Quantcast

"വർഗീസ് കൊലക്കേസിൽ ഐ.ജി ലക്ഷ്മണ നിരപരാധിയാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല": ലക്ഷ്മണയുടെ പേരമകന്‍

ഉമ്മന്‍ ചാണ്ടി സർക്കാറിന്‍റെ ഉത്തരവിനെതിരെ രാഷ്ട്രീയ പ്രതിഷേധമോ പ്രതിരോധമോ ഉണ്ടാകില്ലെന്ന ഉറപ്പ് അന്ന് പ്രതിപക്ഷത്തായിരുന്ന ഇടത് മുന്നണിയുടെ ഏറ്റവും മുകൾ തട്ടിലെ സമുന്നതരായ നേതാക്കൾ നൽകിയിരുന്നതായി അനന്തു

MediaOne Logo

ijas

  • Updated:

    2022-01-26 14:37:23.0

Published:

26 Jan 2022 2:26 PM GMT

വർഗീസ് കൊലക്കേസിൽ ഐ.ജി ലക്ഷ്മണ നിരപരാധിയാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല: ലക്ഷ്മണയുടെ പേരമകന്‍
X

നക്സല്‍ വര്‍ഗീസ് കൊലക്കേസില്‍ ഐ.ജി ലക്ഷ്മണ നിരപരാധിയാണെന്ന് വിശ്വസിക്കുന്നില്ലെന്ന് ലക്ഷ്മണയുടെ പേരമകനും സുരേഷ്കുമാര്‍ ഐ.എ.എഎസിന്‍റെ മകനുമായ അനന്തു ശ്രീകുമാര്‍. ജീവനോടെ പിടിച്ച നിരായുധനായ ഒരു മനുഷ്യനെ മറ്റൊരു നിരപരാധിയായ വ്യക്തിയെ ഭീഷണിപ്പെടുത്തി പച്ചക്ക് വെടി വെച്ച് കൊല്ലിക്കുന്നത് ഒരു ധീരതയാണ് എന്ന് വിശ്വസിക്കുന്നില്ലെന്നും അങ്ങനെ നടപ്പാക്കേണ്ടതാണ് നിയമമെന്ന് കരുതുന്നില്ലെന്നും അനന്തു ശ്രീകുമാര്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അനന്തു നക്സല്‍ വധവും കേസില്‍ തടവിലായ മുത്തച്ഛന്‍ ഐ.ജി ലക്ഷ്മണയെയും ഓര്‍ത്തെടുത്തത്. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് അനന്തുവിന്‍റെ തുറന്നുപറച്ചില്‍.

സുപ്രീം കോടതി കുറ്റവാളിയായി വിധിയെഴുതി തടവ് ശിക്ഷക്ക് വിധിച്ച ഐ.ജി ലക്ഷ്മണ മൂന്നര വർഷത്തിന് ശേഷം പുറത്ത് ഇറങ്ങിയത് ജീവപര്യന്തം തടവുശിക്ഷയിൽ നിന്ന് കുറ്റവിമുക്തനായിട്ടല്ലെന്നും അന്നത്തെ ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ പ്രത്യേക താല്പര്യപ്രകാരം 75 വയസ്സിന് മുകളിൽ പ്രായമുള്ള തടവുകാരെ വിട്ടയക്കാനുള്ള സർക്കാരിന്‍റെ പ്രത്യേക അധികാരങ്ങൾ ഉപയോഗിച്ചുള്ള പ്രത്യേക ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ആയിരുന്നു ആ പുറത്തിറങ്ങല്‍ എന്നും അനന്തു പറഞ്ഞു. ആ സർക്കാർ ഉത്തരവിനെതിരെ രാഷ്ട്രീയ പ്രതിഷേധമോ പ്രതിരോധമോ ഉണ്ടാകില്ലെന്ന ഉറപ്പ് അന്ന് പ്രതിപക്ഷത്തായിരുന്ന ഇടത് മുന്നണിയുടെ ഏറ്റവും മുകൾ തട്ടിലെ സമുന്നതരായ നേതാക്കൾ നൽകിയിരുന്നതായും അനന്തു വെളിപ്പെടുത്തി.

