സി.പി.എം വേദി പങ്കിടുന്ന ആദ്യത്തെ കോൺഗ്രസ് നേതാവല്ല ഞാന്‍; കെ.വി തോമസ്
കണ്ണൂരിലേക്ക് എപ്പോൾ പോകണമെന്ന് തീരുമാനിച്ചിട്ടില്ല
കൊച്ചി: പാർട്ടി കോൺഗ്രസിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കുമെന്ന നിലപാടിലുറച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി തോമസ്. സി.പി.എം വേദി പങ്കിടുന്ന ആദ്യത്തെ കോൺഗ്രസ് നേതാവല്ല താൻ. കണ്ണൂരിലേക്ക് എപ്പോൾ പോകണമെന്ന് തീരുമാനിച്ചിട്ടില്ല. ഡൽഹിയിൽ നിന്ന് നേതാക്കൾ വിളിച്ചെന്നും തോമസ് പറഞ്ഞു.
അതേസമയം പാർട്ടി വിലക്ക് ലംഘിച്ച് സി.പി.എം സെമിനാറിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ച തോമസിനെതിരെ എന്തു നടപടി എടുക്കണമെന്ന കാര്യത്തിൽ കെ.പി.സി.സി നേതൃത്വത്തിൽ ചർച്ചകൾ സജീവമാണ്. സസ്പെൻഷനടക്കമുള്ള നടപടികൾ ഒരു വിഭാഗം നേതാക്കൾ മുന്നോട്ട് വയ്ക്കുമ്പോൾ കെ.വി തോമസിനെ അവഗണിക്കണമെന്ന നിലപാടും മറ്റൊരു വിഭാഗം ശക്തമായി ഉയർത്തുന്നുണ്ട്. മുതിർന്ന നേതാക്കളടക്കമുള്ളവരുമായി ആലോചിച്ച് യോജിച്ച തീരുമാനം എടുക്കാമെന്ന നിലപാടിലാണ് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ.
കോൺഗ്രസിനെതിരെ രൂക്ഷമായ ആരോപണങ്ങളുടയും കടുത്ത വിമർശനങ്ങളുടെയും അകമ്പടിയോടെയാണ് കെ.വി തോമസ് ഇന്നലെ നിലപാട് പ്രഖ്യാപിച്ചത്. കോൺഗ്രസിൽ ഉറച്ചുനിൽക്കുന്നുവെന്ന് ആവർത്തിക്കുമ്പോഴും ഹൈക്കമാന്‍ഡിനെയടക്കം തോമസ് വെറുതെവിട്ടില്ല. ഒന്നര വർഷമായി പദവിക്കായി കാത്തിരിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Adjust Story Font
16