഷന്റെ പ്രഥമ ഹൈദരലി തങ്ങൾ പുരസ്‌കാരം ദയാബായിക്ക് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
മുസ്‌ലീം ലീഗിലും പോഷകസംഘടനകളിലും പാർട്ടിയുടെ അച്ചടക്കനടപടിക്ക് വിധേയരായവരും പാർട്ടിയിലെ വിവിധ പ്രശ്‌നങ്ങളെ തുടർന്ന് വിട്ടുനിൽക്കുന്നവരുമാണ് ഹൈദരലി ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ എന്ന പേരിൽ കൂട്ടായ്മ രൂപീകരിച്ചത്. എംഎസ്എഫ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ, പി.പി ഷൈജൽ, എ.പി അബ്ദുസ്സമദ് തുടങ്ങി 50 ഓളം പേരാണ് കോഴിക്കോട് ചേർന്ന യോഗത്തിൽ പങ്കെടുത്തത്.
ഇത് വിമതരുടെ യോഗമല്ലെന്നും ഹൈദരലി ശിഹാബ് തങ്ങളുടെ സ്മരണ നിലനിർത്തുന്നതിനായി രൂപീകരിക്കുന്ന കൂട്ടായ്മയാണെന്നുമാണ് നേതാക്കൾ പറയുന്നത്. ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങളും യുവാക്കൾക്ക് തൊഴിൽ പരിശീലനവും നൽകുമെന്ന് കെ.എസ് ഹംസ പറഞ്ഞു.
പാർട്ടി യോഗത്തിലെ ചർച്ചകൾ മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുക്കുന്നുവെന്ന് ആരോപിച്ചാണ് ലീഗ് സംസ്ഥാന സെക്രട്ടറിയായിരുന്ന കെ.എസ് ഹംസയെ പാർട്ടി സസ്‌പെൻഡ് ചെയ്തത്. എംഎസ്എഫിലെ സംഘടനാ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടാണ് ലത്തീഫ് തുറയൂർ, പി.പി ഷൈജൽ തുടങ്ങിയവർക്കെതിരെ ലീഗ് നേതൃത്വം നടപടിയെടുത്തത്.
Adjust Story Font
16