അടിയന്താവസ്ഥയിലെ രാജന്‍ സംഭവത്തിനുശേഷം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വിചാരണ നേരിട്ട രണ്ടാമത്തെ കൊലക്കേസാണ് നക്‌സലൈറ്റ് വര്‍ഗീസ് വധക്കേസ്. 1970 ഫെബ്രുവരി 18ന് വൈകുന്നേരം തിരുനെല്ലി വനത്തിലാണ് വര്‍ഗീസ് വെടിയേറ്റു മരിച്ചത്. വർഗീസിനെ വെടിവച്ചുകൊന്ന കോൺസ്റ്റബിൾ രാമചന്ദ്രൻ നായർ 1998ൽ നടത്തിയ വെളിപ്പെടുത്തലോടെയാണ് മുൻ ഐജി ലക്ഷ്മണ കേസിൽ പ്രതിയായത്. വെടിയുതിര്‍ത്ത കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായര്‍, കൊലപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയതായി പറയുന്ന മുന്‍ ഐ.ജി കെ. ലക്ഷ്മണ, മുന്‍ ഡിജിപി വിജയന്‍ എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും പ്രതികള്‍. 12 വർഷത്തെ സിബിഐ അന്വേഷണത്തിനൊടുവിൽ 2010ൽ ശിക്ഷ വിധിച്ചു. ജീവപര്യന്തം ലഭിച്ച് ലക്ഷ്മണ ജയിലിലായി. അപ്പീൽ പരിഗണിച്ച ഹൈക്കോടതിയും ശിക്ഷ ശരിവച്ചതോടെ സുപ്രീംകോടതിയെ സമീപിച്ചു. എന്നാല്‍, അപ്പീൽ സുപ്രീം കോടതി പരിഗണിക്കും മുൻപേ പ്രതിയുടെ ശിക്ഷ സർക്കാർ ഇളവുചെയ്തു.

അനന്തു സുരേഷ് കുമാറിന്‍റെ വാക്കുകള്‍:

