'എനിക്ക് ഉപ്പയും ഉമ്മയുമില്ല... തെരുവിൽ പാടുന്നത് ഇഷ്ടമുണ്ടായിട്ടല്ല...' പൊട്ടിക്കരഞ്ഞ് ഫൗസിയ
തെരുവില്‍ പാട്ട് പാടുന്ന ആതിരയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു
മലപ്പുറം: തെരുവിൽ പാട്ടുപാടി വൈറലായ ആതിര എന്ന പെൺകുട്ടിയുടെ വാർത്തകളിൽ തന്നെക്കുറിച്ച് സത്യവിരുദ്ധമായ കാര്യങ്ങളാണ് പ്രചരിക്കുന്നതെന്ന് പാട്ടുവണ്ടിയുടെ ഉടമ ഫൗസിയ. താൻ അന്ധനായ ഭർത്താവിനും കൈക്കുഞ്ഞിനുമൊപ്പമാണ് തെരുവിൽ പാട്ടു പാടുന്നതെന്നാണ് സമൂഹമാധ്യമങ്ങിൽ പ്രചരിക്കുന്നതെന്ന് ഫൗസിയ പറഞ്ഞു.
'എൻറെ ഭർത്താവ് അന്ധനല്ല. എന്റെ കുഞ്ഞിന് നാല് വയസുണ്ട്. കൈക്കുഞ്ഞുമായല്ല ഞാൻ പാട്ട് പാടുന്നത്. എനിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കിലും ചികിത്സ സഹായം തേടി ഞാൻ പാട്ടുപാടാറില്ല. ഞാൻ കിടപ്പുരോഗിയാണ് എന്നൊക്കെയാണ് പ്രചാരണം. വർഷങ്ങളായി തെരുവിൽ പാട്ടുപാടിയാണ് ഞാൻ ജീവിക്കുന്നത്. പോത്തുകല്ലിൽ പാട്ടുപാടുന്നതിനിടെ പരിസരത്തെ ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന പെൺകുട്ടി ആതിര പാടട്ടെ എന്ന് ചോദിച്ചു. അവർക്ക് അവസരം കൊടുത്തു. അവൾ പാടിയ പാട്ട് വൈറലായി. അതിൽ സന്തോഷമേയുള്ളൂ. ഇതോടനുബന്ധിച്ച് യൂട്യൂബ് ചാനലുകളിലും മറ്റും പ്രചരിക്കുന്ന കഥ തീർത്തും തെറ്റാണ്'. ഫൌസിയ പറഞ്ഞു.
ചികിത്സാ സഹായം തേടി ഞാൻ പാട്ടുപാടി ക്ഷീണിതയായപ്പോൾ ആതിര വന്നു പാടി സഹായിച്ചു്. ആ കുട്ടിക്ക് പണവും വീടുമെല്ലാം ലഭിക്കുന്നതിൽ സന്തോഷമേയുള്ളൂ. പക്ഷേ അതിന് എന്തിനാണ് എന്നെ ഇത്തരത്തിൽ അപമാനിക്കുന്നത്. ചില യൂട്യൂബ് ചാനലുകൾ എന്നെ വെച്ച് അവർ റീച്ച് കൂട്ടാനാണ് ശ്രമിക്കുന്നത്. വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ചപ്പോൾ ഞാൻ അവരോട് അത് ഡിലീറ്റ് ചെയ്യാൻ പറഞ്ഞു. എന്നാൽ അവർ എന്നെ ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്. തെരുവിൽ പാടുമ്പോൾ ആളുകൾ എന്റെ അന്ധനായ ഭർത്താവ് എവിടെ എന്ന് ചോദിക്കുന്നു. ഞാൻ കള്ളം പറയുന്നു എന്നാണ് ആളുകളുടെ വിചാരം. ഇതുകൊണ്ട് തന്നെ പല സ്ഥലങ്ങളിലും പാടുമ്പോൾ എനിക്ക് പിന്തുണ കിട്ടുന്നില്ല'. തനിക്കെതിരായ തെറ്റായ പ്രചാരണങ്ങൾക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുന്നും ഫൗസിയ പറഞ്ഞു.
Adjust Story Font
16