ജലം പുനരുപയോഗിച്ചുള്ള വൈദ്യുതി ഉൽപ്പാദനം; കെ.എസ്.ഇ.ബി നേരിട്ട് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം
പള്ളിവാസല്‍, ഇടുക്കി ബാക്ക് പമ്പ്ഡ് സ്റ്റോറേജ് പദ്ധതികള്‍ കെ.എസ്.ഇ.ബി മുഖേന നടപ്പിലാക്കിയാല്‍ മതിയെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കി
തിരുവനന്തപുരം: ഡാമിലെ ജലം പുനരുപയോഗിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന പദ്ധതികള്‍ സ്വകാര്യ മേഖലയുമായി ചേര്‍ന്ന് നടപ്പിലാക്കാനുള്ള തീരുമാനം മാറ്റി. പള്ളിവാസല്‍, ഇടുക്കി ബാക്ക് പമ്പ്ഡ് സ്റ്റോറേജ് പദ്ധതികള്‍ കെ.എസ്.ഇ.ബി മുഖേന നടപ്പിലാക്കിയാല്‍ മതിയെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. തെഹ്റി കന്പനിയുമായി ചേര്‍ന്ന് പദ്ധതി നടപ്പിലാക്കാനായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്.
വൈദ്യുതി ഉല്‍പാദിപ്പിച്ച ശേഷം പുറന്തള്ളുന്ന ജലം വീണ്ടും ശേഖരിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന രീതിയാണ് പമ്പ്ഡ് ബാക്ക് സ്റ്റോറേജ് പദ്ധതി. ഇത് നടപ്പിലാക്കിയാല്‍ വലിയ ലാഭം കെ.എസ്.ഇ.ബിക്കുണ്ടാകും. ഇടുക്കിയില്‍ 700മെഗാവാട്ടിന്റെയും പള്ളിവാസലില്‍ 600 മെഗാവാട്ടിന്റെയും പമ്പ്ഡ് ബാക്ക് സ്റ്റോറേജ് നിര്‍മിക്കാനാണ് കെഎസ്ഇബി പദ്ധതിയിട്ടിരുന്നത്. തെഹ്റി ഹൈഡ്രോ ഡവലപ്മെന്റ് കോര്‍പറേഷന്‍ ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിയുമായി സംക്തസംരഭം എന്ന രീതിയില്‍ പദ്ധതി നടപ്പിലാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
ഇടുക്കി, പള്ളിവാസല്‍ പമ്പ്ഡ് ബാക്ക് സ്റ്റോറേജ് പദ്ധതികള്‍ക്കൊപ്പം ഇടമലയാര്‍ സ്റ്റോറേജ് പദ്ധതിയുടെയും ഡിപിആര്‍ കെഎസ്ഇബി ഉടന്‍ തയാറാക്കും. ഇതോടൊപ്പം 800 മെഗാ വാട്ടിന്റെ ഇടുക്കി രണ്ടാം ഘട്ടവും 240 മെഗാ വാട്ടിന്റെ ലച്ച്മി ജലവൈദ്യുത പദ്ധതിയും നടപ്പിലാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കെഎസ്ഇബി ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.
Adjust Story Font
16