ദിലീപ് കുറ്റക്കാരനാണോ അല്ലയോ എന്ന് പറയാൻ ഞാൻ ആളല്ല. പക്ഷെ ബാലചന്ദ്രകുമാർ ഇത്ര വൈകി ചില വെളിപ്പെടത്തലുകൾ നടത്തിയത് അയാൾ ഒരു ഫ്രോഡ് ആയത് കൊണ്ടല്ലേ എന്ന ചോദ്യത്തിന് മറുപടി പറയാൻ എനിക്ക് വളരെ ചെറിയ ഒരു അവകാശമുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. നക്സലൈറ്റ് വർഗീസ്‌ കൊലക്കേസിൽ കുറ്റക്കാരൻ എന്ന് കണ്ടെത്തി സംഭവം നടന്ന് 40 വർഷങ്ങൾക്ക് ശേഷം കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച മുൻ ഐ.ജി കെ ലക്ഷ്മണ എന്‍റെ മുത്തച്ഛനാണ്‌, അമ്മയുടെ അച്ഛൻ. അദ്ദേഹത്തിന് ശിക്ഷ ലഭിക്കാൻ വഴിത്തിരിവായത് സംഭവം നടന്ന് 28 വർഷങ്ങൾക്ക് ശേഷം രാമചന്ദ്രൻ നായർ എന്ന പൊലീസ് കോൺസ്റ്റബിൾ ആയിരുന്ന ഒരു വ്യക്തിയുടെ വെളിപ്പെടുത്തലുകളുടെയും ശക്തമായ മൊഴിയുടെയും അടിസ്ഥാനത്തിൽ ആയിരുന്നു. രാമചന്ദ്രൻ നായരുടെ മരണത്തിന് ശേഷവും ഹനീഫ് എന്ന മറ്റൊരു സാദാ പൊലീസുകാരൻ അദ്ദേഹത്തിന്‍റെ മൊഴിയിൽ വർഷങ്ങളോളം അടിയുറച്ച് നിന്നത് കൊണ്ടാണ് ഐ.ജി ആയിരുന്ന ലക്ഷ്മണ ശിക്ഷിക്കപ്പെട്ടതും മൂന്നര കൊല്ലത്തോളം പൂജപ്പുര സെൻട്രൽ ജയിലിൽ കിടന്നതും. കൊലപാതകത്തിന്‍റെ ജീവിച്ചിരിക്കുന്ന ഏക ദൃക്‌സാക്ഷി ആയിരുന്നു ഹനീഫ്. മുൻ ഐ.ജി ലക്ഷ്മണ കുറ്റക്കാരൻ ആണ് എന്ന സി.ബി.ഐ കോടതി വിധിക്കെതിരെ സുപ്രീം കോടതി വരെ കേസ് നടത്തിയിട്ടും അദ്ദേഹം കുറ്റക്കാരൻ തന്നെയാണ് എന്നതായിരുന്നു അവസാന വിധി. തടവ് ശിക്ഷ തുടങ്ങി മൂന്നര വർഷത്തിന് ശേഷം അദ്ദേഹം പുറത്ത് ഇറങ്ങിയത് ജീവപര്യന്തം തടവുശിക്ഷയിൽ നിന്ന് കുറ്റവിമുക്തനായിട്ടല്ല, അന്നത്തെ ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ പ്രത്യേക താല്‍പര്യപ്രകാരം 75 വയസ്സിന് മുകളിൽ പ്രായമുള്ള തടവുകാരെ വിട്ടയക്കാനുള്ള സർക്കാരിന്‍റെ പ്രത്യേക അധികാരങ്ങൾ ഉപയോഗിച്ചുള്ള പ്രത്യേക ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ആയിരുന്നു അത്. ആ സർക്കാർ ഉത്തരവിനെതിരെ രാഷ്ട്രീയ പ്രതിഷേധമോ പ്രതിരോധമോ ഉണ്ടാകില്ല എന്ന ഉറപ്പ് അന്ന് പ്രതിപക്ഷത്തായിരുന്ന ഇടത് മുന്നണിയുടെ ഏറ്റവും മുകൾ തട്ടിലെ സമുന്നതരായ നേതാക്കൾ നൽകിയിരുന്നു എന്ന യാഥാർഥ്യം എനിക്ക് വ്യക്തിപരമായി നേരിട്ട് ബോധ്യമുള്ള കാര്യമാണ്. ലക്ഷമണ കുറ്റകാരൻ ആണോ അല്ലയോ എന്ന് എന്നോട് ചോദിച്ചാൽ, ഞാൻ ജനിച്ചപ്പോൾ മുതൽ കണ്ടുതുടങ്ങിയ എന്‍റെ മുത്തച്ഛന് ജയിലിൽ കിടന്ന് മരിക്കേണ്ട ഗതികേട് ഉണ്ടായില്ലല്ലോ എന്ന് ഓർക്കുമ്പോൾ ഒരു ചെറിയ ആശ്വാസം ഉള്ളിൽ ഉണ്ടെങ്കിലും, അദ്ദേഹം വർഗ്ഗീസ് കൊലക്കേസിൽ നിരപരാധിയാണ് എന്ന് ഞാൻ വിശ്വസിക്കുന്നില്ല എന്നത് തന്നെയാണ് ഉത്തരം.

