ഉമർ ഫൈസിയെ പിന്തുണച്ച പ്രസ്താവനയുമായി ബന്ധമില്ലെന്ന് സമസ്ത മുശാവറ അംഗം യു.എം അബ്ദുറഹ്മാൻ മുസ്‌ലിയാർ
സാദിഖലി ശിഹാബ് തങ്ങളെ വിമർശിച്ച ഉമർ ഫൈസിയെ സമസ്ത നേതൃത്വം തള്ളിപ്പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ രാത്രി സമസ്ത മുശാവറ അംഗങ്ങളുടെ പേരിൽ ഉമർ ഫൈസിയെ പിന്തുണച്ചുകൊണ്ടുള്ള പ്രസ്താവന പുറത്തിറങ്ങിയത്.
കോഴിക്കോട്: ഉമർ ഫൈസി മുക്കത്തെ പിന്തുണച്ച പ്രസ്താവനയുമായി ബന്ധമില്ലെന്ന് സമസ്ത മുശാവറ അംഗം യു.എം അബ്ദുറഹ്മാൻ മുസ്‌ലിയാർ. ഉമർ ഫൈസിയുമായി ബന്ധപ്പെട്ട പല വാർത്തകളിലും തന്റെ പേര് കാണുന്നുണ്ട്. ഉമർ ഫൈസി എന്ത് പ്രസംഗിച്ചു? എന്തിന് പ്രസംഗിച്ചു? എന്നത് സംബന്ധിച്ച് എനിക്കറിയില്ല. അദ്ദേഹത്തിന്റെ പ്രസംഗത്തെ ന്യായീകരിച്ച് മുശാവറ അംഗങ്ങളുടെ പേര് വന്നതിൽ തന്റെ പേരുമുണ്ട്. അതിൽ തനിക്ക് പങ്കില്ലെന്നും അബ്ദുറഹ്മാൻ മുസ്‌ലിയാർ വ്യക്തമാക്കി.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ വിമർശിച്ച ഉമർ ഫൈസിയെ സമസ്ത നേതൃത്വം തള്ളിപ്പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ രാത്രി സമസ്ത മുശാവറ അംഗങ്ങളുടെ പേരിൽ ഉമർ ഫൈസിയെ പിന്തുണച്ചുകൊണ്ടുള്ള പ്രസ്താവന പുറത്തിറങ്ങിയത്. മതവിധി പറഞ്ഞതിന് പണ്ഡിതൻമാരെ വേട്ടയാടുകയാണെന്ന് പ്രസ്താവനയിൽ ആരോപിച്ചിരുന്നു. ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം ജിഫ്രി തങ്ങൾക്കെതിരെ നടത്തിയ വിമർശനവും സിഐസി വിഷയത്തിൽ സാദിഖലി തങ്ങൾ എടുത്ത നിലപാടിനെയും പ്രസ്താവനയിൽ വിമർശിച്ചിരുന്നു.
മുശാവറ അംഗങ്ങളായ യു.എം അബ്ദുറഹ്മാൻ മുസ് ലിയാർ, വാക്കോട് മൊയ്തീൻ കുട്ടി ഫൈസി, എ.വി അബ്ദുറഹ്മാൻ മുസ് ലിയാർ, ഒളവണ്ണ അബൂബക്കർ ദാരിമി, പി.എം അബ്ദുസ്സലാം ബാഖവി വടക്കേക്കാട്, ഐ.ബി ഉസ്മാൻ ഫൈസി എറണാകുളം, ബി.കെ അബ്ദുൽ ഖാദർ മുസ് ലിയാർ ബംബ്രാണ, അബ്ദുസലാം ദാരിമി ആലമ്പാടി, ഉസ്മാനുൽ ഫൈസി തോടാർ എന്നിവരുടെ പേരിലായിരുന്നു പ്രസ്താവന പുറത്തുവന്നത്. ഇതിൽ അബ്ദുറഹ്മാൻ മുസ്‌ലിയാരാണ് പ്രസ്താവനയുമായി ബന്ധമില്ലെന്ന് വ്യക്തമാക്കി രംഗത്തുവന്നിരിക്കുന്നത്.
Adjust Story Font
16