ഇനി ദിലീപ് വിഷയം. കേസ് നടത്താൻ കെൽപ്പില്ലാത്ത ഒരു പട്ടിണി പാവം അല്ല ദിലീപ്. അദ്ദേഹം നിരപരാധി ആണെങ്കിൽ അത് തെളിയിക്കാൻ ഏത് ആറ്റവും വരെ പോകാനുള്ള പണവും സ്വാധീനവും കാര്യപ്രാപ്തിയും ബുദ്ധിയും മിടുക്കും ദിലീപിനുണ്ട് എന്ന് കേരളത്തിന് മുഴുവൻ അറിയാം. നടക്കുന്ന നിയമ പോരാട്ടങ്ങളെ മറ്റെല്ലാ മലയാളികളെയും പോലെ ഞാനും സസൂക്ഷ്മം നോക്കി കാണുന്നു. വരാൻ പോകുന്ന കോടതി വിധി ദിലീപ് കുറ്റക്കാരൻ ആണെന്നോ അല്ലായെന്നോ ആണെങ്കിലും ഈ ക്രൂരമായ കുറ്റകൃത്യം നടന്നതിന് ശേഷം ദിലീപിൽ നിന്ന് നേരിട്ടും അദ്ദേഹത്തിന്‍റെ അനുയായികളിൽ നിന്നും ഉണ്ടായ പല പ്രതികരണങ്ങളും പ്രവർത്തികളും ശുദ്ധ ആഭാസമായിരുന്നു എന്ന അഭിപ്രായമാണ് എനിക്ക് ഉള്ളത്. ജയിലിൽ ആവുന്നതിന് തൊട്ടു മുൻപ് ദിലീപ് നൽകിയ അഭിമുഖങ്ങളിൽ ആക്രമിക്കപ്പെട്ട നടിയെ വളരെ ക്രൂരമായി പരിഹസിക്കുന്നതും വ്യക്തിഹത്യ നടത്തി സംശയത്തിന്‍റെ നിഴലിൽ നിർത്താൻ ശ്രമിച്ചതും ഇന്നും ആർക്ക് വേണമെങ്കിലും യൂട്യൂബിൽ കാണാവുന്നതെ ഉള്ളു. അന്ന് മുതൽ ഇന്ന് വരെ ദിലീപ് അനുകൂലികൾ ആയ പല നടന്മാരും, നിർമ്മാതാക്കളും, മറ്റ് സിനിമാക്കാരും രാഷ്രീയക്കാരും പറഞ്ഞ് കൂട്ടിയ മുഴുവൻ പുലഭ്യങ്ങളും കേരളം മുഴുവൻ കേട്ടിട്ടുള്ളതാണ്. അത്ഭുതപ്പെടുത്തുന്ന ഒരു കാര്യം, ദിലീപ് അറസ്റ്റിൽ ആയപ്പോൾ ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടിയുള്ള ആത്മരോഷത്താൽ അദ്ദേഹത്തിന്‍റെ ഹോട്ടലും തിയേറ്ററും തല്ലി തകർക്കുകയും അദ്ദേഹത്തിന്‍റെ കോലം കത്തിക്കുകയും അതിനെയൊക്കെ രോമാഞ്ചത്തോടെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്ത കേരള മനസാക്ഷി കഴിഞ്ഞ ദിവസം നീട്ടി വലിച്ച് കോട്ടുവായ് ഇടുകയായിരുന്നു ശ്രീ പി.സി ജോർജ് ഒരു ടെലിവിഷൻ ചർച്ചയിൽ തത്സമയം 'ഈ വിഷയത്തിൽ സുഖം കിട്ടിയത് പൾസർ സുനിക്കും ആ നടിക്കും മാത്രമാണ്' എന്ന് പറഞ്ഞത് കേട്ടപ്പോഴും എന്നതാണ്. അവളോടൊപ്പമാണ് എന്ന് വീണ്ടും വീണ്ടും വീണ്ടും ആവർത്തിക്കുന്ന ഒരു സിനിമ-സാംസ്‌കാരിക-മാധ്യമ-സാമൂഹിക-രാഷ്ട്രീയ സൂപ്പർ താരങ്ങളെയും കണ്ടില്ല പി.സി ജോർജ് പറഞ്ഞ ആ തല്ലുകൊള്ളിത്തരത്തിനെതിരെ ഒരു വാക്ക് കൊണ്ടെങ്കിലും പ്രതിഷേധ ശബ്ദമുയർത്താൻ. ഈ മൃഗീയ പൈശാചിക പിതൃശൂന്യ കുറ്റകൃത്യ കേസിൽ അവനോടൊപ്പമാണോ അവളോടൊപ്പമാണോ എന്ന് ചോദിച്ചാൽ ഒരൊറ്റ ഉത്തരമേ ഉള്ളു. അവളോടൊപ്പം.. അവളോടൊപ്പം മാത്രം !

TAGS :

Next Story